കോൺഗ്രസ് പണയം വച്ച നൂറ് ടൺ സ്വർണം ബിജെപി സർക്കാർ തിരിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചോ? സത്യമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
വിദേശ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ആർബിഐയുടെ 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ ഈ സ്വർണം കോൺഗ്രസ് സർക്കാർ പണയം വച്ചതാണെന്നും ബിജെപി സർക്കാർ തിരിച്ചെടുത്തതാണെന്നുമുള്ള അവകാശവാദത്തോടെ വലിയ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വർണം ഇന്ത്യയിലെത്തിച്ച വാർത്തകൾക്കൊപ്പമാണ് ഇത്തരം പ്രചാരണങ്ങൾ ഷെയർ ചെയ്യപ്പെടുന്നത്.
"1991 ൽ പണയം വെച്ച് വിദേശത്ത് ലൊക്കറിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണ്ണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക്.മുന്നേയുള്ള കൊണ്ഗ്രെസ്സ് സർക്കാർ ഉണ്ടാക്കിയ കടമൊക്കെ കുറച്ചേ വീട്ടി സ്വർണ്ണം തിരികെ കൊണ്ടുവന്നു കേന്ദ്രസർക്കാർ." എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ആർബിഐയുടെ സ്വർണമാണ് തിരിച്ചെത്തിച്ചത്, പണയത്തിലിരുന്ന സ്വർണം 1991ൽ തന്നെ തിരിച്ചെടുത്തിരുന്നു. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙ അന്വേഷണം
പ്രചാരത്തിലുള്ള പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ കോൺഗ്രസ് സർക്കാർ പണയപ്പെടുത്തിയ സ്വർണം ബിജെപി സർക്കാർ കടം വീട്ടി തിരിച്ചെടുത്തതാണോ എന്ന കാര്യമാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. എങ്ങനെയാണ് ആർബിഐയുടെ സ്വർണം വിദേശത്ത് എത്തിയതെന്ന വിശദ വിവരങ്ങൾ 2024 ജൂൺ 1ന് പ്രസിദ്ധീകരിച്ച ബിസിനസ് ടുഡേ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. 1990-91 കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. ഈ അവസരത്തിൽ വിദേശനാണ്യം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി 405 മില്യൺ ഡോളർ ലോണിന് വേണ്ടി ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വെച്ചു. 1991 നവംബറോടെ ഈ വായ്പ തിരിച്ചടച്ചു. എങ്കിലും സ്വർണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ലോജിസ്റ്റിക് ബുദ്ധിമുട്ടുകൾ കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ തന്നെ സൂക്ഷിച്ചു. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണം വ്യാപാരം ചെയ്യുന്നതിന് എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും ഇതിനൊരു കാരണമായിരുന്നു. പിന്നീട് പലപ്പോഴായി ആർബിഐ അന്താരാഷ്ട്ര വിപണികളിൽ നിന്ന് സ്വർണം വാങ്ങുകയും വിദേശത്ത് തന്നെ സൂക്ഷിക്കുകയും ചെയ്തു.
1992-93 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റും ഞങ്ങൾ പരിശോധിച്ചു. ധനകാര്യ മന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് 1992 ഫെബ്രുവരി 29ന് അവതരിപ്പിച്ച ബജറ്റിൽ വിദേശത്ത് പണയത്തിൽ ഉണ്ടായിരുന്ന സ്വർണം തിരിച്ചെടുത്ത കാര്യം വ്യക്തമാക്കുന്നുണ്ട്. ആർബിഐയുടെ കൈവശമുള്ള സ്വർണത്തിന്റെ ഒരു ഭാഗം താൽക്കാലികമായി ധനം സമാഹരിക്കാൻ ഉപയോഗിക്കണമെന്ന നിലപാടായിരുന്നു നേരത്തെയുള്ള കോൺഗ്രസ് സർക്കാരിനുണ്ടായിരുന്നത്. ഈ നിലപാട് തള്ളിക്കളയാതെ തന്നെ പണയത്തിൽ ഉണ്ടായിരുന്ന സ്വർണം തിരിച്ചെടുത്തുവെന്ന് ബജറ്റ് പ്രസംഗത്തിൽ ഡോ. മൻമോഹൻ സിങ് വ്യക്തമാക്കിയിരുന്നു. പ്രസക്ത ഭാഗം ഉൾപ്പെടുന്ന ബജറ്റ് പ്രസംഗം വായിക്കാം
ആർബിഐയുടെ സ്വർണം പണയം വച്ചതും അത് തിരിച്ചെടുത്തതും സംബന്ധിച്ച കൂടുതൽ വിശദംശങ്ങൾ അറിയാനായി ഞങ്ങൾ സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. മേരി ജോർജിനെ ബന്ധപ്പെട്ടു. "ആർബിഐ ഇപ്പോൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന സ്വർണം പണയത്തിൽ നിന്നും തിരിച്ചെടുത്ത് കൊണ്ടുവന്നതല്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സ്വർണം പണയത്തിൽ വച്ച് ധനം സമാഹരിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന കോൺഗ്രസ് സർക്കാർ അത് തിരിച്ചെടുത്തിരുന്നു. ഡോ.മൻമോഹൻ സിങ് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയ ധനമന്ത്രിയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കൂടുതൽ സ്വർണം വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത് വിദേശത്ത് ഉണ്ടായിരുന്ന ആർബിഐയുടെ സ്വർണം തന്നെയാണ്" ഡോ. മേരി ജോർജ് വ്യക്തമാക്കി.
1991 ജൂണിൽ അധികാരത്തിലെത്തിയ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1991 അവസാനത്തോടെ ഇന്ത്യ പണയം വച്ചിരുന്ന സ്വർണം തിരിച്ചെടുത്ത് തുടങ്ങിയത്. ഇത്തരത്തിൽ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുത്തതിനൊപ്പം തന്നെ പലപ്പോഴായി കൂടുതൽ സ്വർണം വാങ്ങി സ്വർണ ശേഖരം വർധിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആർബിഐയുടെ സ്വർണ ശേഖരം ഇപ്പോൾ 828.6 ടൺ ആണ്. മൊത്തം സ്വർണ ശേഖരത്തിന്റെ 50 ശതമാനം ഇന്ത്യയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ 100 ടൺ ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ 400 ടൺ, വിദേശത്ത് 400 ടൺ എന്ന കണക്കിലാണ് ആർബിഐയുടെ സ്വർണ ശേഖരമുള്ളത്. ഇത് സംബന്ധിച്ച സിഎൻബിസി വിഡിയോ റിപ്പോർട്ട് കാണാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും കോൺഗ്രസ് സർക്കാർ പണയം വച്ച സ്വർണം ബിജെപി സർക്കാർ തിരിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചു എന്ന രീതിയിലുള്ള പ്രചരാണം തെറ്റാണെന്ന് വ്യക്തമായി. ആർബിഐയുടെ വിദേശത്ത് ഉണ്ടായിരുന്ന സ്വർണ ശേഖരത്തിലെ 100 ടൺ സ്വർണമാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
∙ വസ്തുത
സാമ്പത്തിക പ്രതിസന്ധി കാലത്ത് പണയം വച്ച സ്വർണം 1991ൽ തന്നെ തിരിച്ചെടുത്തിരുന്നു. ഇപ്പോൾ ഇന്ത്യയിലെത്തിച്ചിരിക്കുന്നത് വിദേശത്തുണ്ടായിരുന്ന ആർബിഐയുടെ സ്വർണമാണ്.
English Summary :RBI's gold kept in foreign lockers has been returned