ADVERTISEMENT

ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി അധികാരം ഏറ്റെടുക്കുന്ന ചടങ്ങിൽ നിരവധി രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ്.ജയശങ്കറിന് മുൻനിരയിൽ തന്നെ സീറ്റ് ലഭിച്ചുവെന്നും ചൈനീസ് വൈസ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ നേതാക്കളുടെ ഇരിപ്പിടം ജയശങ്കറിന് പിന്നിലായിരുന്നു എന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ജയശങ്കറിന് സദസിൽ മുൻനിരയിലായിരുന്നു ഇരിപ്പിടം, എന്നാൽ ചൈനീസ് വൈസ് പ്രസിഡന്റിന്റെ ഇരിപ്പിടം വേദിയിലായിരുന്നു. വാസ്തവമറിയാം

∙ അന്വേഷണം

"ട്രംപിന്റെ സത്യപ്രതിജ്ഞയിൽ ഇന്ത്യയുടെ പ്രതിനിധി ആയെത്തിയ വിദേശകാര്യ മന്ത്രി ജയശങ്കറിനു മുൻനിരയിൽ സീറ്റ്.ചൈനയുടെ വൈസ് പ്രസിഡന്റ് അടക്കം പലർക്കും രണ്ടാം നിരയിൽ സീറ്റ്" എന്ന കുറിപ്പിനൊപ്പമുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം.

image_1_3-jpeg

വൈറൽ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ എസ്.ജയശങ്കറിന് പിന്നാലായിട്ടാണോ ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാൻ ഷെങ് ഇരുന്നത് എന്ന കാര്യമാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. സിഎൻബിസി-ടിവി 18 എന്ന അമേരിക്കൻ മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പൂർണ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിൽ ട്രംപ് പ്രസംഗിച്ച് തുടങ്ങുമ്പോൾ മുതൽ ഇടയ്ക്കിടെ ട്രംപിന് എതിർദിശയിലുള്ള സദസിനെ കാണിക്കുന്നുണ്ട്. ഇതിൽ മുൻവശത്ത് തന്നെ കേന്ദ്രമന്ത്രി എസ്.ജയശങ്കറിനെ കാണാം. എന്നാൽ ഇതിൽ ചൈനീസ് വൈസ് പ്രസിഡന്‍റിനെ കാണാൻ സാധിക്കുന്നില്ല. വിഡിയോയുടെ പ്രസക്ത ഭാഗം കാണാം

വിഡിയോ വിശദമായി പരിശോധിച്ചപ്പോൾ വേദിയിൽ ഇരിക്കുന്ന ആളുകളുടെ ലോങ് ഷോട്ട് വരുന്ന ഭാഗത്ത് മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് പിന്നിലായി ചൈനീസ് വൈസ് പ്രസിഡന്‍റ് നിൽക്കുന്നതായി കണ്ടെത്തി. ലോങ് ഷോട്ട് ആയതിനാൽ തന്നെ മുഖം അവ്യക്തമായിരുന്നു. ഇതിനൊപ്പം അർജന്‍റീന പ്രസിഡന്‍റ് ഹാവിയർ മിലെയെയും കാണാം. പ്രസക്ത ഭാഗത്തിന്റെ സ്ക്രീൻഷോട്ട്  കാണാം.

image_2_3-jpeg

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത പ്രധാനപ്പെട്ട ആളുകളെ കുറിച്ച് അസോസിയേറ്റഡ് പ്രസ് (എപി) പ്രസിദ്ധീകരിച്ച ലേഖനം ലഭ്യമായി. ചടങ്ങിൽ നിന്നും പകർത്തിയ ഫോട്ടോകൾ ഉപയോഗിച്ചാണ് വേദിയിൽ ഇരുന്ന ആളുകൾ ആരൊക്കെയാണെന്ന് എപി ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ ലേഖനത്തിലെ എട്ടാമത്തെ ചിത്രത്തിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ് അമേരിക്കയിലെ ചൈനീസ് അംബാസഡർ സീ ഫെങ് എന്നിവർ ഒരുമിച്ചാണ് ഇരുന്നതെന്ന് പറയുന്നുണ്ട്. ഇതിനൊപ്പം നൽകിയിട്ടുള്ള ചിത്രത്തിൽ മേൽപ്പറഞ്ഞ നേതാക്കളെയും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയേയും വ്യക്തമായി കാണാം. ലേഖനത്തിലെ പ്രസക്ത ഭാഗത്തിന്റെ സ്ക്രീൻഷോട്ട് കാണാം.

image_3_1-jpeg

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യ നിരയിലെ ആദ്യ സീറ്റ് തന്നെ ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നിരയിൽ ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവയ്‌ക്കൊപ്പമാണ് എസ്.ജയശങ്കർ ഇരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ട് വരികൾ പിന്നിലാണ് ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായയും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങും ഇരുന്നെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്നും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് പിന്നിലല്ല ചൈനീസ് വൈസ് പ്രസിഡന്റ് ഇരുന്നതെന്നും ഹാൻ ഷെങ്ങിന്റെ സ്ഥാനം വേദിയിലായിരുന്നുവെന്നും വ്യക്തമായി.

∙ വാസ്‌തവം

ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ചൈനീസ് വൈസ് പ്രസിഡന്‍റ് ഇരുന്നത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് പിന്നിലായിരുന്നെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജയശങ്കറിന്റെ ഇരിപ്പിടം സദസിന്റെ മുൻനിരയിൽ തന്നെയായിരുന്നു. എന്നാൽ, ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാൻ ഷെങ് ഇരുന്നത് വേദിയിലാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Misinformation about S.Jayashankar and the Chinese Vice President at Donald Trump's inauguration is false. The viral claim incorrectly depicts their seating arrangement, which was actually quite different

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com