ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്‌ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

കോവീഷീൽഡ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് അപൂർവമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തൽ ഈ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളുയർന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമായതും വാർത്തയായി. ഇതിനിടെ ഫോട്ടോ ഒഴിവാക്കിയത് കോവിഷീൽഡ് വാക്സിനേഷന്റെ പാർശ്വഫലങ്ങൾ പുറത്ത് വന്നതുകൊണ്ടാണ് എന്ന രീതിയിലുള്ള പ്രചാരണവും വ്യാപകമാണ്. "ബസ്സ് അപകടത്തിൽ പെട്ടാൽ ഡ്രൈവർ ഇറങ്ങി ഓടുക പതിവാണ്. കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് നിർമ്മാതാക്കൾക്ക് കോടതി മുമ്പാകെ സമ്മതിക്കേണ്ടി വന്നു.....

അതോടെ, കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി അപ്രത്യക്ഷമായി. ഇതാണ് മോദിയുടെ ഏറ്റവും പുതിയ ഗ്യാരണ്ടി." എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

modi2

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത്. പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

കോവിഡ് സർട്ടിഫിക്കറ്റുകളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തത് സംബന്ധിച്ച വാർത്തകളാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പ്രധാനമന്ത്രിയുടെ ചിത്രം കോവിൻ സർട്ടിഫിക്കേറ്റുകളിൽ നിന്നും നീക്കം ചെയ്തു എന്ന തലക്കെട്ടോടെ ‘ദ് ഹിന്ദു’ മേയ് 1ന് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്നും നരേന്ദ്രമോദിയുടെ ചിത്രവും അദ്ദേഹത്തിന്റെ പേരുമാണ് നീക്കം ചെയ്തിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നതിനായിട്ടാണ് ഈ ചിത്രം നീക്കം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ചുവടെ കാണാം 

modi1

മലയാളം മാധ്യമങ്ങളും മോദിയുടെ ചിത്രം കോവിൻ സർട്ടിഫിക്കറ്റുകളിൽ നിന്നും നീക്കം ചെയ്തത് വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിട്ടുണ്ട്. റിപ്പോർട്ടർ ടിവി മേയ് 2ന് പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ നേരത്തെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 2022ൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന് മുമ്പ് കോവിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് കോവിൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കിയത്. റിപ്പോർട്ടർ ടിവി നൽകിയ വാർത്ത കാണാം 

കോവിഷീൽഡ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് വാക്സീൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടിഷ്-സ്വീഡിഷ് മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്‌നോളജി കമ്പനിയായ ആസ്ട്രസെനെക്ക കോവിഡ് വാക്സീൻ എടുത്ത ആളുകളിൽ ചിലർക്കെങ്കിലും ടിടിഎസ്, രക്തം കട്ടപിടിക്കൽ, പ്ലേറ്റ്ലറ്റ് കുറയൽ, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ നൽകിയ റിപ്പോർട്ട് ഇവിടെ വായിക്കാം 

ലഭ്യമായ വിവരങ്ങളിൽ നിന്നും കോവിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്തത് കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ പുറത്ത് വന്നതു കൊണ്ടല്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്നും വ്യക്തമായി.

∙വസ്തുത

ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായിട്ടാണ് മോദിയുടെ ചിത്രം കോവിൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കം ചെയ്തത്. 2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ ചിത്രം നീക്കം ചെയ്തിരുന്നു.

English Summary: Modi's picture has been removed from the Covin certificate as part of the Lok Sabha election code of conduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com