ADVERTISEMENT

ഇസ്രയേൽ–ഹമാസ് യുദ്ധം ഇരു ചേരികളിലും വ്യാപക നാശം വിതയ്ക്കുകയാണ്.ആക്രമണത്തിന്റെ വിവിധ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഇസ്രയേൽ ബോംബാക്രമണത്തിൽ തകർക്കുന്ന ഗാസ നഗരത്തിന്റെതെന്ന് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം.

അന്വേഷണം

തീവ്രമായ ചുവന്ന വെളിച്ചവും  പുകപടലങ്ങളും പൊട്ടിത്തെറിയും കാതടപ്പിക്കുന്ന ശബ്ദങ്ങളും  നിറഞ്ഞ വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗാസയിൽ ദീപാവലി നേരത്തെ എത്തി എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്.

ചിത്രത്തിനൊപ്പമുള്ള കീവേഡുകളുടെ പരിശോധനയിൽ ഫെയ്സ്‍ബുകിൽ നിരവധി പേർ ഇതേ വിഡിയോ പങ്കു വച്ചതായി കണ്ടെത്തി.ഗാസയിൽ ഇസ്രയേൽ ഇന്ന് ദീപാവലി ആഘോഷിക്കുന്നു, ഹാപ്പി ദീപാവലി,ഗാസയിൽ  പണി തുടങ്ങി എന്നുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജ് സെർച്ചിൽ തിരഞ്ഞപ്പോൾ  CR Belouizdad fans celebrate winning championship എന്ന തലക്കെട്ടോടെ ഒരു വിഡിയോ ഞങ്ങൾക്ക് ഫെയ്സ്ബുകിൽ നിന്ന്  ലഭിച്ചു. 

കൂടുതൽ തിരഞ്ഞപ്പോൾ അൽജീരിയിയലെ ഒരു ഫുട്ബോൾ ക്ലബ്ബായ CR Belouizdad ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ അൽജീരിയയിൽ നടത്തിയ ആഘോഷ വെടിക്കെട്ടിന്റെ വിഡിയോയാണിതെന്ന് വ്യക്തമായി. 

ടിക്ടോകിന്റെ എക്സ് ഹാൻഡിലിലെ പോസ്റ്റുകളിൽ, അൾജീരിയയിലെ ഫുട്‌ബോൾ ക്ലബ്ബ് ആരാധകർ തീജ്വാലകളും പടക്കം പൊട്ടിച്ചും തങ്ങളുടെ വിജയം ആഘോഷിക്കുന്ന ഇതേ വൈറൽ വിഡിയോയ്ക്കൊപ്പമുള്ള അനേകം കമന്റുകൾ ഞങ്ങൾ കണ്ടെത്തി. നിരവധിയാളുകളാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

‌അൽജീരിയയിലെ ഫുട്ബോൾ വിജയത്തിന്റെ ആഘോഷമാണ് വിഡിയോ എന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു യുട്യൂബ് വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

ജൂലൈ 19–നാണ് വിഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച്–ഇംഗ്ലീഷ് പരിഭാഷയിൽ Ultras Fanatic Reds: The celebration of champions എന്നാണ് വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്നത്. 

മറ്റൊരു വെബ്സൈറ്റിൽ ജൂലൈ 16ന് ഇതേ വിഡിയോ  അപ്‍ലോഡ് ചെയ്തതായി കണ്ടെത്തി. അല്പം ഭ്രാന്ത്. CR Belouizdad ആരാധകർ ലീഗ് കിരീടം ആഘോഷിക്കുമ്പോൾ അൾജീരിയൻ ആകാശത്ത് നക്ഷത്രങ്ങൾ പ്രകാശിക്കുന്നു എന്ന തലക്കെട്ടോടെയാണ് വിഡിയോ. 

ലഭ്യമായ വിവരങ്ങളിൽ നിന്ന്  ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണമല്ല, അൾജീരിയൻ ഫുട്ബോൾ ആരാധകരുടെ വിജയാഘോഷത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.

‌വാസ്തവം

വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണമല്ല. അൾജീരിയൻ ഫുട്ബോൾ ക്ലബ്ബ്  CR Belouizdad ആരാധകരുടെ വിജയാഘോഷത്തിന്റെ ഭാഗമായ കരിമരുന്ന് പ്രയോഗമാണ്.

English Summary :The video circulating is not of Israel's attack on Gaza, but of Algerian football fans celebrating their victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com