ADVERTISEMENT

ഉരുൾ കുത്തിയൊലിച്ചെത്തി അനേകം ജീവനും ജീവിതവും കവർന്ന വയനാടിന്റെ മുറിവുണക്കാൻ കേരളം വീണ്ടും ഒന്നായി കൈകോർക്കുകയാണ്.വയനാടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കൈയ്യ് മെയ് മറന്ന് സഹായമെത്തിക്കാൻ നാടൊന്നാകെ മുൻപന്തിയിലുണ്ട്. ഇപ്പോൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  ചിത്രത്തിനൊപ്പം വയനാട് ദുരിതാശ്വാസം പണം വകമാറ്റിയെന്ന് പരാതി, യൂത്ത് കോണ്‍ഗ്രസില്‍ പോര് എന്ന തലക്കെട്ടോടു കൂടിയ ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സാമ്പത്തിക തട്ടിപ്പില്‍ രാഹുല്‍ മാങ്കൂട്ടവുമുള്‍പ്പടെ ആരോപണ വിധേയനാണെന്ന തരത്തിലാണ് പോസ്റ്റുകള്‍ വൈറലായിരിക്കുന്നത്. വൈറൽ കാർഡിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം

rahul1

∙ അന്വേഷണം

24 ന്റെ വാര്‍ത്താ കാർഡ് എന്ന പേരിലാണ് വൈറൽ കാർഡ് പ്രചരിക്കുന്നത്. അവരുടെ ലോഗോയും കാർഡിൽ കാണാം. കീവേഡുകളുടെ പരിശോധനയിൽ വൈറൽ കാർഡിലുള്ള അതേ തലക്കെട്ടോടെ ഒരു വാർത്ത ട്വന്റി ഫോർ  പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. എന്നാൽ ഈ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രത്തിൽ വൈറൽ കാർഡിലേതിന് സമാനമായ ചിത്രമല്ല നൽകിയിട്ടുള്ളത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രത്തിന് പകരം യൂത്ത് കോൺഗ്രസിന്റെ പതാകയാണ് നൽകിയിട്ടുള്ളത്.

വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിൽ പോര്. മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് പ്രസിഡന്റ് ദിവാനന്ദ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പരാതിയെന്ന് ആരോപണവിധേയനായ അശ്വിൻ പറയുന്നു. വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി.വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ പണസമാഹരണം നടത്തി, വകമാറ്റി ചെലവിട്ടു എന്നതാണ് യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അമൽ ദിവാനന്ദ് പറയുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ പേരിൽ പിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസിന്റെ പേരിൽ ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ചലഞ്ച് കൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ എടവലത്ത് വ്യക്തമാക്കി. സംഭവം വിവാദമായതോടെ നിഷധകുറിപ്പ് ഇറക്കി പരാതിക്കാരൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു നാട് തന്നെ ഒന്നിച്ചു നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിനുള്ളിലെ ധനസമാഹരണ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നാണ് വാർത്താ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ റിപ്പോർട്ടുകളിലെവിടെയും രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് പരാമർശിക്കുന്നില്ല.

എന്നാൽ മറ്റൊരു റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അമൽ ദിവാനന്ദ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനയച്ച കത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. തുക വകമാറ്റിയത് സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിനയച്ച പരാതി കത്തിന്റെ പകർപ്പും ഈ വാർത്തയിൽ നൽകിയിട്ടുണ്ട്.

കൂടുതൽ തിരയലിൽ ട്വന്റിഫോറിന്റേതെന്ന രീതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി അവരുടെ സമൂഹമാധ്യമ പേജിൽ നൽകിയ പോസ്റ്റും ലഭിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വൈറൽ പോസ്റ്റിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം എഡിറ്റ് ചെയ്തതാണെന്നും വ്യക്തമായി.

∙ വസ്തുത

രാഹുൽ മാങ്കൂട്ടത്തിലും ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. വൈറൽ പോസ്റ്റിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുകയാണ്.

English Summary :The picture of Rahul Mangootathil in the viral post has been edited and added

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com