മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനെത്തിയവർക്കെല്ലാം പാക്കിസ്ഥാൻ ജേഴ്‌സി! വിഡിയോയുടെ സത്യമിതാണ് | Fact Check
Mail This Article
മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ചെത്തിയവരെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.#പാകിസ്താന്റെ ക്രിക്കറ്റ് #ജേഴ്‌സി അണിഞ്ഞുകൊണ്ട് #കാസറഗോഡ് #ലീഗ് ഓഫീസ് ഉത്ഘാടനം.! ചോറ് ഇവിടെയും കൂറ് അവിടെയും എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
∙ അന്വേഷണം
വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ Muslim League Office, Arangady എന്നാണ് വിഡിയോയിലുള്ള ഓഫീസിന്റെ ബോർഡിൽ എഴുതിയിരിക്കുന്നതെന്ന് വ്യക്തമായി.ഈ സൂചനയിൽ നിന്ന് ആറങ്ങാടി മുസ്‌ലിം ലീഗ് ഓഫീസിന്റെ വിവരങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ ഫെയ്സ്ബുക്കിൽ ഇവരുടെ സമൂഹമാധ്യമ പേജ് ലഭിച്ചു. പേജ് പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലുള്ള മുസ്‌ലിം ലീഗ് ഓഫീസും അതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച അനുബന്ധ വിഡിയോകളും ഞങ്ങള്‍ക്ക് ലഭിച്ചു. ഇതിൽ പല വിഡിയോകളിലും വൈറൽ വിഡിയോയിലേതിന് സമാനമായ ജഴ്സിയണിഞ്ഞ നിരവധിപേരെ കാണാൻ സാധിക്കും. പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജെഴ്സികളാണ് ഇവർ ധരിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
ഇവർ ധരിച്ചിരിക്കുന്ന ടീഷർട്ടുകൾ പരിശോധിച്ചപ്പോൾ മുസ്‌ലിം ലീഗിന്റെ ചിഹ്നവും,ഇവരുടെ ഔദ്യോഗിക ഫെയ്സ്‍ബുക് പേജിന്റെ ചിഹ്നവും ഐയുഎംഎൽ എന്നൊക്കെയാണ് ജഴ്സിയിൽ എഴുതിയിരിക്കുന്നതെന്ന് കണ്ടെത്തി.
പിന്നീട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജെഴ്സി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ പരിശോധിച്ചപ്പോൾ ഇവരുടെ ജേഴ്സിയുടെ നിറവും ലോഗോയുമെല്ലാം വൈറൽ വിഡിയോയിലെ ജേഴ്സിയിൽ നിന്ന് വ്യത്യസ്ഥമാണെന്ന് ബോധ്യമായി.
മുസ്‌ലിം യൂത്ത് ലീഗ് ആറങ്ങാടിയിൽ ഉൾപ്പെട്ട ചില അംഗങ്ങളുമായി ഞങ്ങൾ സംസാരിച്ചു. പച്ചപ്പട ആറങ്ങാടി സംഘടനയുടെ ലോഗോയും ലീഗിന്റെ ചിന്ഹവുമാണ് വിഡിയോയിലെ ജേഴ്സിയിലുള്ളത്. പ്രചാരണം വ്യാജമാണെന്ന് അവർ വ്യക്തമാക്കി.
∙ വസ്തുത
മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ചെത്തിയവരെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary :The video circulating claiming to be wearing Pakistan cricket team jerseys during the inauguration of the Muslim League office is misleading