ലത മങ്കേഷ്‌കറിന്റെ അവസാന വാക്കുകള്‍! വാസ്തവമിതാണ് | Fact Check
Mail This Article
അന്തരിച്ച ഗായിക ലത മങ്കേഷ്‌കറുടെ അവസാന_വാക്കുകൾ എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ലത മങ്കേഷ്‌കറുടേതല്ല ഈ കുറിപ്പെന്നും ചിത്രം അവരുടെ അവസാന നാളിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
ലതാ മങ്കേഷ്‌കറിന്റെ #അവസാന_വാക്കുകൾ..ഈ ലോകത്ത് മരണത്തേക്കാൾ വലിയ സത്യമില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ ബ്രാൻഡഡ് കാർ എന്റെ ഗാരേജിൽ പാർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ഞാൻ വീൽചെയറിൽ ഒതുങ്ങി! ഈ ലോകത്തിലെ വിവിധ ഡിസൈനുകളും നിറങ്ങളും, വിലകൂടിയ വസ്ത്രങ്ങളും, വിലകൂടിയ ഷൂസുകളും, വിലകൂടിയ സാധനങ്ങളും എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ ഞാൻ ഹോസ്പിറ്റലിൽ നിന്ന് നൽകിയ ഒരു ചെറിയ ഗൗണിലാണ്!
എന്റെ ബാങ്ക് അക്കൗണ്ടിൽ ധാരാളം പണമുണ്ട്, അത് എനിക്ക് പ്രയോജനകരമല്ല. എന്റെ വീട് എനിക്ക് ഒരു കൊട്ടാരം പോലെയാണ്, പക്ഷേ ഞാൻ ഒരു ആശുപത്രിയിൽ ഒരു ചെറിയ കട്ടിലിൽ കിടക്കുന്നു. ഞാൻ ഈ ലോകത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മാറിക്കൊണ്ടേയിരുന്നു. എന്നാൽ ഇപ്പോൾ എന്നെ ആശുപത്രിയിലെ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് അയയ്ക്കുന്നു!
ഒരു ഘട്ടത്തിൽ 7 ഹെയർഡ്രെസ്സർമാർ എല്ലാ ദിവസവും എന്റെ മുടി ചെയ്യും. പക്ഷേ ഇന്ന് എന്റെ തലയിൽ രോമമില്ല. ലോകമെമ്പാടുമുള്ള വിവിധ 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ ഒരു തുള്ളി ഉപ്പും ആണ്.ഞാൻ വ്യത്യസ്ത വിമാനങ്ങളിൽ ലോകമെമ്പാടും സഞ്ചരിക്കുകയായിരുന്നു. എന്നാൽ ഇന്ന് രണ്ടുപേർ എന്നെ ആശുപത്രി വരാന്തയിലേക്ക് സഹായിച്ചു. അതിനുള്ള സൗകര്യങ്ങളൊന്നും എന്നെ സഹായിച്ചില്ല.
എന്നാൽ ചില പ്രിയപ്പെട്ടവരുടെ മുഖങ്ങൾ, അവരുടെ പ്രാർത്ഥനകൾ എന്നെ ജീവിപ്പിക്കുന്നു. ഇതാണ് ജീവിതം. എത്ര പണക്കാരനായാലും ഒടുവിൽ വെറും കൈയോടെ പോകും. അതിനാൽ ദയ കാണിക്കുകയും നിങ്ങൾക്ക് കഴിയുന്നവരെ സഹായിക്കുകയും ചെയ്യുക. പണത്തിനും അധികാരത്തിനും വേണ്ടി ആളുകളെ വിലയിരുത്തുന്നത് ഒഴിവാക്കുക. നല്ല ആളുകളെ സ്നേഹിക്കുക, ആരെയും വേദനിപ്പിക്കരുത്, നല്ലവരായിരിക്കുക. ലത മങ്കേഷ്‌കർ എന്നാണ് ലത മങ്കേഷ്ക്കറിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്. പോസ്റ്റ് കാണാം
2022 ഫെബ്രുവരി ആറിനാണ് ലത മങ്കേഷ്‌കർ അന്തരിച്ചത്. ലത മങ്കേഷ്‌കറുമായി ബന്ധപ്പെട്ട ആ സമയത്തെ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ പരിശോധിച്ചു.കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ലത മങ്കേഷ്‌കർ അവസാന നാളുകളിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കീവേഡുകളുടെ പരിശോധനയിലും ഇത്തരമൊരു പ്രസ്താവന ഇവർ നടത്തിയതായുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. കൂടാതെ പോസ്റ്റിൽ കാൻസർ രോഗത്തിന്റെ സൂചനകളുമുണ്ട്. എന്നാൽ കാൻസർ ബാധിച്ചല്ല, കോവിഡും ന്യുമോണിയയും ബാധിച്ചാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ലത മങ്കേഷ്‌കര്‍ മരണത്തിന് കീഴടങ്ങിയതെന്ന് വ്യക്തമാണ്.
വൈറൽ പോസ്റ്റിന്റെ ഇംഗ്ലിഷ് പരിഭാഷയിലുള്ള കീവേഡ് പരിശോധനയിൽ അന്തരിച്ച ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള പ്രശസ്ത ഫാഷന്‍ ബ്ലോഗര്‍ കിര്‍സയാദ റോഡ്രിഗസിന്റേതാണ് ഈ വാക്കുകൾ എന്ന കുറിപ്പോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചു.വിഡിയോ കാണാം.
കാൻസർ ബാധിച്ച് 2018 സെപ്റ്റംബര്‍ ഒമ്പതിനാണ് കിര്‍സയാദ റോഡ്രിഗസ് അന്തരിച്ചത്. രോഗം രൂക്ഷമായ കാലയളവിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ ഇക്കാലയളവിലാണ് ഇത്തരമൊരു വിഡിയോ പുറത്തിറക്കിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
∙ വസ്തുത
2018 ല്‍ അന്തരിച്ച രാജ്യാന്തര ഫാഷന്‍ ബ്ലോഗര്‍ കിർസയാദ റോഡ്രിഗസിന്റെ മരണത്തിന് മുൻപുള്ള അവസാന വാക്കുകളാണ് ലത മങ്കേഷ്ക്റിന്‍റെ അവസാന വാക്കുകള്‍ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.
English Summary :The last words of Kirsayada Rodriguez before her death are circulating with the claim that they are the last words of Lata Mangeshkar