ഇത് സിപിഎം പുറത്തിറക്കിയ മദ്യ ബ്രാൻഡോ? | Fact Check
![soda1 soda1](https://img-mm.manoramaonline.com/content/dam/mm/mo/fact-check/viral/images/2024/12/13/soda1.jpg?w=1120&h=583)
Mail This Article
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ കുപ്പിയില്‍ കുടിവെള്ളം നല്‍കിയ സംഭവം ചര്‍ച്ചയായിരുന്നു. ഹരിതചട്ടം പാലിക്കുന്നതിനു വേണ്ടി ചില്ലു കുപ്പി ഉപയോഗിച്ചതാണെങ്കിലും ഇതിനായി ബിയര്‍ ബോട്ടില്‍ തിരഞ്ഞെടുത്തതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ലേബല്‍ ഒട്ടിച്ചാണ് പ്രതിനിധകള്‍ക്ക് ബിയര്‍ കുപ്പിയില്‍ വെള്ളം വിതരണം ചെയ്തത്. അതിനിടെ കൊല്ലം ജില്ലാ സമ്മേളനത്തിലല്ല സിപിഎം ആദ്യമായി ലേബല്‍ ഒട്ടിച്ച് മദ്യം വിതരണം ചെയ്തതെന്നും നേരത്തെ മുതല്‍ തന്നെ ഇത്തരത്തില്‍ മദ്യ വിതരണം നടത്തുന്നുണ്ടെന്നുമുള്ള രീതിയില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചുവന്ന നിറത്തിലെ പാനീയമുള്ള ചില്ലു കുപ്പിയില്‍ സിപിഎമ്മിന്റെ ചിഹ്നവും Leninade എന്ന ലേബലും കാണാം.
എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ ചിത്രത്തിലുള്ളത് മദ്യമല്ല, ഇതിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.വാസ്തവമറിയാം
∙ അന്വേഷണം
"പറയുന്നത് കേട്ടാല്‍ തോന്നും കൊല്ലം കമ്മറ്റിയാണ് ആദ്യമായി മദ്യം വന്‍ തോതില്‍ ലേബലൊട്ടിച്ച് കുടിക്കാന്‍ കൊടുത്തതെന്ന് " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.
പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ Leninade ഒരു സോഡയാണെന്ന് മനസിലാക്കാനായി. ഇത് ഓണ്‍ലൈനായി ലഭ്യമാകുന്ന നിരവധി ലിങ്കുകളും ലഭിച്ചു. പിന്നീട് ഞങ്ങള്‍ പരിശോധിച്ചത് ഈ സോഡയുടെ നിര്‍മാതാക്കളെ പറ്റിയാണ്. കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ Huffpost.com എന്ന അമേരിക്കന്‍ ന്യൂസ് പോര്‍ട്ടലില്‍ നവംബര്‍ 20ന് ലെനിനേഡ് സോഡയെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭ്യമായി. ഇതില്‍ പറയുന്നത് 'റിയല്‍ സോഡ' എന്ന കമ്പനി പുറത്തിറക്കിയ സോവിയറ്റ് തീമിലുള്ള സോഡയാണ് ലെനിനേഡ്. 2002 മുതല്‍ ഇത് വിപണിയില്‍ ലഭ്യമാണ്. സാധാരണ സോഡയുടെ ചേരുവകളോടെ ചുവപ്പ്, പിങ്ക് നിറങ്ങളില്‍ തയാറാക്കിയിട്ടുള്ളതാണ് ഈ സോഡയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
![untitled_design_7_0 untitled_design_7_0](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഹഫ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന റിയല്‍ സോഡ എന്ന കമ്പനിയെപ്പറ്റിയാണ് പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത്. കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് അമേരിക്കന്‍ പൗരനായ ഡാനി ഗില്‍ബര്‍ഗാണ് റിയല്‍ സോഡയുടെ ഉടമ. ചില്ലു കുപ്പികളില്‍ വിതരണം ചെയ്യുന്ന നിരവധി വ്യത്യസ്‌ത ബ്രാൻഡുകളുള്ള റിയല്‍ സോഡയുടെ ഭാഗമാണ് ലെനിനേഡ് എന്ന സോവിയറ്റ് തീം സോഡ
റഷ്യന്‍ ഭാഷ പഠിച്ചിരുന്ന കാലത്ത് ഡാനിയുടെ മനസിലുദിച്ച ആശയമാണ് ലെനിനേഡ് എന്നും സ്വന്തം ഉത്പന്നം ആരംഭിച്ചപ്പോള്‍ അത് പ്രാവര്‍ത്തികമാക്കുകയായിരുന്നുവെന്നും റിയല്‍ സോഡയുടെ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉത്പന്നം ശ്രദ്ധിക്കപ്പെടാനാണ് ഇത്തരമൊരു ബ്രാൻഡ് തുടങ്ങിയത്. ലെനിനേഡ് ബ്രാന്റിനെപ്പറ്റി റിയല്‍ സോഡ വെബ്‌സൈറ്റില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ ചുവപ്പ് നിറം നല്‍കിയതുകൊണ്ടാണ് സോഡയ്ക്ക് ആ പേരിട്ടത്.
![untitled_design_6_0 untitled_design_6_0](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ലെനിനേഡ് മാത്രമല്ല ഹലോവിന്‍ തീമിലുള്ള ഏഴ് വ്യത്യസ്ഥ റിയല്‍ സ്‌കെയറി സോഡകള്‍ ഉള്‍പ്പെടെ നിരവധി ബ്രാൻഡുകളാണ് റിയല്‍ സോഡ പരിചയപ്പെടുത്തിയിട്ടുള്ളത്. ഡാനി ഗില്‍ബര്‍ട്ട് സോഡ മേക്കിങ് ബിസിനസിലേക്ക് എത്തിയതുമായി ബന്ധപ്പെട്ട ചരിത്രം നിരവധി മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
![untitled_design_5_1 untitled_design_5_1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ലഭ്യമായ വിവരങ്ങളില്‍ നിന്ന് കലിഫോര്‍ണിയ ആസ്ഥാനമായ റിയല്‍ സോഡ എന്ന കമ്പനിയുടെ ബ്രാൻഡാണ് ലെനിനേഡ് എന്നും ഇതൊരു മദ്യമല്ലെന്നും വ്യക്തമായി.
∙ വാസ്തവം
സിപിഎമ്മിന്റെ ലെനിനേഡ് മദ്യ ബ്രാന്റിന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മദ്യമല്ല, സോഡയാണ്. കലിഫോര്‍ണിയ ആസ്ഥാനമായ റിയല്‍ സോഡ എന്ന കമ്പനിയുടെ ലെനിനേഡ് എന്ന ഈ ബ്രാൻഡിന് സിപിഎമ്മുമായി ബന്ധമില്ല.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: Leninade is a brand of California based Real Soda