കാലുകളിൽ ചങ്ങലയിട്ട് ഇന്ത്യക്കാരെ നാടുകടത്തുന്ന ട്രംപ്! ചിത്രത്തിന്റെ വാസ്തവമറിയാം | Fact Check

Mail This Article
ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവിലെ ഒരു പ്രധാന നീക്കമാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റമൊഴിപ്പിക്കൽ. ഇതിന്റെ ഭാഗമായി ‘ഇന്ത്യക്കാരായ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പുറപ്പെടുന്നതിനു മുമ്പുള്ള ദയനീയ കാഴ്ച’ എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സീറ്റിലിരിക്കുന്ന ആളുകളുടെ ഇരു കൈകളും കാലുകളും വിലങ്ങുകളാൽ ബന്ധിച്ച നിലയിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ, ഗ്വാട്ടിമാലയിലേക്ക് അയച്ച കുടിയേറ്റക്കാരുടെ ചിത്രമാണ് ഇന്ത്യക്കാരുടേതെന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
നഷ്ടപ്പെടുവാൻ ഒന്നുമില്ലീ ചങ്ങലകൾ മാത്രം ഒരിന്ത്യക്കാരനും ഇത്രയും അപമാനിക്കപ്പെട്ടിട്ടില്ല... പല രാജ്യങ്ങളിൽ നിന്നും ആ രാജ്യങ്ങളുടെ വിസ ഇല്ലെങ്കിൽ അതാത് രാജ്യങ്ങളിൽ നിന്ന് ഡിപ്പോർട്ട് ചെയ്യും സ്വന്തം രാജ്യത്തേക്ക് അത് ഇതുപോലെയുള്ള ക്രൂരമായ നാടുകടത്തൽ ലോകത്തെവിടെയും ഉണ്ടായിട്ടുണ്ടാവില്ല.... അത്രക്കും മോശമായ ഒരു നാടുകടത്തലാണ് ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റതിനുശേഷം അമേരിക്കയിൽ ഈ കാണുന്നത് സൈനിക വിമാനം സി-17 ഇന്ത്യക്കാരായ കുടിയേറ്റക്കാരുമായി ടെക്സാസിൽ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുറപ്പെട്ടത്. ആ പുറപ്പെടുന്നതിനു മുമ്പുള്ള ദയനീയ കാഴ്ചയാണ് ഈ കാണുന്നതും എന്ന കുറിപ്പിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം. പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്-

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 104 കുടിയേറ്റക്കാരുമായി 2025 ഫെബ്രുവരി 4നാണ് യുഎസ്സിൽ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ് ആദ്യം പരിശോധിച്ചത്. അന്വേഷണത്തിൽ, പ്രചരിക്കുന്നതിന് സമാനമായ ചിത്രം ഉൾപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത കണ്ടെത്തി. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനാണ് ഇവർ ചിത്രത്തിന് കടപ്പാട് നൽകിയിട്ടുള്ളത്.
തുടർന്നുള്ള അന്വേഷണത്തിൽ, അസോസിയേറ്റഡ് പ്രസ്സിന്റെ സൈറ്റിൽ നിന്നും പ്രചരിക്കുന്ന ചിത്രം ലഭ്യമായി. യുഎസ് സൈനിക വിമാനത്തിൽ ഗ്വാട്ടിമാലയിലേക്ക് പുറപ്പെടാൻ കാത്തിരിക്കുന്ന കുടിയേറ്റക്കാരുടേതാണ് ഈ ചിത്രം. 'Migrants wearing face masks and shackles on their hands and feet sit on a military aircraft at Fort Bliss in El Paso, Tx., Thursday, Jan. 30, 2025, awaiting their deportation to Guatemala' എന്നാണ് ചിത്രത്തിന്റെ തലക്കെട്ട്. 2025 ഫെബ്രുവരി 1-ന് പ്രസിദ്ധീകരിച്ചതാണ് ഈ വാർത്ത. ഇതിൽ നിന്നും പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഇന്ത്യക്കാരല്ല എന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തുന്നതിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ ചിത്രമാണ്. ഗ്വാട്ടിമാലയിലേക്ക് അയച്ച കുടിയേറ്റക്കാരാണ് ചിത്രത്തിലുള്ളത്.