ADVERTISEMENT

തീവണ്ടി യാത്രയ്ക്കൊരുങ്ങുമ്പോൾ സ്വന്തം ഫോണില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ യാത്രാവേളയില്‍‌ ഇത്തരത്തില്‍‌ പലരും ടിക്കറ്റ് ബുക്ക് ചെയ്യാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ യാഥാർത്ഥ്യമറിയാൻ മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. പ്രചാരണത്തിന്റെ വാസ്തവമറിയാം

∙ അന്വേഷണം

സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ 'സഹായങ്ങള്‍ക്ക്' ശിക്ഷ. " എന്നാണ് വൈറൽ പോസ്റ്റിനൊപ്പം ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിൽ പറയുന്നത്.

ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന് പരിശോധിക്കാനായി IRCTC വെബ്സൈറ്റാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്.എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ഞങ്ങൾക്ക് ലഭ്യമായില്ല.

പ്രസക്തമായ ചില കീവേഡുകളുപയോഗിച്ച് പരിശോധിച്ചപ്പോൾ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് സംബന്ധിച്ച്  IRCTC വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒരു ചോദ്യോത്തരമാണ് കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരന്‍ സാധുവായ ഒരു ഫോട്ടോ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കണമെന്നാണ് IRCTC നൽകിയിരിക്കുന്ന മറുപടി. വൈറൽ അവകാശവാദം തെറ്റാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

ഇത് സംബന്ധിച്ച അറിയിപ്പുകളെന്തെങ്കിലും നല്‍കിയിട്ടുണ്ടോ എന്നറിയാനായി IRCTCയുടെ സമൂഹമാധ്യ പേജുകളും ഞങ്ങൾ പരിശോധിച്ചു.  IRCTC,ഇന്ത്യന്‍ റെയില്‍വെ എന്നിവയുടെ ഔദ്യോഗിക എക്‌സ് പേജുകളില്‍  വൈറല്‍ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി പോസ്റ്റ് ചെയ്ത വിശദീകരണം ഞങ്ങൾക്ക് ലഭിച്ചു. പോസ്റ്റ് കാണാം

സ്ഥിരീകരണത്തിനായി സതേൺ റെയിൽവേ വിഭാഗം ഔദ്യോഗിക വക്താക്കളുമായി ഞങ്ങൾ സംസാരിച്ചു. പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. റെയില്‍വെ ടിക്കറ്റ് അനധികൃതമായി വാങ്ങുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റകരം. റെയില്‍വേ ജീവനക്കാരനോ  റെയിൽവേ ഏർപ്പെടുത്തിയ ഏജന്റോ അല്ലാതെ ആർക്കും തന്നെ ട്രെയിന്‍ ടിക്കറ്റ് വാങ്ങി വിതരണം ചെയ്യാൻ കഴിയില്ല. അനധികൃത ബിസിനസ്സ് നടത്തുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുമെന്ന് റെയില്‍വെ നിയമത്തിലെ 143-ാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കുന്നതിൽ യാതൊരു തടസവുമില്ലെന്ന് അവർ വ്യക്തമാക്കി

കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

∙ വസ്തുത

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.

English Summary : The campaign claims that booking train tickets for relatives and friends will result in fines and imprisonment is false.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com