ADVERTISEMENT

ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം.പാരച്യൂട്ടിന്റെ വെളിച്ചെണ്ണ ഹലാൽ സർട്ടിഫൈഡ് ആണെന്നും ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റുകൾ. പാരച്യൂട്ട്  വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്താണ് പ്രചാരണം. എന്നാൽ പാരച്ച്യൂട്ട് കമ്പനി വെളിച്ചണ്ണ കുപ്പികളിൽ ഹലാൽ ലേബൽ പതിപ്പിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ലേബൽ അടങ്ങിയ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം

∙ അന്വേഷണം 

മാഷ അള്ളാ ഇനി ആഘോഷരാവ് പുള്ളെ #സുഡുജീവിതം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം. വെളിച്ചെണ്ണയ്ക്ക് എന്തിനാണ് ഹലാൽ സർട്ടിഫിക്കേഷനെന്നും ഇവ തമ്മിലെ ബന്ധമെന്തെന്നും ചോദിച്ചുള്ള ബഹിഷ്കരണാഹ്വാനവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

ഹലാൽ എന്ന പദത്തിന്റെ അർഥവും വിശദാംശങ്ങളും അറിയാൻ കീവേഡ് പരിശോധന നടത്തി. അമേരിക്കൻ ഹലാൽ ഫൗണ്ടേഷൻ, ഹലാൽ റിസർച്ച് ഫൗണ്ടേഷൻ എന്നീ വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇസ്‌ലാം മതവിശ്വാസികൾക്ക് മത നിബന്ധന പ്രകാരം അനുവദിനീയമായത് എന്നാണ് ഹലാൽ എന്ന വാക്കിനർഥം. ഭക്ഷ്യവസ്തുക്കൾ, ജീവിതരീതി, പണമിടപാട് തുടങ്ങിയവയിൽ മതം നിഷ്കർഷിക്കുന്നതാണ് ഹലാൽ. മതം നിഷിദ്ധമാക്കുന്നതിന് ഹറാം എന്നും പറയുന്നു. ഇസ്‌ലാമിക വിശ്വാസത്തിന് അനുസൃതമായി സംഭരിക്കുകയും സംസ്‌കരിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന ഭക്ഷണത്തെ സൂചിപ്പിക്കാൻ അനുവദിനീയം എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഹലാൽ സർട്ടിഫിക്കേഷൻ. 

കമ്പനികൾ പുറത്തിറക്കുന്ന ഹെയർ ഓയിൽ പോലുള്ള ഭക്ഷ്യ ഉത്പന്നമല്ലാത്ത വസ്തുക്കൾക്ക് ഹലാൽ സർട്ടിഫിക്കേഷന്റെ ആവശ്യമുള്ളതായുള്ള സൂചനകൾ  എവിടെയും കണ്ടെത്താനായില്ല. മതനിയമ പ്രകാരം നിഷിദ്ധമാകുന്ന ഉത്പന്നങ്ങളിൽപ്പെടുന്നതല്ല വെളിച്ചെണ്ണ. ബഹിഷ്കരണ ആഹ്വാനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഹലാൽ ലേബൽ പതിപ്പിച്ച പാരച്യൂട്ട് കമ്പനിയുടെ വെളിച്ചണ്ണയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ പ്രസ്തുത കമ്പനി പുറത്തിറക്കുന്ന വെളിച്ചണ്ണയുടെ കുപ്പികൾ പരിശോധിച്ചു. വിവിധ അളവുകളിലായി നീല നിറത്തിലുള്ള കുപ്പിയാണ് തുടക്കകാലം മുതൽ പാരച്യൂട്ട് ഉപയോഗിച്ചുവരുന്നത്. വെളിച്ചെണ്ണയുടെ മറ്റു പതിപ്പുകളും പാരച്യൂട്ടിനുണ്ട്. 

