ADVERTISEMENT

മധ്യേഷ്യയില്‍  നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രയേൽ സൈന്യം ദക്ഷിണ ലബനനിലുള്ള ചില മേഖലകളില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളിൽ മെഡിക്കൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നു ചില റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ മേഖലയില്‍ ഇസ്രയേലിന്റെ പട്ടാളക്കാരും ഹിസ്ബുള്ള പോരാളികളും കരയില്‍ പോരാട്ടം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്നാൽ ഇപ്പോൾ ദക്ഷിണ ലബനനില്‍ ഇസ്രയേലിന്റെ കോപ്റ്റർ വെടിവച്ചിട്ടു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെബനനിലെ അല്‍ ഖിയാമിലാണ് കോപ്റ്റര്‍ വീഴ്ത്തിയതെന്നാണ് വൈറൽ പോസ്റ്റിൽ വ്യക്തമാക്കുന്നത്. മരിച്ചതും, മുറിവേറ്റവരുമായ സൈനികരെ കോപ്റ്ററില്‍  കൊണ്ടു പോകുമ്പോഴാണ് കോപ്റ്റർ തകർത്തതെന്നാണ് പോസ്റ്റിനൊപ്പമുള്ള അവകാശവാദം.എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം.

∙ അന്വേഷണം

കീവേഡ് പരിശോധനയിൽ വൈറൽ ചിത്രം 2019 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായി. റിവേഴ്‌സ് ഇമേജ് പരിശോധനയിൽ 'ഗാസയില്‍ ആക്രമണം: ടെല്‍ അവീവ് ആക്രമണത്തിനു ശേഷം ഇസ്രയേലിന്റെ ജെറ്റുകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നു' എന്ന തലക്കെട്ടോടെ വൈറൽ ചിത്രവുമുൾപ്പെട്ട 2109 മാര്‍ച്ച് 25ന് 'അറബ് ന്യൂസ്' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

മറ്റൊരു കീവേഡ് പരിശോധനയിൽ 'ടൈംസ് ഓഫ് ഇസ്രയേല്‍'  2019 മെയ് 20ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ 2019 മാര്‍ച്ച് 25ന് ഒരു ഇസ്രയേലി ഹെലികോപ്റ്റര്‍ ഗാസ സ്ട്രിപ്പിനു മുകളില്‍ അഗ്നി വര്‍ഷിക്കുന്നു, ടെല്‍ അവീവിനടുത്തുള്ള ഒരു വീട്ടില്‍ പലസ്തീന്‍ പ്രദേശത്തു നിന്ന് അയച്ച ഒരു റോക്കറ്റ് പതിച്ച് 7 പേര്‍ക്ക് പരിക്കേറ്റു എന്ന വിവരണത്തിനൊപ്പം വൈറൽ ചിത്രവുമടങ്ങിയ റിപ്പോർട്ട് ലഭിച്ചു.  ഇതിൽ നിന്ന് മുമ്പ് നടന്ന സംഘര്‍ഷത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന സൂചന ലഭിച്ചു. 

2019 മാര്‍ച്ച് 25ന് അല്‍ ജസീറ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രദേശം കാണിച്ച് വൈഡ് ആംഗിളില്‍ ഷൂട്ടു ചെയ്ത റോയിട്ടേഴ്‌സ് ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഒരു ഇസ്രയേലി ഹെലികോപ്റ്റര്‍ ഗാസാ സ്ട്രിപ്പിനു മുകളില്‍ തീ വര്‍ഷിച്ച് പറക്കുന്നു (മുഹമ്മദ് സലാം/റോയിട്ടേഴ്‌സ്) എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

ഈ സൂചനകളിൽ നിന്ന് ചിത്രം പഴയതാണെന്നും, അടുത്തിടെ അല്‍-ഖയിമയില്‍ നടന്ന സംഭവ വികാസങ്ങളുമായി വൈറൽ ചിത്രത്തിന് ബന്ധമില്ലെന്നും വ്യക്തമാകുന്നുണ്ട്. കൂടാതെ, അടുത്ത ദിവസങ്ങളില്‍ ഇസ്രയേലിന്റെ ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ടോ എന്ന കാര്യത്തെക്കുറിച്ച് നടത്തിയ പരിശോധനയിൽ വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമായില്ല.  ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിൽ ലബനനില്‍ സംഘട്ടനം നടക്കുന്ന കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ തങ്ങളുടെ ഒരു ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ട വിവരം എവിടെയും പരാമര്‍ശിച്ചിട്ടില്ല.

ലബനനില്‍ യുദ്ധം നടക്കുന്ന കാര്യം അനഡോളു (Anadolu) ഏജന്‍സി പോലെയുള്ള സ്ഥാപനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അല്‍-ഖിയാമില്‍ ബോംബ് വീണ കാര്യവും പറയുന്നുണ്ട്. എന്നാല്‍, ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

∙ വസ്‌തുത

ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ അല്‍-ഖിയാമില്‍ വെടിവച്ചിട്ടു എന്ന അവകാശവാദം തെറ്റാണ്. സമൂഹ മാധ്യമ പോസ്റ്റിനൊപ്പമുള്ള വൈറലായ ഫോട്ടോ 2019ല്‍ നിന്നാണ്. ഗാസയില്‍ അന്നു നടന്ന പോരാട്ടവുമായി ബന്ധപ്പെട്ട ചിത്രമാണത്. ഇപ്പോഴത്തെ സംഘര്‍ഷവുമായി ബന്ധമില്ല.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary : The claim that the Israeli helicopter was shot down in al-Qiyam is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com