രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വിട്ട് അപമാനിച്ചോ ? | Fact Check

Mail This Article
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വിട്ടുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോണിയ ഗാന്ധിയുടെ സമീപം ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ എഴുന്നേല്‍ക്കുന്നതും കസേരകള്‍ക്ക് പിന്നിലൂടെ നടന്നു നീങ്ങുന്നതും 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കാണാം. ഖര്‍ഗെ എഴുന്നേല്‍ക്കുമ്പോള്‍ രാഹുല്‍ഗാന്ധി സമീപത്തേയ്ക്ക് വന്ന് കസേര നീക്കുന്നുണ്ട്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖര്‍ഗെ പിണങ്ങി പോവുകയല്ല, കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആശംസാ പ്രസംഗത്തിനായാണ് അദ്ദേഹം എഴുന്നേറ്റത്. വാസ്തവമറിയാം.
∙ അന്വേഷണം
"എഐസിസി പ്രസിഡന്റിന്റെ ഗതികേട് നോക്കണേ ?? അടുത്തു വേറെ കസേരകളുണ്ട് . എന്നാലും, അച്ഛനേക്കാള്‍ പ്രായമുള്ളയാളെ എഴുന്നേല്‍പ്പിച്ചിട്ടു ആ കസേരയില്‍ത്തന്നെ ഇരിക്കണം . അപമാനിതനായ ആ വൃദ്ധന്‍ അടുത്തു മറ്റൊരു സീറ്റുണ്ടായിട്ടും അതിലേക്ക് മാറിയിരിക്കാതെ പ്രാഞ്ചി പ്രാഞ്ചി വേദി വിടുന്നത് കണ്ടോ? " എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം.

വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ സമാനമായ പശ്ചാത്തലത്തിലുള്ള ചിത്രം മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. റിപ്പോര്‍ട്ടുകളില്‍ നിന്ന് കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ദൃശ്യമാണിത്. ഡല്‍ഹിയിലെ കോട്‌ല റോഡിലുള്ള കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ജനുവരി 15ന് സോണിയ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇന്ദിരാ ഭവന്‍ ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യമേറിയ വിഡിയോകള്‍ ലഭ്യമായി. ന്യൂസ് 9 ലൈവ് പങ്കുവച്ച തത്സമയ വിഡിയോ പരിശോധിച്ചപ്പോള്‍ വൈറല്‍ പോസ്റ്റില്‍ ഉപയോഗിച്ചിട്ടുള്ള ക്ലിപ്പ് കണ്ടെത്താനായി. ഔപചാരികമായ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് സമ്മേളനം നടക്കുന്ന വേദിയില്‍ ആദ്യം സംസാരിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. തുടര്‍ന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പ്രസംഗത്തിനായി ക്ഷണിക്കുന്നതും കാണാം. ഈ സമയത്താണ് അദ്ദേഹം കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്. ഖര്‍ഗെയെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ ഗാന്ധി സഹായിക്കുകയാണ്. തുടര്‍ന്ന് ഖര്‍ഗെ പോഡിയത്തിലേക്ക് പോയി സംസാരിക്കുന്നു. വിഡിയോയുടെ പ്രസക്തഭാഗം കാണാം.
ഏകദേശം 15 മിനിറ്റ് നേരം നേരം ഖര്‍ഗെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ശേഷം അദ്ദേഹം ആദ്യം ഇരുന്ന സ്ഥലത്ത് (സോണിയ ഗാന്ധിയുടെ സമീപമുള്ള കസേരയില്‍) തിരികെ വന്നിരിക്കുന്നതും വിഡിയോയില്‍ കാണാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക യുട്യൂബ് പേജിലും സമാനമായ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഈ വിഡിയോയിലും രാഹുല്‍ ഗാന്ധി ഇരിക്കുന്നത് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും കെ.സി.വേണുഗോപാലിനും മധ്യത്തിലാണെന്ന് വ്യക്തമാണ്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ എഴുന്നേല്‍പ്പിച്ച് വിട്ട ശേഷം രാഹുല്‍ ഗാന്ധി അവിടെയിരുന്നുവെന്നും അപമാനിതനായ ഖര്‍ഗെ വേിദിവിട്ട് പോയെന്നുമുള്ളപ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വാസ്‌തവം
മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വിട്ട് അപമാനിക്കുന്ന ദൃശ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കാനാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്. ഖര്‍ഗെയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് രാഹുല്‍ ഗാന്ധി.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary:The visuals of Rahul Gandhi allegedly humiliating Mallikarjun Kharge by making him stand up from his seat are misleading