ADVERTISEMENT

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടിയ സര്‍ക്കാര്‍ പകരം പൊന്നാനിയില്‍ പുതിയ അറബി പഠന കേന്ദ്രം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. വാര്‍ത്താ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണ് പലരും പങ്കുവയ്ക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കേന്ദ്രവും പൊന്നാനിയിലെ അറബി ഭാഷാ പഠന കേന്ദ്രവും വ്യത്യസ്ഥ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളാണ്. 

∙ അന്വേഷണം

"പണമില്ലാത്തതിനാല്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കേന്ദ്രം അടച്ചു. പകരം ? പൊന്നാനിയില്‍ അറബി ഭാഷാ പഠന കേന്ദ്രം ആരംഭിക്കും. പാത കൃത്യമാണ്. ?? മിടുക്കന്മാര്‍ ഉപയോഗിക്കും. ആരാണ് മിടുക്കര്‍ എന്നതറിയാന്‍ കാത്തിരിക്കുന്നു " എന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

bindu_b

വൈറല്‍ പോസ്റ്റുകളിലുള്ള വാര്‍ത്തകളെക്കുറിച്ചാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ' ശമ്പളമില്ല; കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചു ' എന്ന വാര്‍ത്താ കാര്‍ഡില്‍ 2024 ജനുവരി 17 ആണ് തീയതി നല്‍കിയിട്ടുള്ളത്. ശമ്പള കുടിശികയെ തുടര്‍ന്ന് ജീവനക്കാര്‍ അവധിയെടുത്തതോടെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലക്കിടിയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചതായി സമയം മലയാളം വാര്‍ത്ത നല്‍കിയിട്ടുണ്ട്. 200 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കലാപീഠത്തിലെ അധ്യാപകരുടെ ശമ്പള പ്രതിസന്ധിയാണ് സ്ഥാപനം അടയ്ക്കാന്‍ കാരണമായതെന്ന് മറ്റ്  മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

തുടര്‍ന്നുള്ള പരിശോധനയില്‍ 2024 ജനുവരി 18ന് സ്മാരകം തുറന്നതായി മനോരമ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ട് ലഭ്യമായി. നാല് ദിവസത്തിനുള്ളില്‍ കുടിശിക തീര്‍ക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ജീവനക്കാരെത്തി സ്മാരകം തുറന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം. 

untitled_design_58_0

ഇതില്‍ നിന്ന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെ പറ്റിയുള്ള വാര്‍ത്ത 2024 ജനുവരിയിലേതാണെന്നും സ്ഥാപനം പിന്നീട് തുറന്നു പ്രവര്‍ത്തിച്ചതായും വ്യക്തമായി. ഇപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഏതെങ്കിലും രീതിയില്‍ പ്രതിസന്ധി നേരിടുന്നുണ്ടോ എന്ന വിവരവും ഞങ്ങള്‍ പരിശോധിച്ചു. ഇതിനായി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വായനശാലയുടെ ഭാരവാഹി കെ.ശ്രീവത്സനുമായി സംസാരിച്ചു. " സ്മാരകം അടച്ചുവെന്ന വാര്‍ത്ത 2024ലേതാണ്. സ്മാരകത്തിന് കീഴിലുള്ള കലാപീഠത്തിന്റെ പ്രവര്‍ത്തനമാണ് ഒരു മാസത്തോളം മുടങ്ങിയത്. നിലവില്‍ ഇവിടെ പ്രതിസന്ധികളൊന്നുമില്ല. എട്ട് അധ്യാപകരും രണ്ട് അനധ്യാപകരും ഉള്‍പ്പെടുന്ന ജീവനക്കാര്‍ ജോലിക്ക് എത്തുന്നുണ്ട്. 18 മാസത്തെ ശമ്പള കുടിശികയെ തുടര്‍ന്നാണ് അന്ന് ജീവനക്കാര്‍ പണിമുടക്കിയത്. ഓട്ടന്‍തുള്ളല്‍, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവയാണ് കലാപീഠത്തില്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അന്നത്തെ പ്രശ്‌നത്തിന് ശേഷം ഇതുവരെ കലാപീഠത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു തടസവുമുണ്ടായിട്ടില്ല, " ശ്രീവത്സന്‍ പറഞ്ഞു.

വൈറല്‍ പോസ്റ്റിലുള്ള അറബി ഭാഷാ പഠന കേന്ദ്രത്തെ പറ്റിയാണ് പിന്നീട് ഞങ്ങള്‍ പരിശോധിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ അറബി ഭാഷാ പഠന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞിരുന്നു. 2024 ജനുവരിയില്‍ നടത്തിയ പ്രഖ്യാപനത്തെ പറ്റി മന്ത്രി വിശദമായ സോഷ്യല്‍ മീഡിയ പോസ്റ്റും പങ്കുവച്ചിരുന്നു. 

പൊന്നാനിയിലെ അറബി പഠന കേന്ദ്രം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. ലക്കിടിയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും പൊന്നാനിയിലെ അറബിക് ഭാഷാ പഠന കേന്ദ്രവും രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ളതാണ്. അതുകൊണ്ട് തന്നെ ഒന്ന് അടച്ചു പൂട്ടി മറ്റൊന്ന് സ്ഥാപിച്ചു എന്ന് പറയാന്‍ സാധിക്കില്ല. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടിയ സര്‍ക്കാര്‍ പകരം പൊന്നാനിയില്‍ അറബി ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

∙ വാസ്‌തവം

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സര്‍ക്കാര്‍ അടച്ചുപൂട്ടിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അറബി ഭാഷാ പഠന കേന്ദ്രം ഇതുവരെ ആരംഭിച്ചിട്ടില്ല.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

The closure of the Kunchan Nambiar Memorial due to financial crisis and the subsequent opening of an Arabic language center in Ponnani are unrelated

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com