ADVERTISEMENT

മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം കുട്ടികൾക്ക് ഹാനികരമാണെന്ന് നിരവധി പഠനങ്ങൾ വിശദമാക്കുന്നുണ്ട്.  കുട്ടികൾ മൊബൈൽ ഫോൺ പോലുള്ള ആധുനിക ഉപകരണങ്ങളുടെ അടിമകളാകാതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും മസ്തിഷ്ക കോശങ്ങൾ നശിച്ച്  ജീവനും മരണവുമായി മല്ലിടുന്ന കുട്ടി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക്സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

‘മൊബൈൽ ഫോണിന്റെയും ലാപ് ടോപ്പിന്റെയും ഇൻറർനെറ്റിന്റെയും ഒക്കെ അമിത ഉപയോഗം മൂലം മസ്തിഷ്ക കോശങ്ങൾ നശിച്ച് ഇപ്പോൾ ജീവനും മരണവുമായി മല്ലിടുകയാണ് ഈ കൊച്ചു മിടുക്കൻ.   കുട്ടികൾ മൊബൈൽ ഫോൺ പോലുള്ള ആധുനിക  ഉപകരണങ്ങളുടെ അടിമകളാകാതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ സർവ്വശക്തനായ ഈശ്വരൻ വിചാരിച്ചാൽ പോലും നമ്മുടെ കുട്ടികളെ ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.’ – ഇങ്ങനെയാണ്  വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

വിഡിയോ കീഫ്രെയിമുകളാക്കി റിവേഴ്സ് ഇമേജിലൂടെ തിരഞ്ഞപ്പോൾ നിരവധി സമൂഹ മാധ്യമ പേജുകളിൽ ഇതേ വിഡിയോ കണ്ടെത്തി.

അതിൽ നിന്ന് ലഭ്യമായ സൂചനകളിൽ നിന്ന് തിരഞ്ഞപ്പോൾ ലഭിച്ച മറ്റൊരു റിപ്പോർട്ടിൽ വൈറൽ വിഡിയോയിലുള്ള കുട്ടി  PTI (പാകിസ്ഥാന്‍ തെഹരീക്-ഇ- ഇന്‍സാഫ് )  നേതാവ് ഇബാദ് ഫറൂഖിന്റെ മകന്‍ അമര്‍ ഇബാദാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഞങ്ങൾ മിയാൻ ഇബാദ് ഫാറൂഖ് സൺ എന്ന  കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ  വൈറൽ വിഡിയോലുള്ള  കുട്ടിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. ഈ കുട്ടി അടുത്തിടെ മരിച്ചുവെന്ന് ഈ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി.

ഡെയ്‌ലി പാകിസ്ഥാൻ റിപ്പോർട്ട് പ്രകാരം, മേയ് 9 ലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി 130 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്ന പിടിഐ നേതാവ് മിയാൻ ഇബാദ് ഫാറൂഖിന്റെ പ്രായപൂർത്തിയാകാത്ത മകൻ ഗുരുതരമായ അസുഖത്തെ തുടർന്ന് ലഹോറിൽ മരിച്ചു എന്നാണ്.

കൂടുതൽ അന്വേഷണത്തിൽ, എട്ട് വയസ്സുള്ള അമർ ഇബാദിന് മീസില്‍സ് അണുബാധ മൂലമുണ്ടാകുന്ന  സബ് അക്യൂട്ട് സ്‌ക്ലിറോസിംഗ് പെനിസെന്‍സെഫലൈറ്റിസ് (Subacute sclerosing panencephalitis - അഥവാ SSPE) എന്ന രോഗാവസ്ഥയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി  മറ്റൊരു റിപ്പോർട്ടിൽ നിന്ന് ഞങ്ങൾ കണ്ടെത്തി, 

അമറിന്റെ മെഡിക്കൽ റിപ്പോർട്ടിൽ രണ്ടര വയസ്സിൽ അഞ്ചാംപനി ബാധിച്ചതായും വാർത്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ ചികിത്സാ രേഖകളും റിപ്പോർട്ടിലുണ്ട്.

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അറസ്റ്റിൽ  പാകിസ്ഥാനില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇബാദ് ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവിനെ തടവിലാക്കിയതിന്റെ ആഘാതത്തിലാണ് കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പിടിഐയുടെ അനുയായികൾ കുറ്റപ്പെടുത്തുന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു.

PTIയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ മിയാൻ ഇബാദ് ഫാറൂഖിന്റെ മകൻ അമ്മാർ ഇബാദിന് പിതാവിന്റെ അറസ്റ്റും കുടുംബാംഗങ്ങളെ ഭരണകൂടം തുടർച്ചയായി ഉപദ്രവിച്ചതും കാരണം മാനസിക സമനില നഷ്ടപ്പെട്ടു. ഐസിയുവിൽ ജീവനുവേണ്ടി മല്ലിടുകയാണ്. അനീതിക്കെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെടുകയും ഇമ്രാൻ ഖാനുള്ള പിന്തുണ ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ചെയ്ത നിരപരാധികളായ പാകിസ്ഥാനികൾക്കെതിരെയാണ് ഈ അടിച്ചമർത്തലും ക്രൂരതയും അടിച്ചേൽപ്പിക്കുന്നത് എന്ന കുറിപ്പുമായി കുട്ടിയുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

കുട്ടി അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ഈ റിപ്പോർട്ടുകളിൽ എവിടെയും സൂചനകളില്ല.

∙ വസ്തുത

പ്രചാരത്തിലുള്ള വിഡിയോ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ട് മസ്തിഷ്‌ക രോഗം സംഭവിച്ച കുട്ടിയുടേതല്ല.

English Summary: The viral video is not of a child who developed brain disease from excessive cell phone use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT