ഗാസയിൽ മിലിട്ടറി ടാങ്കിന് മുകളില്‍ പച്ചക്കറി കച്ചവടം! | Fact Check

Mail This Article
യുദ്ധം അവസാനിച്ച ശേഷം ഗാസയില്‍ ഒരു മിലിട്ടറി ടാങ്കിന് മുകളില്‍ വച്ച് പച്ചക്കറികള്‍ വില്‍പന നടത്തുന്നുവെന്ന രീതിയില്‍ ഒരു ചിത്രമിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ ചിത്രം ഗാസയില്‍ നിന്നുള്ളതല്ല, 2024 ഡിസംബറില്‍ സിറിയയില്‍ നിന്ന് പകര്‍ത്തിയതാണിത്.
∙ അന്വേഷണം
"ഈ ഗാസക്കാരുടെ ഒരു കാര്യം " എന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണാം.

വൈറല്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞപ്പോള്‍ 2024 ഡിസംബര്‍ 15ന് റഷ്യ ന്യൂസിന്റെ എക്‌സ് പോസ്റ്റില്‍ ഇതേ ചിത്രം പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. 'പഴം/പച്ചക്കറി കടയായി മാറിയ സിറിയന്‍ സൈനിക ടാങ്ക്' എന്നാണ് പോസ്റ്റിലെ വവരണം. ഈ എക്‌സ് പോസ്റ്റ് ചുവടെ കാണാം.
തുടര്‍ന്നുള്ള പരിശോധനയില്‍ nabdapp.com എന്ന അറബ് മാധ്യമത്തില്‍ ഇതേ ചിത്രം ഉപയോഗിച്ച് നല്‍കിയ വാര്‍ത്ത ലഭ്യമായി. മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സൈനിക ആയുധശേഖരങ്ങളുടെ ഭാഗമായിരുന്ന T-55 സൈനിക ടാങ്ക്, പ്രാദേശിക പച്ചക്കറി കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റ് സ്റ്റാളായി മാറ്റിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഈജിപ്റ്റ് ടെലിഗ്രാഫ്, Ramallah news തുടങ്ങിയ മാധ്യമങ്ങളും സിറിയയില്‍ നിന്നുള്ളതാണെന്ന വിവരണത്തോടെ വൈറല്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 16ന് ലേറ്റസ്റ്റ്‌ലി ഇതേ ചിത്രം ഉള്‍പ്പെടുത്തി നല്‍കിയിട്ടുള്ള വാര്‍ത്തയില്‍ പറയുന്നത് ഒരു കാലത്ത് സൈനിക ശക്തിയുടെ പ്രതീകമായിരുന്ന ടി-55 യുദ്ധ ടാങ്കാണ് സിറിയയിലെ പ്രാദേശിക കച്ചവടക്കാരന്‍ പച്ചക്കറികള്‍ അടുക്കിവയ്ക്കാനുള്ള സ്ഥലമായി മാറ്റിയതെന്നാണ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്നുള്ള ചിത്രമാണെന്നും വാര്‍ത്തയിലുണ്ട്. റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം.

2024 ഡിസംബര്‍ 8-നാണ് വിമതസേനയുടെ നീക്കത്തില്‍ സിറിയയിലെ ഭരണകൂടം അട്ടിമറിക്കപ്പെട്ടത്. വിമതസേന അധികാരം പിടിച്ചെടുത്തതോടെ പഴയ ഭരണകൂടത്തിന്റെ ആയുധപ്പുരകളും സൈനിക ഉപകരണങ്ങളും മറ്റും തകര്‍ക്കപ്പെട്ടിരുന്നു. അത്തരത്തില്‍ ഉപയോഗ ശൂന്യമായ ഒരു ടാങ്കിലാണ് പ്രാദേശിക കച്ചവടക്കാര്‍ പച്ചക്കറികള്‍ നിരത്തി വച്ചത്. അതേസമയം, ഗാസയില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് 2025 ജനുവരി 19നാണ്. അതിനും ഒരു മാസം മുന്‍പ് തന്നെ ഈ ചിത്രം പ്രചാരത്തിലുണ്ട്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ ചിത്രം ഗാസയിലേതല്ലെന്നും 2024 ഡിസംബറില്‍ സിറിയയിലെ അല്‍ അസദ് ഭരണകൂടത്തെ വിമത സേന അട്ടിമറിച്ച ശേഷം ഡമാസ്‌ക്കസില്‍ നിന്ന് പകര്‍ത്തിയതാണെന്നും വ്യക്തമായി.
∙ വാസ്തവം
വൈറല്‍ ചിത്രം ഗാസയില്‍ നിന്നുള്ളതല്ല. 2024 ഡിസംബറില്‍ സിറിയയിലെ ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ അട്ടിമറിക്ക് ശേഷം ഡമാസ്‌ക്കസില്‍ നിന്ന് പകര്‍ത്തിയതാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)