ADVERTISEMENT

അറബ് വസ്ത്രം ധരിച്ചുകൊണ്ട് വന്ദേ മാതരം ആലപിക്കുന്ന ഒരാളുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുവൈത്ത് അമീറാണ് ഗാനം ആലപിക്കുന്നത് എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത് . വലിയൊരു വേദിയുടെ താഴെ നിന്ന് സാരേ ജഹാംസേ അച്ചാ എന്ന ഗാനവും വന്ദേ മാതരവും ആലപിക്കുന്നയാളെ വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോയിലെ ഗായകൻ കുവൈത്ത് അമീർ അല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  വാസ്തവമറിയാം

∙ അന്വേഷണം 

"ഇന്ന് കുവൈത്തിലെ അമീർ, ' വന്ദേ മാതരം ' മനോഹരമായി, അർത്ഥ ശുദ്ധിയോടെ പാടുന്നത് കേട്ടപ്പോൾ / കണ്ടപ്പോൾ കോരി തരിച്ചു പോയി... സനാതന ധർമം " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

അമീർ എന്ന പദവിയിൽ അറിയപ്പെടുന്ന കുവൈത്തിന്റെ ഭരണാധികാരി വന്ദേമാതരം പാടിയിരുന്നുവെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ, ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഗാനം ആലപിക്കുന്ന ആളുടെ പിന്നിലുള്ള വലിയ വേദിയിൽ മോദിയുടെ ചിത്രവും ഹല മോദി എന്ന് എഴുതിയിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. മോദി കുവൈത്തിലെ ഇന്ത്യക്കാരുമായി സംവദിച്ച പരിപാടിയുടെ പേരാണ് ഹല മോദി. ഈ വേദിയുടെ താഴെ നിന്നാണ് ഗായകൻ പാടുന്നത് എന്ന് വ്യക്തമായി. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ ഹല മോദി പരിപാടിയിൽ കുവൈത്തിലെ ഗായകനായ മുബാറക് അൽ റാഷിദ് ഇന്ത്യൻ ഗാനങ്ങൾ ആലപിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭ്യമായി. 

ഹല മോദി പരിപാടിയിൽ വച്ച് കുവൈത്തിലെ ഗായകൻ മുബാറക് അൽ റാഷിദ് വന്ദേ മാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ ആലപിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മറ്റൊരു വിഡിയോ റിപ്പോർട്ടിൽ മുബാറക് അൽ റാഷിദ് വൈഷ്ണവ ജനതോ എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിക്കുന്നത്. ഈ വിഡിയോകാണാം.

മുബാറക് അൽ റാഷിദിന്റെ ഇൻസ്റ്റഗ്രാം പേജിൽ  അദ്ദേഹം കുവൈത്തിയാണെന്നും ബോളിവുഡ് ഗാനങ്ങൾ ആലപിക്കുന്ന ആളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വൈറൽ വിഡിയോയിൽ കാണുന്ന രീതിയിൽ ഹല മോദി പരിപാടി നടക്കുന്ന വേദിയുടെ മുന്നിൽ നിന്ന് ഗാനം ആലപിക്കുന്ന മറ്റൊരു വിഡിയോ മുബാറക് അൽ റാഷിദ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ  2024 ഡിസംബർ 22ന് പങ്കുവച്ചിട്ടുണ്ട്. 

പിന്നീട് ഞങ്ങൾ അന്വേഷിച്ചത് കുവൈത്തിലെ അമീറിനെ കുറിച്ചാണ്. ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ആണ് ഇപ്പോഴത്തെ കുവൈത്ത് അമീർ. 2023 ഡിസംബറിലാണ് ഇദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ അമീർ അധികാരമേറ്റത്. അമീറായി ഒരു വർഷം പൂർത്തിയായ അവസരത്തിൽ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ അദ്ദേഹത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്. 

ലഭ്യമായ വിവരങ്ങളിൽ നിന്നും വന്ദേ മാതരം ആലപിക്കുന്ന കുവൈത്ത് അമീറിന്റെ ദൃശ്യം എന്ന രീതിയിൽ പ്രചരിക്കുന്നത് മുബാറക് അൽ റാഷിദ് എന്ന ഗായകന്റെ വിഡിയോയാണെന്ന് വ്യക്തമായി.

∙ വാസ്‌തവം

കുവൈത്ത് അമീർ വന്ദേ മാതരം ആലപിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോയിലുള്ളത് കുവൈത്ത് അമീറല്ല. ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ മുബാറക് അൽ റാഷിദ് എന്ന കുവൈത്തി ഗായകനാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: A viral video claiming to show the Kuwait Amir singing Vande Mataram is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com