വയനാട് ദുരിതാശ്വാസത്തിന് ഷംസീർ വയലിൽ 50 കോടി നൽകിയോ? വാസ്തവമിതാണ് | Fact Check
Mail This Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എം.എ.യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവും വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംസീർ വയലിൽ വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് അവകാശവാദവുമായി ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വസ്തുതയറിയാം.
∙ അന്വേഷണം
എം.എ.യൂസഫലിയുടെ മകളുടെ ഭർത്താവ് ഡോ.ഷംഷീർ വയലിൽ 50 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും. അമ്പത് കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
കീവേഡുകളുടെ പരിശോധനയിൽ ഇതേ പോസ്റ്റര്‍ 2018 മുതല്‍ വൈറൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. പോസ്റ്റുകൾ കാണാം.
ഈ സൂചനയിൽ നിന്നുള്ള തിരയലിൽ കേരളത്തിൽ 2018ലുണ്ടായ പ്രളയക്കെടുതിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഡോ.ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ വയലിൽ സമൂഹമാധ്യമത്തിൽ അറിയിച്ചു. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടർന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ നൽകുമെന്നും ഡോ. ഷംസീർ വയലിൽ അറിയിച്ചു എന്നാണ് ആ റിപ്പോർട്ടിലുള്ളത്.2018 ഓഗസ്റ്റ് 20ന് ഇക്കാര്യം വ്യക്തമാക്കി ഷംസീർ വയലിൽ ഫെയ്‌സ്ബുക്കിൽ പങ്ക്‌വച്ച പോസ്റ്റ് കാണാം.
വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വ്യവസായി യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയത് സംബന്ധിച്ച വാർത്താ റിപ്പോർട്ടുകൾ തിരഞ്ഞപ്പോൾ വിപിഎസ് ഹെൽത്ത് കെയർ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംസീർ വയലിൽ അറിയിച്ചതായി വ്യക്തമാക്കുന്ന ഒരു മാധ്യമ റിപ്പോർട്ട് ലഭിച്ചു.
കൂടാതെ ചില ഇംഗ്ലിഷ് മാധ്യമങ്ങളിലെ ഇത് സംബന്ധിച്ച വാർത്തകളിലും വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംസീർ വയലിൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ പ്രോമിതിയസ് മെഡിക്കൽ ഇന്റർനാഷനലിന്റെ മൗണ്ടൻ റെസ്ക്യൂ ടീം, റെസ്പോൺസ് പ്ലസ് മെഡിക്കൽ (ആർപിഎം) പാരാമെഡിക് ടീം എന്നിവയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും ദുരിതബാധിതരുടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ട്രോമ കെയർ ആവശ്യങ്ങൾ എന്നിവയിൽ നിർണായക സഹായം നൽകാൻ ടീമുകൾ തയ്യാറാണെന്നും അറിയിച്ചതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്ഥാപനമായ വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ അടിയന്തര മരുന്നുകൾ വയനാട് എത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന് അടിയന്തരമായി ആവശ്യമുള്ള മരുന്നുകളാണ് എത്തിച്ചത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യവസായി യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 2018 ലെ പ്രളയ ദുരിതാശ്വാസത്തിനായി ഇദ്ദേഹം 50 കോടി രൂപ സംഭാവന നല്‍കിയിരുന്നു. അന്ന് പ്രചരിച്ച പോസ്റ്റർ തന്നെയാണ് വയനാട് ദുരിതാശ്വാസത്തിന് നൽകിയതെന്ന പേരിൽ വീണ്ടും പ്രചരിക്കുന്നതെന്ന് വ്യക്തമായി. അതേസമയം, ഒരു കോടിയിൽപരം രൂപയുടെ അടിയന്തര മരുന്നുകൾ അദ്ദേഹത്തിന്റെ സ്ഥാപനമായ വിപിഎസ് ലേക്‌ഷോർ വയനാടിനായി എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് ഈ സഹായം നൽകിയതെന്നും കൂടുതൽ സഹായം നൽകുമെന്നും വിപിഎസ് ലേക്‌ഷോർ വൃത്തങ്ങൾ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ വസ്തുത
ഡോ. ഷംസീര്‍ വയലില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.2018 ലെ പ്രളയ ദുരിതാശ്വാസത്തിനായി ഇദ്ദേഹം 50 കോടി രൂപ സംഭാവന നല്‍കിയിരുന്നു. അന്ന് പ്രചരിച്ച പോസ്റ്റർ തന്നെയാണ് വയനാട് ദുരിതാശ്വാസത്തിന് നൽകിയതെന്ന പേരിൽ വീണ്ടും പ്രചരിക്കുന്നത്.
സ്റ്റോറി അപ്ഡേറ്റ്(ഓഗസ്റ്റ് 13, 2024): ആദ്യം പ്രസിദ്ധീകരിച്ച സ്റ്റോറിയിൽ ഷംസീർ വയലിലിന്റെ വിപിഎസ് ഹെൽത്ത് കെയർ സർക്കാരിന് സഹായമെത്തിക്കും എന്നാണ് നൽകിയിരുന്നത്. സഹായം എത്തിച്ചിരുന്നതായി പിന്നീട് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അതു കൂടി ഈ സ്റ്റോറിയിൽ ഉൾപ്പെടുത്തി.
English Summary:The campaign that Rs 50 crore was donated to the Chief Minister's relief fund by Shamseer Vayalil is misleading