വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡിവൈഎഫ്ഐ നോട്ടിസെന്ന പ്രചാരണം വ്യാജം | Fact Check
Mail This Article
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദങ്ങളും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡിവൈഎഫ്ഐ നോട്ടിസ് പതിപ്പിച്ച് വിതരണം ചെയ്തെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് DYFI യുടെ നോട്ടീസ് വെച്ച് വിതരണം ചെയ്ത നാണമില്ലാത്ത വർഗ്ഗം ഉളുപ്പില്ലേ സഖാക്കളെ നിങ്ങൾക്ക് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.
ഡിവൈഎഫ്ഐ എന്നെഴുതിയ ഒരു നോട്ടീസ് പൊതിച്ചോറുകൾക്ക് മുകളിൽ ചുറ്റിയിരിക്കുന്ന ഒരു ചിത്രവും പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വസ്തുതയറിയാം.
∙ അന്വേഷണം
വൈറൽ പോസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഹൃദയസ്പർശം ഡിവൈഎഫ്ഐ എന്നെഴുതിയ ഒരു നോട്ടീസാണ് പൊതിച്ചോറുകൾക്ക് മുകളിൽ ചുറ്റിയിരിക്കുന്നതെന്ന് വ്യക്തമായി. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം ഹൃദയപൂർവ്വം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ നോട്ടീസിൽ പ്രതിപാദിക്കുന്ന ഹൃദയസ്പർശം പദ്ധതിയെക്കുറിച്ചറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ 2017ൽ കൊല്ലം ജില്ലയിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചപ്പോൾ ഹൃദയസ്പർശം എന്ന പേരിലാണ് ഇത് ആരംഭിച്ചതെന്ന് വ്യക്തമായി. കേരളത്തിൽ മറ്റെവിടെയും ഹൃദയസ്പർശം എന്ന പേരിൽ പൊതിച്ചോറ് വിതരണം നടത്തിയിട്ടില്ല. ഹൃദയപൂർവ്വം എന്ന പേരിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ സൂചനകളിൽ നിന്ന് പ്രചരിക്കുന്ന പൊതിച്ചോറുകളുടെ ചിത്രങ്ങൾ കൊല്ലത്ത് നിന്നുള്ളതാകാമെന്ന് അനുമാനിച്ചു.
തുടർന്ന് കൊല്ലത്തെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിലെ ട്രഷറർ ഷബീറുമായി ഞങ്ങൾ സംസാരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം എന്നപേരിൽ ആരംഭിച്ച പൊതിച്ചോർ വിതരണത്തിന് പിന്നാലെ 2017 മാർച്ചിലാണ് കൊല്ലത്ത് ഡിവൈഎഫ്ഐയുടെ സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചത്. വിശപ്പിന് ഭക്ഷണം ജീവന് രക്തം എന്നീ സംയുക്ത ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹൃദയസ്പർശം എന്ന പേരിൽ ജില്ലാ ആശുപത്രിയിൽ സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി പത്തനാപുരം തലവൂർ മേഖല കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ ചിത്രങ്ങളാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. തലവൂർ ഉൾപ്പെടുന്ന പത്തനാപുരം ഏരിയ കമ്മിറ്റിയിലെ ആർ.എൽ,വിഷ്ണുവുമായും ഞങ്ങൾ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലാ ആശുപത്രിയിൽ പത്തനാപുരം തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറിന്റെ 2017ലെ ചിത്രമാണിതെന്ന് വിഷ്ണു പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡിവൈഎഫ്ഐ നോട്ടിസെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡിവൈഎഫ്ഐ നോട്ടിസെന്ന പ്രചാരണം വ്യാജം. കൊല്ലം ജില്ലാ ആശുപത്രിയിൽ പത്തനാപുരം തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറിന്റെ 2017ലെ ചിത്രമാണിത്
സ്റ്റോറി അപ്ഡേറ്റ്(ഓഗസ്റ്റ് 09, 2024): വാർത്തയ്ക്കാവശ്യമായ വിവരങ്ങൾ നൽകിയത് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ട്രഷറർ എസ്.ഷബീറായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി 2017ൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്ത പത്തനാപുരം തലവൂർ മേഖല കമ്മിറ്റി ഉൾപ്പെടുന്ന പത്തനാപുരം ഏരിയ കമ്മിറ്റി അംഗം ആർ.എൽ,വിഷ്ണുവിനെ ഞങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. പിന്നീട് അദ്ദേഹത്തെ ഫോണിൽ ലഭ്യമായപ്പോൾ നൽകിയ വിവരങ്ങൾ കൂടി ഈ സ്റ്റോറിയിൽ ഉൾപ്പെടുത്തി
English Summary :The campaign of DYFI notice in the food package given by White Guard in Wayanad is fake