തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടോ? വാസ്തവമറിയാം | Fact Check
Mail This Article
തെരുവുനായകളുടെ കടിയേൽക്കുന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ അവ വീണ്ടും ചർച്ചയാകാറുമുണ്ട്. തെരുവുനായ്ക്കളെ കൊല്ലാമെന്നു സുപ്രീം കോടതി ഉത്തരവിട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
ഓ! ആശ്വാസമായി: നാളുകൾ ഏറെയായി നായ്ക്കളുടെ ശുനകപൗരുഷം സഹിക്കാൻ തുടങ്ങിയിട്ട്.റോഡുകളിലും 'പാതക്കവലകളിലും 'ഇടവഴികളിലും 'വയൽവരമ്പുകളിലും ഗ്രാമത്തുരുത്തുകളിലെ വഴിയരികിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടുകാരുടെ വീട്ടിൽ പോലും ചെറുതും വലുതുമായ നായ്ക്കളുടെ കുരകളും അട്ടഹാസങ്ങളും 'നായ്ക്കൾ ക്ഷുദ്രജീവികളാണ് 'പേപ്പട്ടികടിച്ചാൽ കടിയേറ്റത് മനുഷ്യനായാലും നായ്ക്കളായാലും പേ പിടിക്കും എന്നതിന് പണ്ടു മുതലേ തെളിവുകളുണ്ട്.തൊണ്ണൂറുദിവസം തികയുമ്പോൾ കടി ഏറ്റ ജീവിഏതായാലും പേ ഇളകും പിന്നീട് ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ ആവില്ല.പേബാധിച്ച നായ്ക്കളുടെ ചടുലമായ ചേഷ്ട്ടാഗോഷ്ടി ക ളെല്ലാം പേബാധിച്ച മനുഷ്യനടക്കമുള്ള എല്ലാ ജന്തുക്കളും ആവർത്തിക്കണം എന്നുള്ളതാണ് പ്രകൃതി നിയമം 'നായ്ക്കളെ പോറ്റി വളർത്തുന്ന ശൂനകപ്രേമികൾ ആരും പര ദ്രോഹപരമായ ദുഷ്കൃതി ക ളെപ്പറ്റി ചിന്തിക്കുന്നില്ല.നാഥനില്ലാത്ത നായ്ക്കൾ ഒന്നൊന്നായി സംഘടിച്ച് റോഡുക വല കളിലും വഴി കളിലും സ്വയ് രവി ഹാരം നടത്തി ഒറ്റയ്ക്കു നടന്നു വരുന്ന മനുഷ്യരേയും മറ്റു പക്ഷീ മൃഗാദികളെയും ആക്രമിച്ചു നാശത്തിലെത്തിയ്ക്കുന്നു ' റോഡിലോടുന്നവണ്ടികൾക്കു കുറുകെ ചാടിയും ഈ വികൃത ജീവികൾ അപകടങ്ങൾ വരുത്തി വെക്കുന്നു 'പ്രത്യേകിച്ച് വീട്ടുകാരുടെ അധികാര പരിധിയിൽ പെടാത്ത നായ്ക്കൾ ഓരോ വീടിൻ്റെ വളപ്പിലും പടിയ്ക്കലും കയറി നിന്ന് വഴി പോക്ക രായ ജനങ്ങളുടെ നേരേ കുരച്ചു ചാടുന്നു 'ഒറ്റയ്ക്കാണ് നടക്കുന്നതെങ്കിൽ കടി ഉറപ്പായതു തന്നെ.രണ്ടു ദിവസം മുമ്പ് ഒരു പേപ്പട്ടി നാട്ടിൽക്കൂടെ പാഞ്ഞു നടന്ന് ഒരു കുഞ്ഞിനേയും കുറെ നായ്ക്കളേയും കടിക്കുകയും ശേഷം പരിസരവാസികളായ ചെറുപ്പക്കാർ ചേർന്ന് ആ പേപ്പട്ടിയെ കൊന്നു കളഞ്ഞെന്നും കേട്ടു .പേപിടിച്ച നായ്ക്കൾക്കും കുട്ടിയ്ക്കും പേബാധ ഏൽക്കരുതേ എന്ന പ്രാർത്ഥനയ്ക്കൊപ്പം കാലക്രമേണ വർദ്ധിച്ചു വരുന്ന ഈ ചെകുത്താന്റെ സന്തതികളെ ഉന്മൂലനം ചെയ്യുക എന്നും അപേക്ഷിച്ചു കൊള്ളുന്നു എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം
ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ തെരുവു നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ 2015 സെപ്റ്റംബറിലാണ് അപകടകാരികളായവയെ നിയമപ്രകാരം കൊല്ലാമെന്നു കോടതി ഉത്തരവിട്ടിരുന്നതെന്നു കണ്ടെത്തി. പേവിഷബാധയുള്ള നായകളെ നിയമപ്രകാരം കൊല്ലാമെന്നായിരുന്നു ആ ഉത്തരവ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ഹർജിയിലായിരുന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീർത്തി സിങ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യജീവനെക്കാൾ പ്രധാനമല്ല നായകളുടെ ജീവനെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, നായകൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നു 2017 ൽ നൽകിയ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. സമൂഹത്തിനു ഭീഷണിയാകുന്ന നായ്ക്കളെ മാത്രമേ കൊല്ലാൻ പാടുള്ളൂവെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് അന്നു വ്യക്തമാക്കി.
എന്നാൽ 2024 ജൂലൈ 18ലെ റിപ്പോർട്ടുകളനുസരിച്ച് തെരുവ് നായ്ക്കളെ വിവേചനരഹിതമായി കൊല്ലരുതെന്നും അവയുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഏത് നടപടിയും നിയമത്തിന്റെ പരിധിയിൽ വരണമെന്നും സുപ്രീം കോടതി പറഞ്ഞു.
1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 2001-ലെ ആനിമൽ ബർത് കൺട്രോൾ റൂൾസും (നിയമപ്രകാരം രൂപപ്പെടുത്തിയത്) സംസ്ഥാനങ്ങളുടെ പ്രാദേശിക, മുനിസിപ്പൽ നിയമങ്ങളെക്കാൾ നിലനിൽക്കുമോ എന്ന് ചോദിച്ചുള്ള ഒരു കൂട്ടം അപ്പീലുകളും ഹർജികളും കോടതി തീർപ്പാക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച്, എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാണിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൂല്യമാണെന്ന് അടിവരയിട്ടു പറഞ്ഞു.
ഞങ്ങൾക്കു ലഭ്യമായ മറ്റൊരു റിപ്പോർട്ടനുസരിച്ച് 2015 സെപ്റ്റംബറിലാണ് അപകടകാരികളായ തെരുവുനായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. പേവിഷ ബാധയുള്ള നായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്നായിരുന്നു കോടതി അന്നു നൽകിയ ഉത്തരവ്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവര്‍ വിധി പറഞ്ഞത്. പിന്നീട് 2017ല്‍ എല്ലാ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളി. നായ്ക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് അന്ന് കോടതി ഹര്‍ജി തള്ളിയത്. ഇക്കാലയളവിൽ വ്യാപകമായി ഇതേ വൈറൽ കാർഡും പ്രചരിച്ചതായി വ്യക്തമായി. ഇക്കാര്യമാണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വസ്തുത
2015ൽ പേവിഷബാധയേറ്റ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി വിധിയെക്കുറിച്ച് അന്ന് നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
English Summary:The news about the earlier Supreme Court Verdict that stray dogs infected with rabies can be killed is now being circulated in a misleading manner