ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുൻ ശനകയുടെ മരണ വാർത്ത വ്യാജം | Fact Check

Mail This Article
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക അന്തരിച്ചെന്ന അവകാശവാദത്തോടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായിട്ടാണ് വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾ. ദാസുന്‍ ശനകയ്ക്ക് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുള്ള മറ്റുള്ളവരും ആദരാഞ്ജലി അർപ്പിക്കുന്ന തരത്തിൽ എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുന്നതും ദാസുന്‍ ശനകയുടെ ചിത്രത്തിൽ RIP എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന പോസ്റ്റ് കാണാം.
ദാസുൻ ശനകയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി നടത്തിയ കീവേഡ് പരിശോധനയിൽ ഇത്തരത്തിലൊരു വാർത്തയും എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. അറിയപ്പെടുന്ന ലങ്കന്‍ ക്രിക്കറ്റര്‍ കൂടിയായ ദാസുന്‍ ശനകയെപ്പോരൊരാൾ അന്തരിച്ചാൽ ഇക്കാര്യം എല്ലാ മാധ്യമങ്ങളിലും വാർത്തയാകുമായിരുന്നു. എന്നാൽ ഇത്തരമൊരു റിപ്പോർട്ടുകൾ എവിടെ നിന്നും ലഭ്യമായില്ല. ഇത് പ്രചാരണം വ്യാജമാണെന്ന സൂചനകൾ നൽകി.
പിന്നീട് വൈറൽ വിഡിയോയിലെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയോടുള്ള ആദരവിന്റെ ഭാഗമായി കിവീസ് താരങ്ങളും മറ്റുള്ളവരും മൗനം ആചരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി.ന്യൂസിലൻഡ് ടീമിന്റെ ട്വിറ്റർ പേജിൽ വൈറൽ വിഡിയോയിലുള്ള അതേ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ കണ്ടെത്തി.
A moments silence was observed before play to honour the memory of Senior Sergeant Lyn Fleming who was killed while on duty in Nelson in the early hours of yesterday morning എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങളുള്ളത്. അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മൽസര സമയത്ത് ആദമർപ്പിക്കുകയാണ് ടീമംഗങ്ങളടക്കമുള്ളവർ. ഇതിൽ നിന്ന് വൈറൽ ചിത്രങ്ങൾക്ക് ദാസുൻ ശനകയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
കൂടാതെ ദാസുൻ ശനകയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ വൈറൽ പോസ്റ്റ് പ്രചരിച്ചതിന്റെ അടുത്ത ദിവസങ്ങളിലെല്ലാം തന്നെ ദാസുൻ ശനക പുതിയ പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം ദാസുൻ ശനക അന്തരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി.
∙ വാസ്‌തവം
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദാസുന്‍ ശനക അന്തരിച്ചതായുള്ള പ്രചാരണം വ്യാജമാണ്
English Summary: Dasun Shanaka death hoax reports are false. The Sri Lankan cricketer is alive and well, debunking recent online rumours