ബംഗ്ലദേശ് അട്ടിമറിയിൽ തലശ്ശേരിയിൽ ആഘോഷമോ? വാസ്തവമറിയാം | Fact Check
Mail This Article
ആഭ്യന്തരകലാപം രൂക്ഷമായ ബംഗ്ലദേശിലെ സ്ഥിതിഗതികൾ ഇതുവരെ ശാന്തമായിട്ടില്ല. ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞമാസം പകുതിയോടെ വിദ്യാർഥിസംഘടനകൾ ആരംഭിച്ച നിസ്സഹകരണ പ്രക്ഷോഭം വൻകലാപമായി പടരുകയായിരുന്നു. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) പിന്തുണയോടെയാണു പ്രക്ഷോഭം. ഇപ്പോൾ ബംഗ്ലദേശ് കലാപത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് തലശേരിയില്‍ നടന്ന പ്രകടനം എന്ന അവകാശവാദത്തോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
ബംഗ്ലാദേശ് ആട്ടിമറിയിൽ അൽ : കേരളത്തിന്റെ ആഘോഷം തലശ്ശേരിയിൽ. നോക്കിവച്ചോ ഇവറ്റകളെ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്.
വിഡിയോ കൂടുതൽ വ്യക്തമായി പരിശോധിച്ചപ്പോൾ ഷാഫി പറമ്പിലിന്റെ ചിത്രമുള്ള ടീ ഷര്‍ട്ടുകൾ അണിഞ്ഞവരും മുസ്‌ലിം ലീഗിന്റെ പതാക ധരിച്ചവരും ശ്രദ്ധയിൽപ്പെട്ടു. കൂടാതെ വിഡിയോയ്ക്കൊപ്പമുള്ള ചില കമന്റുകളിൽ പ്രചാരണം വ്യാജമാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനമാണിതെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.
മറ്റൊരു കമന്റിൽ വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ തലശ്ശേരിയിലെ ലീഗുകാർ ആഘോഷിക്കുന്ന ഈ വിഡിയോ ഇപ്പോൾ ബംഗാളികളുടെ ഭരണ മാറ്റത്തിന്റെ ആഘോഷമാക്കി മാറ്റി തമ്മിലടിപ്പിക്കാനുള്ള താങ്കളുടെ ആ കഴിവ് സമ്മതിക്കുന്നു എന്ന് ഒരാൾ പറയുന്നുണ്ട്. ഈ സൂചനകളുപയോഗിച്ച് തലശ്ശേരിയിലെ ചില ലീഗ് പ്രവർത്തകരുമായി ഞങ്ങൾ സംസാരിച്ചു.
തലശേരിയില്‍ ബംഗ്ലദേശ് വിഷയത്തില്‍ നടന്ന ആഘോഷമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. മുസ്‌ലിം ലീഗ് പ്രവർത്തകർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയമാഘോഷിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. യുഡിഎഫ് ബസ് സ്റ്റാന്റ് ഭാഗത്തേയ്ക്ക് നടത്തിയ പ്രകടനമായിരുന്നു ഇത് . പ്രകടനത്തിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ചേരുകയായിരുന്നെന്ന് അവർ വ്യക്തമാക്കി. മറ്റമ്പ്രം ജുമാമസ്ജിദിന്റെ മുന്നിലുള്ള തലശ്ശേരി –നാദാപുരം റോഡിലാണ് വിജയാഹ്ളാദ പ്രകടനം നടന്നത്. അവർ പറഞ്ഞു.
സ്ഥിരീകരണത്തിനായി ഞങ്ങൾ ലീഗ് പ്രവർത്തകർ നൽകിയ വിവരങ്ങളിലെ സൂചനകളുപയോഗിച്ച് ഗൂഗിൾ മാപ്പിൽ തിരഞ്ഞു. മറ്റമ്പ്രം ജുമാമസ്ജിദിന്റെ മുന്നിലുള്ള തലശ്ശേരി –നാദാപുരം റോഡില്‍ നിന്ന് ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന മുകുന്ദ് മല്ലര്‍ റോഡിലേക്കു പ്രവേശിക്കുന്ന വളവിൽ റോഡിന് എതിർ വശത്തുള്ള കടയുടെ മുൻപിലാണ് വൈറൽ വിഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമായി.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഷാഫി പറമ്പില്‍ എംപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബംഗ്ലദേശ് സംഭവത്തെ അനുകൂലിച്ച് തലശേരിയില്‍ നടന്ന ആഘോഷം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വസ്തുത
ഷാഫി പറമ്പില്‍ എംപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബംഗ്ലദേശ് സംഭവത്തെ അനുകൂലിച്ച് തലശേരിയില്‍ നടന്ന ആഘോഷം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary :The viral video has scenes from Shafi Parampil's election victory celebration In Thalassery