ചെക്കുകൾ കറുത്ത മഷികൊണ്ട് പൂരിപ്പിക്കരുതെന്ന് ആർബിഐ മാർഗനിർദ്ദേശമുണ്ടോ?

Mail This Article
ബാങ്കിലെ ചെക്കുകൾ പൂരിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. 2025 ജനുവരി 1 മുതൽ ക്യാഷ് ചെക്കിൽ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം. എന്നാൽ ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
നീലയോ പച്ചയോ മഷി ഉപയോഗിച്ച് പൂരിപ്പിച്ച ചെക്കിന് മാത്രമേ ബാങ്ക് ഇടപാടുകളിൽ സാധുതയുള്ളു. പണമിടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ള മാറ്റമാണിതെന്നാണ് വൈറൽ പോസ്റ്റിൽ പറയുന്നത്.

പ്രചരിക്കുന്ന പോസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യയിലെ പല ഭാഷകളിലും ഇതേ വിവരം പ്രചരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മലയാളത്തിൽ 'പുതു വർഷം, പുതിയ നിയമം, ചെക്കുകളിൽ കറുത്ത മഷി നിരോധിച്ചു' എന്നും ഇംഗ്ലീഷിൽ 'NEW YEAR, NEW RULES: BLACK INK BANNED ON CHEQUES' എന്നുമാണ് പോസ്റ്റുകളുടെ ഉള്ളടക്കത്തിലുള്ളത്.
ടൈംസ് ഓഫ് ഇന്ത്യയുടെ 2025 ജനുവരി 14ലെ വാർത്തയുടെ ഉള്ളടക്കം പകർത്തിയതുപോലെയാണ് പ്രചരിക്കുന്ന പോസ്റ്റുകൾ. എന്നാൽ, ടൈംസ് ഓഫ് ഇന്ത്യ ഇത്തരത്തിലൊരു വാർത്ത നൽകിയതായി അവരുടെ വെബ്സൈറ്റിൽ നിന്നും കണ്ടെത്തിയില്ല. കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മറ്റു മാധ്യമങ്ങളും ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
ചെക്ക് പൂരിപ്പിക്കുന്നത് സംബന്ധിച്ച് ആർബിഐ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്.
പുതിയ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ആർബിഐയുടെ സൈറ്റിലും ലഭ്യമായില്ല. തുടർന്നുള്ള അന്വേഷണത്തിൽ, ചെക്ക് പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആർബിഐ വ്യക്തമാക്കുന്ന ഒരു ഭാഗം അവരുടെ സൈറ്റിൽ കണ്ടെത്തി. ഇതിൽ പറയുന്നതനുസരിച്ച് ബാങ്കിൻ്റെ മെഷീനിൽ സ്കാൻ ചെയ്യുമ്പോൾ തെളിഞ്ഞു കാണുന്ന, നിറമുള്ള മഷി ഉപയോഗിക്കണമെന്നല്ലാതെ ഏത് നിറത്തിലുള്ള മഷി ഉപയോഗിക്കണമെന്ന് ആർബിഐ പ്രത്യേകം നിർദ്ദേശിക്കുന്നില്ല. ഈ കണ്ടെത്തലുകളിൽ നിന്നും പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് മനസ്സിലാക്കാം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്റ്റ് ചെക്കും ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
∙ വാസ്തവം
പണമിടപാടുകൾക്കായി ക്യാഷ് ചെക്കിൽ കറുത്ത മഷി ഉപയോഗിക്കരുതെന്ന് ആർബിഐ നിർദ്ദേശം പുറത്തിറക്കിയിട്ടില്ല. ബാങ്കിൻ്റെ മെഷീനിൽ സ്കാൻ ചെയ്യുമ്പോൾ തെളിഞ്ഞു കാണുന്ന, നിറമുള്ള ഏതു മഷി ഉപയോഗിച്ചും ചെക്ക് പൂരിപ്പിക്കാം.