ഓട്ടോറിക്ഷയിൽ കുംഭമേള കാണാനെത്തിയ ഹംഗേറിയന്‍ പ്രധാനമന്ത്രി? | Fact Check

Mail This Article
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേള പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സംസ്കാരത്തെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന മേളയെന്ന അവകാശവാദത്തോടെ നടക്കുന്ന പരിപാടിയില്‍ നിരവധി വിദേശികളും ഇത്തവണ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഏതാനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് പ്രചാരണം.
∙ അന്വേഷണം
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ വിക്ടര്‍ ഓര്‍ബന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇതിലെ ഓട്ടോറിക്ഷകളിലൊന്നിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ KL തുടങ്ങുന്നതാണെന്ന് കണ്ടെത്തി. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ചിത്രം കേരളത്തിലേതാണെന്ന് ഏറെക്കുറെ ഉറപ്പിക്കാനായി.
തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി 2024 ജനുവരി 4-ന് സ്വകാര്യ സന്ദര്‍ശനത്തിനായി കുടുംബത്തോടൊപ്പം കേരളത്തിലെത്തിയതിന്റെ വാര്‍ത്തകള്‍ കണ്ടെത്തി. ഹംഗേറിയന്‍ മാധ്യമമായ ഹംഗറി ടുഡേ ജനുവരി 7 ന് നല്‍കിയ വാര്‍ത്തയില്‍ ഇതേ ചിത്രം കാണാം.
രണ്ടാഴ്ചത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഹംഗേറിയന്‍ പ്രധാനമന്ത്രിയും കുടുംബവും കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍ യാത്രചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ യാത്രചെയ്യാനാഗ്രഹിച്ച അദ്ദേഹം സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഓട്ടോറിക്ഷയില്‍ യാത്രചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോര്‍ട്ട്കൊച്ചി സ്വദേശികളായ ചില ഓട്ടോ ഡ്രൈവര്‍മാരും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ബ്ലിക്ക് എന്ന മറ്റൊരു ഹംഗേറിയന്‍ മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളുമുണ്ട്. കുമരകം, തേക്കടി തുടങ്ങിയ ദക്ഷിണകേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിന് പുറത്ത് മറ്റൊരിടം സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടിലില്ല.
തുടര്‍ന്ന് ബ്ലിക്ക് എന്ന മാധ്യമത്തില പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ചതോടെ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഹംഗേറിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിന് വേണ്ടിയാണ് എത്തിയതെന്നും ചരിത്രപ്രധാന ഇടങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണോ എത്തിയതെന്ന ചോദ്യത്തിനും അദ്ദേഹം രസകരമായി പ്രതികരിക്കുന്നുണ്ട്. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനുവരി 17-ന് തന്റെ പതിവു റേഡിയോ ഷോയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ഹംഗേറിയന്‍ മാധ്യമത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അഭിമുഖത്തിലെവിടെയും കുംഭമേളയില്‍ പങ്കെടുക്കുന്നതായി സൂചനകളില്ല.
ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനല്ല അദ്ദേഹം എത്തിയതെന്ന് വ്യക്തമായി. അവസാനമായി അദ്ദേഹം തിരികെ പോകുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മലയാള മനോരമ ദിനപത്രവും മനോരമ ഓണ്‍ലൈനും അദ്ദേഹം കൊച്ചിയിലെത്തിയ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ജനുവരി 16ന് അദ്ദേഹം തിരിച്ചുപോകുമെന്ന് വ്യക്തമാക്കുന്നു. ഹംഗേറിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ സൂചനകളെ ഇത് സാധൂകരിക്കുന്നുണ്ട്.
മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍നിന്ന് 16ന് ഹംഗറിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹം കുംഭമേള സന്ദര്‍ശിക്കുന്നില്ലെന്ന് വ്യക്തമായി.
∙ വാസ്‌തവം
കുംഭമേളയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ഹംഗേറിയന്‍ പ്രധാനമന്ത്രിയുടെ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് അദ്ദേഹം കുടുംബസമേതം സ്വകാര്യ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ സമയത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തതിന്റെ ചിത്രമാണ്. ജനുവരി 16ന് ഹംഗറിയിലേക്ക് തിരിച്ചുപോകുന്ന അദ്ദേഹം കുംഭമേളയില്‍ പങ്കെടുക്കുന്നില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary: A viral photo claiming to show the Hungarian Prime Minister at Kumbh Mela is actually from a private family trip to Kochi