ADVERTISEMENT

ബംഗ്ലദേശിലെ ആഭ്യന്തരകലാപത്തിന്റെ അലയൊലികൾ  ഇതുവരെ അടങ്ങിയിട്ടില്ല. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ കീഴ്‌പ്പെടുത്താൻ ഭരണകക്ഷിയായ അവാമി ലീഗിന്റെ അനുയായികൾ തെരുവിലിറങ്ങിയതിനെ തുടർന്നുള്ള അരാജകത്വം നിറഞ്ഞ രംഗങ്ങളാണ് ബംഗ്ലദേശിൽ അരങ്ങേറിയത്.പ്രതിഷേധക്കാർ കെട്ടിടം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്നതായുളള അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

haseena4

∙ അന്വേഷണം

ശൈഖ് ഹസീനാത്താന്റെ കട്ടിൽ ആണ്. നാട്ടുകാർ കയറി നിരങ്ങി എന്ന കുറിപ്പിനൊപ്പമാണ് ഒരു ചിത്രമടങ്ങിയ പോസ്റ്റ് പ്രചരിക്കുന്നത്.വൈറൽ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ 2022ൽ ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചില മാധ്യമ റിപ്പോർട്ടുകളിൽ ഇതേ വൈറൽ ചിത്രം  ഉൾപ്പെട്ടതായി കണ്ടു.

റിപ്പോർട്ടുകളിലെ ചിത്രങ്ങളിലൊന്നിൽ  During Sri Lanka unrest, protesters were seen sleeping in the former president's bed എന്ന തലക്കെട്ട് നൽകിയിട്ടുണ്ട്.

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾക്കെതിരെ ശ്രീലങ്കയിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, സഹോദരനും മുൻ പ്രസിഡന്റുമായ ഗോതബയ രാജപക്സ ഉൾപ്പെടെയുള്ള ശക്തരായ രാജപക്സ കുടുംബത്തെ അധികാരത്തിൽ നിന്ന് വീഴ്ത്തിയ പ്രക്ഷോഭം സ്വാതന്ത്ര്യാനന്തരം രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രക്ഷോഭ കാലയളവുകളിലൊന്നായിരുന്നു.ആഹാരവും മരുന്നും വൈദ്യുതിയും ഇന്ധനവുമില്ലാതെ നട്ടംതിരിഞ്ഞ ശ്രീലങ്കക്കാർ അധികാരത്തിലുണ്ടായിരുന്ന രാജപക്സമാരുടെ കുടുംബാധിപത്യം അവസാനിപ്പിക്കാൻ സമൂഹമാധ്യമ ക്യാംപയ്നുകളിലൂടെ ഒത്തുകൂടുകയും കൊളംബോ അടക്കമുള്ള നഗരങ്ങളെ മുൾമുനയിൽ നിറുത്തുകയുമായിരുന്നു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ ചിത്രം ഇപ്പോൾ ബംഗ്ലദേശിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.രാജ്യത്തെ സാമ്പത്തിക അനിശ്ചിതത്വത്തെത്തുടർന്ന് ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ചിത്രമാണിത് .

∙ വസ്തുത

വൈറൽ ചിത്രം ഇപ്പോൾ ബംഗ്ലദേശിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതല്ല.രാജ്യത്തെ സാമ്പത്തിക അനിശ്ചിതത്വത്തെത്തുടർന്ന് 2022ൽ ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ചിത്രമാണ് ബംഗ്ലദേശിലേതെന്ന തരത്തിൽ പ്രചരിക്കുന്നത്.

English Summary :The viral image is not related to the protests in Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com