റോഡിലെ അഗാധമായ വെള്ളക്കുഴിയിൽ വീണ ബൈക്ക് യാത്രികർ! വെള്ളക്കെട്ട് കേരളത്തിലോ? വാസ്തവമറിയാം | Fact Check

Mail This Article
മഴക്കുഴിയും റോഡുകളും വെള്ളക്കെട്ടുകളും കേരളത്തിൽ എന്നും ചർച്ചയാകാറുണ്ട്. റോഡിന് നടുവിലെ വെള്ളക്കെട്ടിലേക്ക് ബൈക്ക് യാത്രികർ വീഴുന്നതിന്റെ ഒരു വിഡിയോ കേരളത്തിലേതെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരായ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
മഴയാണ് സൂക്ഷിച്ചു യാത്ര ചെയ്യുക. ഇത് കേരളമാണ്, എന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്. ഈ വിഡിയോയുടെ വിവിധ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വിഡിയോയുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സ്കൂളിലേക്ക് പോവുകയായിരുന്ന അച്ഛനും മകളും ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിലേക്കാണ് പതിച്ചത്. സെപ്റ്റംബർ 19ന് നടന്ന അപകടം ശ്രീലങ്കയിലെ ഗൊതാട്ടുവയിലെ ദൊഡംഗഹഹേന റോഡിലാണ് നടന്നതെന്നും ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ സഹായിച്ചതിനാൽ വലിയ അപകടം ഒഴിവായി എന്നും ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിഡിയോയിൽ കാണുന്ന ചുവന്ന ഒാട്ടോറിക്ഷ കേരളത്തിലേതല്ല. ഈ നിറത്തിലുള്ള ഓട്ടോറിക്ഷകൾ ശ്രീലങ്കയിലാണെന്നും തിരച്ചിലിൽ വ്യക്തമായി.
∙ വസ്തുത
കേരളത്തിലെ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികർ വീണതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ശ്രീലങ്കയിലെ ഗൊതാട്ടുവയിലെ ദൊഡംഗഹഹേന റോഡിലാണ് സംഭവം നടന്നത്.
English Summary:A father and daughter narrowly escaped From a Sink Hole In Road