ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയോ? സത്യമറിയാം | Fact Check

Mail This Article
വളരെ വലുപ്പമേറിയ വയറുമായി ഒരു സ്ത്രീ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ഒൻപതു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഈ വിഡിയോയുടെ സത്യമറിയാം.
∙ അന്വേഷണം
9 മാസം 9 കുഞ്ഞുങ്ങളോടൊപ്പം ജീവിക്കുക! അമ്മമാർ അതിശയകരമാണ് എന്നാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്ന വാചകം. കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, Smalljoys.tv എന്ന വെബ്‌സൈറ്റിൽ ഹുവാങ് ഗ്വോക്സിയൻ എന്ന ചൈനീസ് യുവതിയുടെ വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. വൈറൽ വിഡിയോയിലുള്ള യുവതിയെക്കുറിച്ചാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് വിഡിയോയിലെ സ്ത്രീക്ക് ഒവേറിയൻ കാൻസർ ബാധിച്ചതാണെന്ന് ഞങ്ങൾക്ക് വ്യക്തമായി.

44 പൗണ്ട് ഭാരമുള്ള വയറ് വളരുന്ന അവസ്ഥയാണ് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ ബാധിച്ചത്. ഞങ്ങൾക്ക് ലഭിച്ച മറ്റൊരു റിപ്പോർട്ടിൽ ഒരു തരം അണ്ഡാശയ അർബുദമായ ടെർമിനൽ കാൻസർ മൂലം കർഷകയായ ഹുവാങ് ഗ്വോക്സിയന്റെ വയറ് രണ്ട് വർഷത്തിനുള്ളിൽ വലുതായതായും ഫണ്ട് സമാഹരണത്തിലൂടെ പതിനഞ്ചോളം ഡോക്ടർമാരുടെ നേതത്വത്തിൽ മുഴകളും ദ്രാവകവും നീക്കം ചെയ്യുന്നതിനുള്ള അപകടസാധ്യതയുള്ള ശസ്ത്രക്രിയ നടന്നതായും റിപ്പോർട്ടിലുണ്ട്. ഹുവാങ്ങിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒൻപതു കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മയുടെ ചിത്രമെന്ന തെറ്റായ അവകാശവാദങ്ങളോടെയാണ് വൈറലായ വിഡിയോ ഷെയർ ചെയ്യുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമായി. എന്നിരുന്നാലും ഒൻപതു കുഞ്ഞുങ്ങൾക്ക് ഒറ്റ പ്രസവത്തിൽ ജന്മം നൽകിയ സംഭവങ്ങളും വാർത്തയായിട്ടുണ്ട്.
വസ്തുത
കാൻസർ ബാധിച്ച് വയറ് വികസിച്ച ചൈനീസ് സ്ത്രീയുടെ ദൃശ്യങ്ങളാണ് ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങളെ പ്രസവിച്ചതായുള്ള അവകാശവാദവുമായി പ്രചരിച്ചത്. വിഡിയോയിലെ ആ അവകാശവാദം തെറ്റാണ്.
English Summary: Woman diagnosed with ovarian cancer shared with a false narrative that she gave birth to nine babies - Fact Check