ADVERTISEMENT

'സ്ട്രോബെറി ക്വിക്ക്' എന്ന പേരിൽ സ്കൂള്‍ കുട്ടികളുടെയിടയില്‍  വിതരണം ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ രൂപത്തിലുള്ള മിഠായിയുടെ ചിത്രമെന്ന അവകാശവാദങ്ങളുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

∙ അന്വേഷണം

സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്...നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ ഇല്ലെങ്കിൽപ്പോലും ഈ സന്ദേശം മറ്റുള്ളവരിലേക്ക് പങ്കിടുക. എല്ലാ മാതാപിതാക്കളും ഈ മയക്കുമരുന്നിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. **'സ്ട്രോബെറി ക്വിക്'** എന്ന് അറിയപ്പെടുന്ന ഈ പുതിയ മയക്കുമരുന്ന് (ക്രിസ്റ്റൽ മെത്ത്) സ്കൂൾ മൈതാനങ്ങളിൽ കുട്ടികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇത് **സ്ട്രോബെറി പോപ്പ് റോക്ക്സ്** (വായിൽ പൊട്ടിത്തെറിക്കുന്ന മിഠായി) പോലെ കാണപ്പെടുകയും സ്ട്രോബെറി പഴത്തിന്റെ മണമുണ്ടാക്കുകയും ചെയ്യുന്നു. ഇത് മിഠായി എന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ കഴിച്ചതിന് ശേഷം ആപത്കരമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് എത്തിക്കപ്പെടുന്നു.

ചോക്ലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, ഗ്രേപ്പ്, ഓറഞ്ച് തുടങ്ങിയ സ്വാദുകളിലും ഈ മരുന്ന് ലഭ്യമാണ്. **അതിനാൽ, നിങ്ങളുടെ കുട്ടികളോട് ഇതുപോലുള്ള മിഠായി പരിചയമില്ലാത്തവരിൽനിന്നോ സ്നേഹിതനിൽനിന്നോ പോലും സ്വീകരിക്കാതിരിക്കാനും, അവർക്ക് ഇത് ലഭിച്ചാൽ ഉടൻ തന്നെ ഒരു ടീച്ചർ അല്ലെങ്കിൽ പ്രിൻസിപ്പലിനെ അറിയിക്കാനും പഠിപ്പിക്കുക.** ഈ സന്ദേശം നിങ്ങൾക്ക് കഴിയുന്നത്ര ആളുകളിലേയ്ക്ക് പങ്കിടുക. എല്ലാവരുടെയും സുരക്ഷയ്ക്കായി ശ്രദ്ധാപൂർവ്വം നടപടി എടുക്കുക.(കടപ്പാട് FB) എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

വൈറൽ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് പരിശോധനയിൽ Child Pill Alert, Four schoolgirls aged 13 taken to hospital after ‘taking teddy bear ecstasy pills’ എന്ന തലക്കെട്ടോടെയുള്ള വാർത്താ സ്ക്രീൻഷോട്ട് ഉൾപ്പെട്ട റിപ്പോർട്ട് ഒരു ചൈനീസ് വെബ്സൈറ്റിൽ നിന്ന് ലഭിച്ചു.2017 മാർച്ച് 7–ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. ഈ സൂചനയിൽ നിന്ന് നടത്തിയ കൂടുതൽ പരിശോധനയിൽ ഇതേ ചിത്രമടങ്ങിയ മറ്റൊരു വിശദമായ റിപ്പോർട്ട്  ലഭിച്ചു.

വൈറൽ ചിത്രത്തിലുള്ളത് Teddy bear ecstasy pills–ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഗുളികകൾ കഴിച്ച് യുകെ–യിൽ കുട്ടികൾ ആശുപത്രിയിലായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കൂടുതൽ പരിശോധനയിൽ അരുണാചൽ പ്രദേശ് പൊലീസ്, സ്കൂൾ കുട്ടികൾക്കിടയിൽ സ്ട്രോബെറി രുചിയുള്ള “മെത്ത് കാൻഡി” വ്യാപകമാകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ടുള്ള സമൂഹമാധ്യമ പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചതായും പ്രിന്റ് മാധ്യമം റിപ്പോർട്ട്  ചെയ്യുന്നു.2007 കാലയളവിൽ അമേരിക്കയിൽ പ്രചരിച്ച അടിസ്ഥാനരഹിതമായ  ഒരു പ്രചാരണം മാത്രമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ഉൾപ്പെടെയുള്ള നിയമ നിർവ്വഹണ ഏജൻസികളും ഈ അവകാശവാദങ്ങൾ തള്ളിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മയക്കുമരുന്ന് മാഫിയകൾ മനഃപൂർവ്വം കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന് പരിഭ്രാന്തി സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു പ്രചാരണമെന്നും പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ ഇത്തരത്തിലുള്ള കേസുകളെന്തെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിച്ചു.സ്ട്രോബെറി ക്വിക് എന്ന മിഠായിയുടെ പേരില്‍ മയക്കുമരുന്നുകൾ സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വിൽപ്പന നടത്തുന്നതായുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പ്രചാരണം തെറ്റാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് 'സ്ട്രോബെറി ക്വിക്ക്' എന്ന പേരിൽ സ്കൂള്‍ കുട്ടികളുടെയിടയില്‍  വിതരണം ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ രൂപത്തിലുള്ള മിഠായിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ അടിസ്ഥാനരഹിതമാണ്. 

∙ വാസ്‌തവം

'സ്ട്രോബെറി ക്വിക്ക്' എന്ന പേരിൽ സ്കൂള്‍ കുട്ടികളുടെയിടയില്‍  വിതരണം ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ രൂപത്തിലുള്ള മിഠായിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ അടിസ്ഥാനരഹിതമാണ്

English Summary:

Strawberry Quick candy rumors are false; reports claiming it's a drug are baseless and lack evidence

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com