ലുലുമാളിലെ പാകിസ്ഥാൻ പതാക ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിലോ? വിവാദത്തിന്റെ സത്യമറിയാം | Fact Check

Mail This Article
ഇന്ത്യൻ പതാകയെക്കാൾ പാകിസ്ഥാൻ പതാകയ്ക്ക് വലുപ്പമുണ്ടെന്ന അവകാശവാദവുമായി കൊച്ചി ലുലുമാളിലെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതിയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വസ്തുതയറിയാം.
അന്വേഷണം
മറ്റ് പതാകകൾക്ക് മുകളിൽ പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
'കൊച്ചി ലുലുമാളിലെ ഒരു ദൃശ്യം എന്ന് പറയുന്നു. ഏറ്റവും വലിപ്പം പാകിസ്ഥാന്‍ പതാകയ്ക്ക് . ഭാരതത്തിന്റെ പതാക അതിന്റെ നേർ പകുതി. സത്യത്തിൽ കേരളത്തിൽ ഉള്ളത് പാക്കികൾ അല്ല ബംഗാളികൾ ആണെന്ന് ആ മറുതകളോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കുവോ' എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

സ്ഥിരീകരണത്തിനായി ഞങ്ങൾ കൊച്ചിയിലെ ലുലു മാൾ ഓഫീസുമായി ബന്ധപ്പെട്ടു, പതാക സംബന്ധിച്ച അവകാശവാദം അധികൃതർ നിഷേധിച്ചു. ലോകകപ്പ് ക്രിക്കറ്റ് ആഘോഷത്തിന് മുന്നോടിയായി കൊച്ചിയിലെ ലുലു മാളിൽ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്ന് അവർ വ്യക്തമാക്കി. ഓരോ പതാകയും സീലിംഗിൽ നിന്ന് താഴേക്ക് ഒരേ തലത്തിലാണ് തൂക്കിയിരുന്നത്.
മാളിന്റെ മധ്യഭാഗത്ത്, വിവിധ രാജ്യങ്ങളുടെ പതാകകൾ സീലിംഗിൽ നിന്ന് താഴേക്ക് ഒരേ നിരപ്പിൽ തൂക്കിയിടുകയാണുണ്ടായത്. മുകളിൽ നിന്ന് പതാകകളുടെ ചിത്രം എടുക്കുമ്പോഴും പതാകയുടെ വശത്ത് നിന്ന് ഫോട്ടോ എടുക്കുമ്പോഴും അതാത് വശത്തുള്ള പതാകകൾ വലുപ്പമുള്ളതായി കാണപ്പെടുന്നു, എന്നാൽ താഴെ നിന്ന് ഫോട്ടോ എടുക്കുമ്പോൾ, എല്ലാം ഒരേ വലുപ്പമാണെന്ന് മനസ്സിലാക്കാമെന്നും അധികതർ വ്യക്തമാക്കി. എന്നാൽ ഒരു വശത്തു നിന്നുള്ള ചിത്രം മാത്രമുപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചിലർ വ്യാജപ്രചാരണം നടത്തുന്നത്.
പാകിസ്ഥാൻ ദേശീയ പതാക ഇന്ത്യൻ ദേശീയ പതാകയേക്കാൾ വലുതാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വിവാദത്തെ തുടർന്ന് എല്ലാ രാജ്യങ്ങളുടെയും പതാകകൾ മാളിൽ നിന്ന് നീക്കം ചെയ്തതായും ലുലുമാള്‍ അധികൃതർ പറഞ്ഞു. ഒരു വശത്തു നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
പ്രചാരണം സംബന്ധിച്ച് ലുലു ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഒരു വശത്തു നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതെന്നും പതാകകൾക്കെല്ലാം ഒരേ വലുപ്പമാണെന്നും വ്യക്തമാണ്.

വാസ്തവം
ലുലുമാളിലെ പാകിസ്ഥാൻ പതാകയ്ക്ക് ഇന്ത്യൻ പതാകയെക്കാൾ വലുപ്പമുണ്ടെന്ന അവകാശവാദം തെറ്റാണ്. നിലവിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകൾ ഒരേ ഉയരത്തിൽ മാളിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഒരു വശത്തു നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പതാകകൾക്കെല്ലാം ഒരേ വലുപ്പമാണ്.
English Summary : The claim that Pakistani flag in Lulumal is bigger than the Indian flag is false