ഇത് കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കോലിയുടെ രോഷപ്രകടനമോ? വാസ്തവമറിയാം | Fact Check
Mail This Article
കൊൽക്കത്ത ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിൽ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹർഭജൻ സിംഗ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കൊൽക്കത്തയിലെ സംഭവത്തിൽ കോഹ്ലി രോഷം പ്രകടിപ്പിച്ചതായുള്ള അവകാശവാദവുമായാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
"ഡോ. മൗമിത കാസിനെക്കുറിച്ചും നമ്മൾ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും വിരാട് കോലി എന്താണ് പറയുന്നതെന്ന് കേൾക്കുക" എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. ഇത് അസ്വസ്ഥപ്പെടുത്തുന്നതാണ്, ഞെട്ടിക്കുന്നതാണ്, ആ സമൂഹത്തിന്റെ ഭാഗമാകാൻ ഞാൻ ലജ്ജിക്കുന്നു. നമ്മുടെ ചിന്താഗതി മാറ്റേണ്ടതുണ്ടെന്നും പുരുഷന്മാരോടും സ്ത്രീകളോടും ഒരേ രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു. മാന്യമായി പെരുമാറുകയും സ്ത്രീകളോട് കുറച്ച് അനുകമ്പയോടെ പെരുമാറുകയും ചെയ്യുക. ഇതുപോലൊന്ന് സംഭവിക്കുകയും, ആളുകൾ ഇത് കാണുകയും അതിനെക്കുറിച്ച് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് ഞാൻ കരുതുന്നു. ആ ആളുകൾക്ക് സ്വയം പുരുഷന്മാർ എന്ന് വിളിക്കാൻ അവകാശമില്ല. എനിക്ക് ഒരേയൊരു ചോദ്യമേയുള്ളൂ നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലൊന്ന് സംഭവിച്ചാൽ, അത് നിങ്ങൾ കണ്ട് നിൽക്കുമോ അതോ നിങ്ങൾ സഹായിക്കുമോ? എന്നാണ് വൈറൽ വിഡിയോയിൽ വിരാട് കോലി പറയുന്നത്. #JusticeForMoumita #justice_for_pooja #justiceformoumitadebnath എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റ് കാണാം
ഈ വിഡിയോ കീഫ്രെയിമുകളാക്കി നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2017 ജനുവരി 6ന് വിരാട് കോലിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം ട്വീറ്റ് ചെയ്ത സമാന വിഡിയോ ലഭിച്ചു.
ഈ രാജ്യം എല്ലാവർക്കും സുരക്ഷിതവും തുല്യവുമായിരിക്കണം. സ്ത്രീകളെ വ്യത്യസ്തമായി കാണേണ്ടതില്ല. നമുക്ക് ഒരുമിച്ച് നിൽക്കാം, ഇത്തരം ദയനീയമായ പ്രവൃത്തികൾ അവസാനിപ്പിക്കാം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്ക്‌വച്ചിരിക്കുന്നത്.
വിഡിയോ വ്യക്തമായി പരിശോധിച്ചപ്പോൾ ബെംഗളൂരുവിൽ സംഭവിച്ചത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു എന്ന വാചകത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത് എന്നത് വ്യക്തമായി. വൈറൽ വിഡിയോയുമായി ഈ വിഡിയോ താരതമ്യം ചെയ്തപ്പോൾ വൈറൽ വിഡിയോയിൽ ബെംഗളൂരുവിനെ പരാമർശിക്കുന്ന ഭാഗം എഡിറ്റ് ചെയ്തതായും കണ്ടെത്തി.
ഞങ്ങൾക്ക് ലഭിച്ച വിഡിയോയിൽ ബെംഗളൂരുവിൽ നടന്ന ഏതോ സംഭവത്തെയാണ് കോലി വിമർശിക്കുന്നതെന്ന് വ്യക്തമായി.
ഈ സൂചനകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് 2017 ജനുവരി 6ന് പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. ബെംഗളുരുവിൽ സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി എന്ന തലക്കെട്ടോടെയാണ് വാർത്താ റിപ്പോർട്ട്. ബെംഗളൂരുവിൽ ന്യൂഇയർ രാത്രിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ പ്രതികരിക്കാത്തവരെ കോലി റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ട്വിറ്ററിൽ വിരാട് പങ്ക്‌വച്ച യഥാർത്ഥ വിഡിയോയും റിപ്പോർട്ടിനൊപ്പമുണ്ട്. എൻഡിടിവിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കൊൽക്കത്ത ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടല്ല വിരാട് കോലിയുടെ വിഡിയോയെന്ന് വ്യക്തമായി. 2017ൽ പുതുവൽസര രാത്രിയിൽ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവത്തിലാണ് വിരാട് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. വൈറൽ വിഡിയോയ്ക്ക് കൊൽക്കത്തയിലെ കൊലപാതകവുമായി ബന്ധമില്ല.
∙ വസ്തുത
കൊൽക്കത്ത ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടല്ല വിരാട് കോലിയുടെ വിഡിയോ. 2017ൽ പുതുവൽസര രാത്രിയിൽ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവത്തിലാണ് വിരാട് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. വൈറൽ വിഡിയോയ്ക്ക് ഇപ്പോൾ നടന്ന കൊൽക്കത്ത സംഭവുമായി ബന്ധമില്ല.
English Summary:Virat Kohli's video is not related to the murder of a PG doctor at RG Kar Government Medical College, Kolkata