മമ്മൂട്ടിക്ക് എതിരെ നടി ആതിരയുടെ വെളിപ്പെടുത്തലോ?; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ | Fact Check
Mail This Article
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും താരങ്ങളുമായും സിനിമകളുമായും അണിയറപ്രവർത്തകരുമായും ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളാണ് അരങ്ങേറുന്നത്. ഇപ്പോൾ നടി ആതിരയുടെ ഒരു അഭിമുഖത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്. 6 മാസം മുന്നേ ഉള്ള ഇന്റർവ്യൂ.. അങ്ങനെ #മെഗാ സ്റ്റാറും പെട്ടു - "#ഹിക്ക ഫാൻസിന് കനത്ത തിരിച്ചടി" എന്ന അവകാശവാദങ്ങളോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോയുടെ സ്ക്രീൻഷോട്ട് കാണാം
∙ അന്വേഷണം
പ്രചരിക്കുന്ന വിഡിയോയിലുള്ളത് മുൻപ് ‘ദാദാസാഹിബ്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും മറ്റ് ചില മലയാള സിനിമകളിലും അഭിനയിച്ച നടി ആതിരയാണ്. പ്രചരിക്കുന്ന വിഡിയോയിൽ മനോരമ ഓൺലൈനിന്റെ വാട്ടർമാർക്ക് കണ്ടെത്തി. കീവേഡുകളുടെ പരിശോധനയിൽ 2024 മേയ് 25ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച നടി ആതിരയുടെ ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള ഇന്റർവ്യൂവിന്റെ പൂർണ രൂപം ഞങ്ങൾക്ക് ലഭിച്ചു. ആ വിഡിയോ കാണാം
സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി എന്ന തലക്കെട്ടോടെയാണ് വിഡിയോ. നടിയുടെ യഥാർത്ഥ പേര് രമ്യ എന്നാണെന്നും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഈ വിഡിയോ പരിശോധിച്ചപ്പോൾ രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് ആതിര പറഞ്ഞ മറുപടികളാണ് വൈറൽ വിഡിയോയിൽ കാണുന്ന ഭാഗമെന്ന് വ്യക്തമായി. ആദ്യ ചിത്രമായ ‘ദാദാ സാഹിബി’ൽ താൻ മമ്മൂട്ടിയുടെ നായികയായാണ് വന്നതെന്നും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് മമ്മൂട്ടിയും ചേർന്നാണെന്നും വിഡിയോയിൽ ആതിര പറയുന്നുണ്ട്. കൂടാതെ മമ്മൂട്ടിയെ ഇനിയൊരു അവസരം കിട്ടിയാൽ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും മമ്മൂട്ടിക്കും മറ്റ് താരങ്ങൾക്കുമൊപ്പം ചെലവിട്ട നല്ല നിമിഷങ്ങളെക്കുറിച്ചും ഈ വിഡിയോയിൽ താരം വ്യക്തമായി പറയുന്നുണ്ട്.
ഇതിൽ എന്റെ ഫസ്റ്റ് മൂവി ‘ദാദാസാഹിബാ’ണെന്നും മമ്മൂട്ടിയുടെ നായികയായിരുന്നെന്നും ആതിര പറയുന്ന ഭാഗവും വിഡിയോയുടെ പതിമൂന്നാം മിനിറ്റിനു ശേഷം അഭിനയ ജീവിതത്തെ മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് സിനിമ മേഖലയിൽ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് മറുപടിയായി പറയുന്ന മറ്റൊരു ഭാഗവും ചേർത്താണ് വൈറൽ വിഡിയോ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ഭാഗവുമായി രണ്ടാമത്തെ ഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന് മുഴുവൻ വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതേ അഭിമുഖം ലേഖനമായും മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും നടി ആതിരയുടെ പരാമർശം മമ്മൂട്ടിക്കെതിരെയാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
∙ വസ്തുത
നടി ആതിരയുടെ പരാമർശം മമ്മൂട്ടിക്കെതിരെയാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണ്.
മനോരമ ഓൺലൈന് ആതിര നൽകിയ അഭിമുഖത്തിലെ വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് വൈറൽ വിഡിയോ നിർമിച്ചിരിക്കുന്നത്.
English Summary: Actress Athira's comment against Mammootty is edited video - Fact Check