ADVERTISEMENT

പൊതുസ്ഥലത്ത് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതിന് ഒരു വൃദ്ധനെ ചില മുസ്‍ലിം യുവാക്കൾ ചേർന്ന് മർദ്ദിച്ചതായി അവകാശപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ നിജസ്ഥിതി അറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം

അന്വേഷണം

ചില യുവാക്കൾ ഒരു വൃദ്ധനെ പൊതുസ്ഥലത്ത് മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം. 

കീവേഡുകളുടെ തിരയലിൽ നിരവധി പേർ ഇതേ പോസ്റ്റ്  ഷെയർ ചെയ്തിട്ടുള്ളതായി വ്യക്തമായി. ഞങ്ങൾക്ക് ലഭിച്ച ഒരു വിഡിയോയിൽ ലേഡി ബാഗ് ഷോപ്പി എന്ന കടയുടെ പേര് അവ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഗൂഗിൾ മാപ്പിൽ  തിരഞ്ഞപ്പോൾ ഈ കട രാജസ്ഥാനിലാണെന്ന് തിരിച്ചറിഞ്ഞു.

Gyandeep Complex, Azad Chowk Rd, near Suchana Kendra, Bhopal Ganj, Bhilwara, Rajasthan 311001 എന്നാണ് സംഭവം നടന്ന പ്രദേശത്തിന്റെ വിലാസത്തെക്കുറിച്ച് ഞങ്ങൾക്ക് ലഭിച്ച വിവരം.

പിന്നീട് ഞങ്ങൾ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ചാണ്  തിരഞ്ഞത്. 

തിരച്ചിലിൽ ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയായ മഞ്ജീന്ദർ സിംഗ് സിർസയുടെ വൈറൽ വിഡിയോ ഉൾപ്പെട്ട ഒരു ഫെയ്സ്ബുക് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

രാജസ്ഥാനിലെ ഭിൽവാരയിലെ ആസാദ് ചൗക്ക് മാർക്കറ്റിൽ വയോധികന് ക്രൂര മർദ്ദനം.ചെറിയ കാര്യങ്ങളിൽ പ്രായമായവരോടും നിരായുധരായവരോടും വഴക്കിടാൻ തുടങ്ങുന്ന വളരെ മോശമായ മാനസികാവസ്ഥയാണ് ഇവരുടേത്. രാജസ്ഥാൻ പോലീസിനോടും രാജസ്ഥാൻ മുഖ്യമന്ത്രിയോടും എന്റെ അഭ്യർത്ഥന - വിഡിയോയിൽ ഉൾപ്പെട്ട യുവാക്കൾക്കെതിരെ ഉടൻ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യണം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. രാജസ്ഥാൻ പോലീസിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

കൂടാതെ 2019 ഒക്ടോബർ 21ന്  മഞ്ജീന്ദർ സിംഗ് സിർസ തന്റെ ട്വിറ്റർ പേജിൽ, അദ്ദേഹത്തിന് ലഭിച്ച ഒരു പൊലീസ് റിപ്പോർട്ടനുസരിച്ച് ഈ സംഭവം നടന്നത്  ഒക്ടോബർ 15ന് ഭിൽവാര ഏരിയയിലാണെന്നും ഹോട്ട്ചന്ദ് എന്ന വൃദ്ധനാണ് അക്രമത്തിനിരയായതെന്നും മുല്ല സിന്ധി,ഹേമന്ത് രാമചന്ദ്ര നതാനി, ഭഗവാൻ ദാസ് സിന്ധി , മഞ്ചൂർ ഷെയ്ഖ് , ഇർഫാൻ ഷെയ്ഖ് എന്നിവരാണ് വൃദ്ധനെ മർദ്ദിച്ചതെന്നും റിപ്പോർട്ടിന്റെ മലയാളത്തിലുള്ള പരിഭാഷയിൽ നിന്ന് ഞങ്ങൾക്ക് വ്യക്തമായി.

ഇതിനൊപ്പം ആക്രമണത്തിനിരയായ ഹോട്ട്ചന്ദ് എന്ന വൃദ്ധൻ വഴിയാത്രക്കാരെ ശല്യം ചെയ്തിരുന്നതായും ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുമ്പ് ജയിലിൽ കഴിഞ്ഞിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

എന്നാൽ ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞതിന് വൃദ്ധനെ ആക്രമിച്ചതായി റിപ്പോർട്ടിൽ എവിടെയും പരാമർശമില്ല.കൂടാതെ, അക്രമികൾ മുസ്‍ലിംകൾ മാത്രമല്ല, മറ്റ് മതങ്ങളിൽ നിന്നുള്ളവരും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ നിന്ന് സ്ഥിരീകരിച്ചു.

വാസ്തവം

ഭാരത് മാതാ കീ ജയ് വിളിച്ചതിന് മുസ്‍ലിം യുവാക്കൾ  ഒരു വൃദ്ധനെ ആക്രമിച്ചുവെന്ന അവകാശവാദം തെറ്റാണ്. മറ്റുള്ളവരെ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതിനാണ് സമീപത്തുണ്ടായിരുന്നവർ ഇയാളെ മർദ്ദിച്ചത്. അക്രമികളിൽ മുസ്‍ലിംകൾ മാത്രമല്ല ഉണ്ടായിരുന്നത്.

English Summary: Claims that Muslim youth attacking an old man for chanting Bharat Mata Ki Jai is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com