'ജീവിതവഴിയിൽ വേർപിരിഞ്ഞവർ കുംഭമേളയിൽ വീണ്ടും കണ്ടുമുട്ടി'! അമിതാഭ് ബച്ചനും രേഖയും കുംഭമേളയിൽ ഒരുമിച്ചോ? | Fact Check

Mail This Article
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും രേഖയും കുംഭമേളയിൽ വച്ച് ഒരുമിച്ചുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിൽ, കാവി വസ്ത്രം ധരിച്ച് ഇരുവരും ഒരു ജലാശയത്തിൽ നിൽക്കുന്നതായി കാണാം. എന്നാലിത് എഐ നിർമ്മിത ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
∙ അന്വേഷണം
"ജീവിതവഴിയിൽ വേർപിരിഞ്ഞവർ കുംഭമേളയിൽ വീണ്ടും കണ്ടുമുട്ടി. ഗംഗാ മാതാവിന് നമസ്കാരം" എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. പ്രചരിക്കുന്ന ചിത്രമുള്ള എക്സ് പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്-

സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ 'Grok' എന്നെഴുതിയത് ശ്രദ്ധയിൽപ്പെട്ടു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് എഐ വികസിപ്പിച്ചെടുത്ത ഒരു എഐ ചാറ്റ്ബോട്ടാണ് ഗ്രോക്. ഉപയോക്താവ് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാൻ ഈ ചാറ്റ്ബോട്ടിന് സാധിക്കും. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ചിത്രങ്ങളുടെ അടിയിലായി ഗ്രോക്ക് എന്നെഴുതി, എക്സ് എഐയുടെ ലോഗോയും കാണാം. പ്രചരിക്കുന്ന ചിത്രത്തിലുള്ള എഴുത്ത് ഇതിന് സമാനമാണ്.
ശേഷം, അമിതാഭ് ബച്ചനോ രേഖയോ ഒരുമിച്ച് കുംഭമേളയ്ക്കെത്തിയതായി വാർത്തകളുണ്ടോ എന്നും പരിശോധിച്ചു. അത്തരത്തിലുള്ള വാർത്തകൾ കണ്ടെത്തിയില്ല. ഇരുവരും ഒരുമിച്ചതായുള്ള വാർത്തകളും ലഭിച്ചില്ല.
കൂടാതെ, ഇരുവരുടെ വേറെയും എഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി.
ഇതിൽ നിന്നും പ്രചരിക്കുന്നത് യഥാർത്ഥ ചിത്രമല്ല, ഗ്രോക്ക് ഉപയോഗിച്ച് നിർമ്മിച്ച എഐ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.
ഇത്തരത്തിൽ കുംഭമേളയുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിന്റെ എഐ ചിത്രം തെറ്റായി പ്രചരിച്ചത് മനോരമ ഓൺലൈൻ മുൻപ് ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു.
∙ വാസ്തവം
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും രേഖയും കുംഭമേളയിൽ വച്ച് ഒരുമിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമ്മിത ചിത്രമാണ്.