പാരച്യൂട്ട്  വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കുപ്പികളുടെ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. പ്രചാരണത്തിലുള്ള നീല നിറത്തിലുള്ള കുപ്പിയുടെ ചിത്രം ലഭിച്ചു. പാരച്യൂട്ട്  ലോഗോ, 100 ശതമാനം പരിശുദ്ധ വെളിച്ചെണ്ണ എന്ന ടാഗ്‍ലൈൻ എന്നിവയാണ് കുപ്പിയുടെ മുൻവശത്ത്. വലതുവശത്തായി വെജിറ്റേറിയൻ ലേബൽ നൽകിയിട്ടുണ്ട്. പിൻവശത്ത് ചേരുവകളും കമ്പനി വിവരങ്ങൾ ഉൾപ്പടെ മറ്റു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിൽ എവിടെയും ഹലാൽ സർട്ടിഫിക്കേഷൻ കണ്ടെത്താനായില്ല. എക്സ് ഉപഭോക്താക്കൾ തന്നെ ഇത് ചൂണ്ടിക്കാണിച്ച് യഥാർഥ പാരച്യൂട്ട് വെളിച്ചെണ്ണയുടെ കുപ്പിയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്

ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികളാണ് അനുവദിനീയമെന്ന സാക്ഷ്യപത്രം നൽകുന്നത്. ഇന്ത്യയിലെ ഉത്പന്നങ്ങൾക്കുൾപ്പടെ സർട്ടിഫിക്കേഷൻ അനുവദിക്കുന്ന നിരവധി ഏജൻസികളുമുണ്ട്. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ ഹലാൽ ലേബലാണ് പ്രചരിക്കുന്ന പാരച്യൂട്ട്  വെളിച്ചെണ്ണയുടെ മുകളിൽ പതിപ്പിച്ചിട്ടുള്ളത്. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വെബ്സൈറ്റിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. കീവേഡ് പരിശോധനയിൽ ഹലാൽ ഇന്ത്യ പാരച്യൂട്ടിന് ഹലാൽ സാക്ഷ്യപത്രം നൽകിയതായി കണ്ടെത്താനായില്ല.

മാരികോ കമ്പനിക്ക് ഹലാൽ സർട്ടിഫിക്കേഷൻ ഉണ്ടോയെന്നും പരിശോധിച്ചു. മാരികോ ഉത്പന്നങ്ങൾക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ സർട്ടിഫിക്കേഷൻ ഉള്ളതായി കണ്ടെത്തി. ഇതിന് പുറമെ ഉത്പന്നങ്ങൾ ദേശീയ അന്തർദേശീയ ഭക്ഷ്യ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും മറ്റു സുരക്ഷാ സർട്ടിഫിക്കേഷനുകൾക്കൊപ്പം ഹലാൽ സർട്ടിഫിക്കേഷനുമുണ്ടെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നുണ്ട്.  എന്നാൽ മാരികോ കമ്പനിയുടെ ഉത്പന്നമായ ഹെയർ ഓയിൽ, പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ കുപ്പിയിൽ ഹലാൽ ലേബൽ പതിപ്പിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഇസ്‌ലാം മതം നിഷിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്ന് കണ്ടെത്താനായി. പാരച്യൂട്ട് വെളിച്ചെണ്ണയുടെ വിപണിയിലുള്ള ഉത്പന്നങ്ങൾ പരിശോധിച്ചപ്പോൾ പ്രചാരണത്തിലുള്ള തരത്തിലുള്ള ലേബൽ കണ്ടെത്താനായില്ല. പ്രചരിക്കുന്ന ഹലാൽ ഇന്ത്യയുടെ ഹലാൽ ലേബൽ പ്രകാരം ഹലാൽ ഇന്ത്യ വെബ്സൈറ്റ് പരിശോധിച്ചപ്പോഴും പാരച്യൂട്ട്  എന്ന ബ്രാൻഡോ മാരികോ എന്ന കമ്പനിയോ റജിസ്റ്റർ ചെയ്തതായി കണ്ടെത്താനായില്ല. വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിങ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി

∙ വാസ്‌തവം

പാരച്ച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ ലേബൽ പതിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തെലുഗു പോസ്റ്റ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Parachute coconut oil halal label is fake news. Several misleading social media posts falsely claim Parachute oil carries a halal label

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com