ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ ഹോട്ടലിലെ ഫോട്ടോഷൂട്ട്! സത്യമറിയാം | Fact Check
Mail This Article
വയനാട് ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി നടത്തിയ ഫോട്ടോഷൂട്ട് എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
ഉരുൾ പൊട്ടലിൽ ജീവനും, സ്വത്തും നഷ്ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരോപ്പുന്ന പപ്പൂജി. സെൽഫി ഇല്ലാത്ത കളിയില്ല എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
പ്രസക്തമായ കീവേഡുകളുടെ പരിശോധനയിൽ 2024 ജൂണിൽ പ്രസിദ്ധീകരിച്ച വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾ ഉൾപ്പെട്ട നിരവധി വാർത്തകളും വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാൻ കേരളത്തിലെ മലപ്പുറം, വയനാട് ജില്ലകൾ സന്ദർശിച്ച രാഹുൽ ഗാന്ധി വയനാട്ടിലേക്കുള്ള യാത്രാമധ്യേ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ ഒരു റെസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിയപ്പോൾ റെസ്റ്റോറന്റിലെ ജീവനക്കാരുമായുള്ള ആശയവിനിമയം നടത്തി. റെസ്റ്റോറന്റിലെ പാചകക്കാരുമായും ജീവനക്കാരുമായും അദ്ദേഹം സംസാരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വയനാട്ടിലേക്കുള്ള വഴിയിൽ താമരശ്ശേരിയിലെ വൈറ്റ് ഹൗസ് എന്ന റെസ്റ്റോറന്റിലാണ് ഉച്ചഭക്ഷണം കഴിക്കാൻ രാഹുൽ ഗാന്ധിയെത്തിയത്.
"തിരശ്ശീലയ്ക്ക് പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന ആളുകൾക്ക് നന്ദി പറയാൻ നമ്മൾ പലപ്പോഴും മറക്കുന്നു" എന്ന തലക്കെട്ടോടെ തന്റെ ഇൻസ്റ്റാഗ്രാമിലും വൈറൽ വിഡിയോ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. "അവരുടെ അടുക്കളയിൽ പോയി ഷെഫുകൾക്കും ജീവനക്കാർക്കും ഇന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾക്ക് രുചികരമായ ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പാക്കിയ എല്ലാവർക്കും നന്ദി പറയാൻ തോന്നി", എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വൈറൽ വിഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലും പങ്ക്‌വച്ചിട്ടുണ്ട്.
വയനാട് സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹം ഹോട്ടലുകളിൽ എത്തിയതായുള്ള റിപ്പോര്‍ട്ടുകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല.പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം വയനാട് സന്ദർശനത്തിനെത്തിയത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി ഹോട്ടൽ ജീവനക്കാർക്കൊപ്പം ചിത്രങ്ങളെടുക്കുന്ന വിഡിയോ വയനാട് ദുരിതബാധിതരെ സന്ദർശിക്കാനെത്തിയപ്പോഴല്ലെന്ന് വ്യക്തമായി.
∙ വസ്തുത
രാഹുൽ ഗാന്ധി ഹോട്ടൽ ജീവനക്കാർക്കൊപ്പം ചിത്രങ്ങളെടുക്കുന്ന വിഡിയോ വയനാട് ദുരിതബാധിതരെ സന്ദർശിക്കാനെത്തിയപ്പോഴുള്ളതല്ല.
English Summary:The video of Rahul Gandhi taking pictures with hotel staff is not from when he visited Wayanad victims