ADVERTISEMENT

ഉത്തരേന്ത്യയിലെ ദലിതരുടെ ആചാരത്തിന്റെ ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ രണ്ട് കൈകളും പിറകിൽ കെട്ടി നിലത്ത് നിന്നും ഭക്ഷണമെടുത്ത് കഴിക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ഉത്തരേന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സന്താനലബ്ദിക്കായി തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ നടക്കുന്ന ആചാരമാണ് ഇത്.

∙ അന്വേഷണം

"ഇതൊക്കെയാണ് ഉത്തരേന്ത്യയിൽ ദലിതരുടെ ആചാരങ്ങൾ" എന്ന  തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം 

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ ന്യൂസ് ഫ്ലെയർ എന്ന വെബ്സൈറ്റിൽ കണ്ടെത്തി. വിഡിയോ വാങ്ങാനും വിൽക്കാനുമുള്ള പ്ലാറ്റ്ഫോമാണ് ഇത്. ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ താമ്പരം സെതുപെട്ട് എന്ന സ്ഥലത്ത് നിന്നുമാണ്. കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ സന്താനലബ്ദിക്കായി ആചരിക്കുന്ന വഴിപാടാണ് ഇത്. കൈകൾ പിന്നിൽ കെട്ടി തറയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ഈ ആചാരമെന്നും വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

തുടർന്ന് തമിഴ് കീവേഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലൂടെ വിഡിയോയിൽ കാണുന്ന ആചാരവുമായി ബന്ധപ്പെട്ട വാർത്തകൾ ലഭ്യമായി. ഇടിവി ഭാരത് തമിഴ് 2024 ആഗസ്റ്റ് 5ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് തിരുവണ്ണാമലയിലെ ശ്രീ പരദേശി ആറുമുഖസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള വിഡിയോയാണ് ഇത്. കോട്ടുപക്കം എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്താനഭാഗ്യം ലഭിക്കാൻ പ്രാർത്ഥനയായിട്ടാണ് സ്ത്രീകൾ കൈകൾ പിറകിൽ കെട്ടി തറയിൽ നിന്നും ഭക്ഷണം കഴിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത സ്ത്രീകൾ പ്രസാദം സ്വീകരിച്ച് ക്ഷേത്രത്തിനടുത്തുള്ള കുളക്കരയിൽ കൈകൾ പിന്നിൽ കെട്ടി മുട്ടുകുത്തി നിന്ന് ഭക്ഷണം കഴിക്കുന്നതാണ് പൂജയെന്നും റിപ്പോർട്ടിൽ പറയുന്നു. 

ദിനമലർ എന്ന തമിഴ് മാധ്യമവും ശ്രീ പരദേശി ആറുമുഖസ്വാമി ക്ഷേത്രത്തിലെ ആചാരത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സന്താനഭാഗ്യം ലഭിക്കാൻ വേണ്ടി ക്ഷേത്രത്തിൽ നടത്തിയ ഒരു പ്രത്യേക പൂജയാണ് ഇതെന്നും 500ൽ അധികം സ്ത്രീകൾ ഇതിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻവർഷങ്ങളിൽ പൂജയിൽ പങ്കെടുത്ത് സന്താനഭാഗ്യം ലഭിച്ചവർ ഇവിടെ പൂജ നടത്തുകയും പണവും ധാന്യങ്ങളും മറ്റ് വസ്തുക്കളും വഴിപാടായി സമർപ്പിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വാർത്തകളിൽ എവിടെയും ഏതെങ്കിലും ജാതി വിഭാഗത്തിലെ ആളുകൾ മാത്രം നടത്തുന്ന ആചാരമാണ് ഇതെന്ന് പറയുന്നില്ല. 

ലഭ്യമായ വിവരങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെ ദളിതരുടെ ആചാരം എന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോ തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ സന്താനഭാഗ്യത്തിനായി നടത്തുന്ന ആചാരമാണെന്ന് വ്യക്തമായി.

∙ വസ്‌തുത

ആചാരത്തിന്റെ ഭാഗമായി കൈ പിന്നിൽ കെട്ടി തറയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഉത്തരേന്ത്യയിലെ ദളിത് സ്ത്രീകളുടെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വിഡിയോ തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. തിരുവണ്ണാമലയിലെ ശ്രീ പരദേശി ആറുമുഖസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ സന്താനഭാഗ്യത്തിനായി ചെയ്യുന്ന ആചാരത്തിന്റെ ദൃശ്യമാണ് ഇത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്‍ഡ്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: A viral video claiming to be of Dalit women in North India eating from the floor with their hands tied behind their backs as part of the ritual is from Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com