ADVERTISEMENT

കല്യാണ വീടുകളില്‍ ഭക്ഷണം വിളമ്പുന്നതിനിടെ തല്ല് നടന്ന സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ കാസർകോട് ജില്ലയിലെ കളനാട് കൂട്ടയടി നടന്നതായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ വൈറലാണ്. ബിരിയാണിയില്‍ ഇറച്ചി കഷ്ണം കുറവാണെന്ന് ആരോപിച്ച് മുസ്‌ലിം യുവാക്കള്‍ ഏറ്റുമുട്ടിയെന്ന രീതിയിലാണ് ഈ വിഡിയോ വൈറലായിട്ടുള്ളത്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപത്തായി കുറച്ചുപേര്‍ പരസ്പരം തല്ലുന്നത് ദൃശ്യത്തില്‍ കാണാം. ചിലര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിഡിയോ കാസർകോട് കല്യാണ വീട്ടില്‍ നടന്ന സംഘര്‍ഷമല്ല, വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. വാസ്തവമറിയാം

∙ അന്വേഷണം

"കാസർകോട് കളനാട്, ബിരിയാണിയില്‍ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടര്‍ന്ന് സുഡുക്കള്‍ അവരുടെ തനത് കലാരൂപം അവതരിപ്പിക്കുന്നു " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം  കാണാം.

untitled_design_36

തല്ല് നടക്കുന്നത് റോഡില്‍ വച്ചാണെന്ന് വിഡിയോയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കാണാം. ഇരുവശങ്ങളിലേക്കും പോകാനുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ചിലര്‍ ഹോണ്‍ മുഴക്കുന്നതും കേള്‍ക്കാം. ഇതില്‍ നിന്ന് റോഡില്‍ നടന്ന സംഘര്‍ഷമായിരിക്കാം എന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വിഡിയോയുടെ കീഫ്രെയമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതാണ് തല്ലിന് കാരണമെന്ന രീതിയിലാണ് പലരും ഇത് പങ്കുവച്ചിട്ടുള്ളത്. 

വിശദമായ പരിശോധനയില്‍ മനോരമ ഓണ്‍ലൈന്‍ റീല്‍ രൂപത്തില്‍ പങ്കുവച്ച സമാന വിഡിയോ ലഭ്യമായി. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നുള്ള വിഡിയോയാണെന്നും വിവാഹ സംഘവും ഏതാനും യുവാക്കാളുമാണ് ഏറ്റുമുട്ടിയതെന്നും ഇതില്‍ വിവരിക്കുന്നുണ്ട്. വിഡിയോ ചുവടെ കാണാം.

കോഴിക്കോട്, താഴെ തിരുവമ്പാടിയിലാണ് സംഘര്‍ഷം നടന്നതെന്ന് 2024 ഡിസംബര്‍ 23ന് മനോരമ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. കൊടുവള്ളി സ്വദേശികളാണ് ഏറ്റുമുട്ടിയതെന്നും ഇരുവിഭാഗത്തിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ക്കായി ഞങ്ങള്‍ തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. " ഇത് തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമാണ്. വാഹനത്തിന് സൈഡ് നല്‍കിയപ്പോള്‍ ഉരസിയെന്ന് ആരോപിച്ചാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. ഒരു കല്യാണ പാര്‍ട്ടിയും മറ്റൊരു വാഹനത്തില്‍ പോയ യുവാക്കളുമാണ് തമ്മിലടിച്ചത്. കൊടുവള്ളി, താമരശേരി അടിവാരം എന്നിവിടങ്ങളിലുള്ള യുവാക്കളാണ് രണ്ട് സംഘത്തിലുമായി ഉണ്ടായിരുന്നത്. സംഘര്‍ഷം നടന്ന് അല്‍പ സമയത്തിനുശേഷം കല്യാണ സംഘത്തിലെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയപ്പോള്‍ എതിര്‍ ഭാഗത്തുള്ളതും പരിചയക്കാരാണെന്ന് മനസിലാക്കി വിഷയം രമ്യതയിലെത്തിച്ചു. ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, " തിരുവമ്പാടി സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ഈ സംഘര്‍ഷത്തിന് യാതൊരു വര്‍ഗീയ വശവുമില്ലെന്നും എസ്‌ഐ കൂട്ടിച്ചേര്‍ത്തു. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ കാസർകോട്ടെ കല്യാണവീട്ടിലുണ്ടായ സംഘര്‍ഷമല്ലെന്നും വാഹനം ഉരസിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന തര്‍ക്കമാണെന്നും വ്യക്തമായി.

∙ വസ്‌തുത

വൈറല്‍ വിഡിയോ കാസർകോട്ടെ കല്യാണവീട്ടില്‍ നടന്ന സംഘര്‍ഷമല്ല. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23ന് കോഴിക്കോട് തിരുവമ്പാടിയില്‍ നടന്ന വഴക്കാണ്. പ്രശ്‌നം പിന്നീട് ഒത്തു തീര്‍പ്പായി.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The viral video is not the clash took place at the marriage house in Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com