ADVERTISEMENT

ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

 ∙ അന്വേഷണം

സഖാക്കൾ വീണ്ടും പഴയപരിപാടി തുടങ്ങി ,രാത്രി ലൈറ്റ് ഓഫ് ചെയ്ത് #ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്തി കൊണ്ടു പോകാ൯ വന്ന ലോക്കൽ സെക്രട്ടറി ഷാജിയേ അടക്കം പൊതുജനം നല്ല പൂശു പൂശി വിട്ടിട്ടുണ്ട് .കണ്ണീച്ചോരയില്ലാത്ത ഉളുപ്പില്ലാത്ത വ൪ഗം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്. പോസ്റ്റ് കാണാം.

വൈറൽ വിഡിയോയിൽ പരുമല സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ അരി കടത്താൻ ശ്രമിച്ചുവെന്ന് ഒരാൾ ഉറക്കെ പറയുന്നത് കേൾക്കാം.ഈ സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2018 ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച ഒരു ന്യൂസ് റിപ്പോർട്ടില്‍ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്താൻ ശ്രമം, പിന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെന്ന് ആരോപണം എന്ന തലക്കെട്ടോടെ ഒരു വാർത്ത ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി സാധനങ്ങൾ കടത്താൻ ശ്രമിച്ചതിന് രണ്ടു പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പരുമല ക്യാമ്പിൽനിന്നാണ് അരി അടക്കമുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ഇതിനൊപ്പം ഒരു വിഡിയോയും നൽകിയിട്ടുണ്ട്. എന്നാൽ ഈ വിഡിയോയുടെ കുറച്ച് ഭാഗമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

തുടർന്ന് ക്യാമ്പിനകത്തുണ്ടായിരുന്നവരുടെ ചോദ്യം ചെയ്യലിലാണ്  ലോക്കൽ സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ചാണ് സാധനം കൊണ്ടുപോകാൻ എത്തിയതെന്ന് ഡ്രൈവർമാർ അറിയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാൽ മറ്റൊരു ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനാണ് എത്തിയതെന്നാണ് പിടിയിലായവർ പറഞ്ഞതെന്നും വാർത്തയിലുണ്ട്. 

പ്രളയസമയത്ത് പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളിൽ പ്രവർത്തിച്ചിരുന്ന ചില വളണ്ടിയർമാരുമായി സംസാരിച്ചപ്പോൾ അടുത്ത് തന്നെയുള്ള മറ്റൊരു ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോകാനാണ് സാധനങ്ങൾ വണ്ടിയിലാക്കിയതെന്നും ചില തെറ്റിദ്ദാരണകളുടെ പേരിലാണ് അന്ന് വാക്ക് തർക്കമുണ്ടായതെന്നും അവർ പറഞ്ഞു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ വിഡിയോയ്ക്കാസ്പദമായ സംഭവം വയനാട് നടന്നതല്ലെന്നും 2018ലെ പ്രളയസമയത്ത് പരുമല ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ളതാണെന്നും വ്യക്തമായി.

∙ വസ്തുത

പരുമല പള്ളി സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിലെ 2018  പ്രളയ സമയത്തെ ദൃശ്യങ്ങളാണ് വൈറൽ വി‍ഡിയോയിലുള്ളത്. വയനാട്  ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങളല്ല.

English Summary:The viral video is not of the Wayanad relief camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com