ADVERTISEMENT

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിൽ ഒമ്പത് പേരും മധ്യ ഗാസയിലെ നുസെറാത്തിൽ ഏഴ് പേരും ഉൾപ്പെടെ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.ഇതിനിടയിൽ ഹമാസ് സൈന്യം കീഴടങ്ങുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഹമാസ് സൈന്യമല്ല ദൃശ്യങ്ങളിലുള്ളതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം 

'ഹമാസികളുടെ കീഴടങ്ങല്‍ തുടരുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കുന്ന വിഡിയോയിൽ  തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒരുകൂട്ടം ആളുകൾ അര്‍ധനഗ്നരായി നടന്നുനീങ്ങുന്നത് കാണാം.

പ്രചരിക്കുന്ന വിഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യം പലരും പല വിവരണങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഒരു എക്‌സ് ഉപയോക്താവ് WAFA വാര്‍ത്താ ഏജന്‍സി വഴി പങ്കുവച്ച ഇതേ വിഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണപ്രകാരം ഇത് ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രി ഇസ്രയേല്‍ സൈന്യം കൈയ്യേറിയതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്ന സൂചന ലഭിച്ചു. ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശുപത്രിയിലെ രോഗികളെയും ബലംപ്രയോഗിച്ച് പുറത്താക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രി കൈയ്യേറിയതായാണ് വിവരണം. 2024 ഡിസംബര്‍ 27നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ സൂചനകളിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2024 ഡിസംബര്‍ 27ന് അറബ് ന്യൂസ്  പ്രസിദ്ധീകരിച്ച വാര്‍ത്ത ഈ സംഭവത്തെ സാധൂകരിക്കുന്നു. വടക്കന്‍ ഗാസയിലെ ആകെയുള്ള മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലൊന്നായ കമല്‍ അദ്വാന്‍ ആശുപത്രിയിലാണ് സംഭവമെന്നും രോഗികളും ആശുപത്രി ജീവനക്കാരുമടക്കം നൂറോളം പേരെ പുറത്താക്കിയ ശേഷമാണ് ഇസ്രയേലി സൈന്യം ആശുപത്രി തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

മലയാള മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. രണ്ട് റിപ്പോര്‍ട്ടുകളിലും പ്രചരിക്കുന്ന വിഡിയോയിൽ  നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറെ കാലങ്ങളായി ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയിൽ നിന്ന് ജീവനക്കാരെയും രോഗികളെയും അര്‍ധനഗ്നരാക്കി ഇറക്കിവിട്ടശേഷം ആശുപത്രിയ്ക്ക് സൈന്യം തീയിട്ടതായാണ് റിപ്പോർട്ട്

ദി ഹിന്ദു ഉള്‍പ്പെടെ മറ്റ് പല ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഹമാസികള്‍ കീഴടങ്ങുന്ന ദൃശ്യമല്ല വിഡിയോയിലുള്ളതെന്നും വ്യക്തമായി

∙ വാസ്തവം

ഗാസയിൽ ഹമാസ് സൈന്യം കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനരഹിതമാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയില്‍നിന്ന് ജീവനക്കാരെയും രോഗികളെയും അര്‍ധനഗ്നരാക്കി ഇറക്കിവിടുന്ന ദൃശ്യങ്ങളാണിവ.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: These are the scenes of staff and patients being taken down from the hospital which was under the control of the Israeli army

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com