ADVERTISEMENT

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മഅദനി മഹാ കുംഭമേളയിൽ പങ്കെടുത്തു എന്ന രീതിയിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൗലാന അർഷദ് മഅദനിയെ ഒരു ഹിന്ദു സന്യാസി കാവി ഷാൾ അണിയിക്കുന്നതും തൊപ്പി ധരിപ്പിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കുംഭമേളയിൽ നിന്നുള്ളതല്ലെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. 2023 ജനുവരിയിൽ ഹരിദ്വാറിൽ വച്ച് മൗലാന അർഷദ് മദനിയും സ്വാമി കൈലാസാനന്ദ് ഗിരിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യമാണിത്. 

∙ അന്വേഷണം

"ഭേർതെ ഇതിലൂടെ പോയപ്പോ, കുംഭമേളയിൽ ഒന്ന് പോയി സുലൈമാനി കുടിച്ചാനായിട്ട്..." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം. 

image_1_5

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് 'husain_ahmad_gangohi' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. 2025 ജനുവരി 2ന് പങ്കുവച്ച ഈ പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിലെ ഒരു ഹിന്ദു മത ഗുരുവിനെ കാണാൻ അമീറുൽ ഹിന്ദ് എത്തിയപ്പോൾ പകർത്തിയ ദൃശ്യമാണ് ഇതെന്നും ഈ വിഡിയോ ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമീറുൽ ഹിന്ദ് എന്നത് ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തിന്റെ നേതാവ് എന്ന പദവിയാണ്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ അധ്യക്ഷൻ മൗലാന അർഷദ് മഅദനിക്കാണ് ഇപ്പോൾ ഈ പദവിയുള്ളത്. ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം.

image_2_5

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ വൈറൽ വിഡിയോ ഉൾപ്പെടുന്ന ചില ഹിന്ദി വാർത്താ വിഡിയോകൾ ലഭ്യമായി. ജംഇയ്യത്തുൽ ഉലമായ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മഅദനിയും മഹാ മണ്ഡലേശ്വർ ആചാര്യ സ്വാമി കൈലാസാനന്ദ് ഗിരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ദൃശ്യമാണെന്നാണ് ഇന്ത്യടിവി നൽകിയ വാർത്തയിൽ പറയുന്നത്. ഹരിദ്വാറിൽ വച്ചാണ് ഇരുവരും കണ്ടതെന്നും ഇരുവരും ഏറെ നേരം ഒരുമിച്ച് ചിലവഴിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ടിവി റിപ്പോർട്ട് കാണാം.

മൗലാന അർഷദ് മഅദനി സ്വാമി കൈലാസാനന്ദ ഗിരിയെ കണ്ടതുമായി ബന്ധപ്പെട്ട വാർത്ത ഇടിവി ഭാരത് ഹിന്ദിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ജനുവരി 7ന് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോയും വിഡിയോയും നൽകിയിട്ടുണ്ട്. ദക്ഷിണ കാളി ക്ഷേത്രത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രണ്ടുപേരും നിരവധി വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും ഇതിനിടെ കൈലാസാനന്ദ ഗിരി മദനിയെ കാവി ഷാൾ അണിയിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഖുർആൻ അർഷാദ് മദനി സ്വാമി കൈലാസാനന്ദ ഗിരിക്ക് സമ്മാനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

image_3_2-jpeg

ജാഗരൺ, ഇന്ത്യ ടിവി ഓൺലൈൻ എന്നീ മാധ്യമങ്ങളും സമാനമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്നും മൗലാന അർഷദ് മഅദനി മഹാ കുംഭമേളയിൽ പങ്കെടുത്തു എന്ന രീതിയിൽ പ്രചരിക്കുന്നത് 2023 ജനുവരിയിൽ ഹരിദ്വാറിൽ വച്ച് പകർത്തിയ ദൃശ്യമാണെന്ന് വ്യക്തമായി.

∙ വാസ്‌തവം

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മഅദനി മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ദൃശ്യം മഹാ കുംഭമേളയിൽ നിന്നുള്ളതല്ല. 2023 ജനുവരിയിൽ ഹരിദ്വാറിൽ വച്ച് മൗലാന അർഷദ് മദനിയും സ്വാമി കൈലാസ് നന്ദ ഗിരിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Maulana Arshad Madani's meeting with Swami Kailash Nand Giri in Haridwar was mistakenly reported as being from the Kumbh Mela. The image depicts their January 2023 meeting promoting interfaith harmony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com