ADVERTISEMENT

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാ കുംഭമേള ഫെബ്രുവരി 26നാണ് സമാപിക്കുന്നത്. മഹാ കുംഭമേളയിൽ നിന്നുള്ളതാണ് എന്ന രീതിയിൽ ഒരു വിദേശിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. സ്വിറ്റ്സർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് നടന്നെത്തിയ സന്യാസിയാണ് ഇദ്ദേഹമെന്ന് വിഡിയോയിൽ പറയുന്നു. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ പ്രയാഗ്‌രാജ് മഹാ കുംഭമേളയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2021ലെ ഹരിദ്വാർ കുംഭമേളയിൽ നിന്നുള്ള ദൃശ്യമാണിത്. വാസ്തവമറിയാം

∙ അന്വേഷണം

"മഹാദേവ്..2025 ലെ മഹാ കുംഭമേളയിലെ ദൃശ്യങ്ങൾ" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

image_1_4

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വിഡിയോയുടെ പൂർണ രൂപം ഗൗതം ഖട്ടാർ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ കണ്ടെത്തി. "ഹരിദ്വാർ കുംഭമേള 2021 | സ്വിറ്റ്സർലൻഡിൽ നിന്ന് 4 വർഷം നടന്നാണ് ബെൻ ബാബ മഹാകുംഭമേളയിൽ എത്തിയത്" എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിലൂടെ 2021 മാർച്ച് 22ന് പങ്കുവച്ച വിഡിയോ ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ നിന്നുള്ളതാണെന്നും വിഡിയോയിലുള്ള വ്യക്തി ബെൻ ബാബയെന്നാണ് അറിയപ്പെടുന്നതെന്നും വ്യക്തമായി. വിഡിയോയുടെ പൂർണ രൂപം കാണാം.

തുടർന്ന് ഞങ്ങൾ അന്വേഷിച്ചത് ബെൻ ബാബയെ കുറിച്ചാണ്. "സ്വിറ്റ്സർലൻഡിൽ നിന്ന് ഷിംലയിലേക്ക്: യോഗയെക്കുറിച്ച് അവബോധം പ്രചരിപ്പിച്ചുകൊണ്ട് 18 രാജ്യങ്ങൾ കാൽനടയായി സഞ്ചരിച്ച ശേഷം ബെൻ ബാബ ഷിംലയിലെത്തി" എന്ന തലക്കെട്ടോടെ ന്യൂസ് 18 ഹിന്ദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. 2021 ഏപ്രിൽ 22ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 33 വയസുള്ള ബെൻ ബാബ ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത ശേഷം ഷിംലയിലേക്ക് പോയതായി വ്യക്തമാക്കുന്നുണ്ട്. വെബ് ഡിസൈനറായി ജോലി ചെയ്തിരുന്ന ബെൻ സ്വിറ്റ്സർലഡിൽ നിന്നും കാൽനടയായി അഞ്ച് വർഷം സഞ്ചരിച്ചാണ് ഇന്ത്യയിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സംസ്കാരം, സനാതന ധർമ്മം, യോഗ എന്നിവയിൽ ആകൃഷ്ടനായ ബെൻ ബാബ ഹിമാചലിലെ ധർമ്മശാലയിലുള്ള മക്ലിയോഡ്‌ഗഞ്ചിൽ താമസിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

image_2_4

ഇന്ത്യ സ്പിരിച്യൽ എന്ന യൂട്യൂബ് ചാനലിൽ 2021 ഏപ്രിൽ 21ന് പങ്കുവച്ച ഇന്റർവ്യൂ വിഡിയോയിൽ ബെൻ ബാബ സ്വിറ്റ്സർലഡിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയെ കുറിച്ചും തന്റെ ആത്മീയ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഹിന്ദി ഭാഷ സംസാരിക്കാൻ അറിയാം എന്നതാണ് ബെൻ ബാബയുടെ മറ്റൊരു സവിശേഷത. ഇൻറർവ്യു വിഡിയോ കാണാം.

ഹെറാൾഡ് ഗോവ, ട്രിപ്പോട്ടോ, ഡൽഹി മാഗസീൻ, അമറുജാല വെബ്സൈറ്റുകളിലും 2021, 2022 വർഷങ്ങളിൽ ബെൻ ബാബയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡ് സർക്കാരിന്റെ നിയന്ത്രണങ്ങളെ ഭേദിക്കുന്ന തരത്തിലായിരുന്ന ആൾക്കൂട്ടം. 

ലഭ്യമായ വിവരങ്ങളിൽ നിന്നും ഇപ്പോൾ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ നിന്നുള്ള വിഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2021ൽ ഹരിദ്വാറിൽ നടന്ന കുംഭമേളയ്ക്കിടെ ചിത്രീകരിച്ച ഇന്റർവ്യൂ വിഡിയോയാണെന്ന് വ്യക്തമായി.

∙ വാസ്‌തവം

പ്രയാഗ്‌രാജ് മഹാ കുംഭമേളയ്ക്കെത്തിയ വിദേശി സന്യാസിയുടെ ഇന്റർവ്യൂ വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2025 മഹാ കുംഭമേളയിൽ നിന്നുള്ളതല്ല. 2021ൽ നടന്ന ഹരിദ്വാർ കുംഭമേളയ്ക്കിടെ ചിത്രീകരിച്ച ബെൻ ബാബയുടെ ഇന്റർവ്യൂ വിഡിയോയാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:A viral video falsely claims to show a foreign saint at the 2025 Prayagraj Kumbh Mela. The video is actually from the 2021 Haridwar Kumbh Mela and features Ben Baba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com