ADVERTISEMENT

കുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലേക്ക് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ ചില മുസ്‌ലിം യുവാക്കള്‍ തീവച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തത്വമയി എന്ന ഓണ്‍ലൈന്‍ ചാനലാണ് മതസ്പര്‍ധ പടര്‍ത്തുന്ന വിവരണത്തോടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വിഡിയോ ഒന്നര വര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

∙ അന്വേഷണം

വിഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂട്യൂബ് ചാനലില്‍ ഈ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. 2022 ജൂണ്‍  23ന് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടിയില്‍ യുവാക്കള്‍ തീയിട്ടതായാണ് വാര്‍ത്ത.

ഇതോടെ വിഡിയോ പഴയതാണെന്നും അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായി നടന്ന പ്രതിഷേധത്തിന്റേതാണെന്നും സൂചന ലഭിച്ചു. തുടര്‍ന്ന്കീവേർഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ NDTV ഉള്‍പ്പെടെ കൂടുതല്‍ ദേശീയ മാധ്യമറിപ്പോര്‍ട്ടുകള്‍  ലഭിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി.

2023 ജൂണ്‍ 17-നായിരുന്നു സംഭവം. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ യുവാക്കള്‍ ട്രെയിനിന് തീവെച്ചുവെന്നും സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പ്രചരിക്കുന്ന വിഡിയോയ്ക്ക് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. തീവച്ചത് മുസ്‌‌ലിം യുവാക്കളാണെന്ന വിഡിയോയിലെ രണ്ടാം അവകാശവാദമാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇതിനായി കീവേഡുകള്‍ ഉപയോഗിച്ച് എക്സ് ഉള്‍പ്പെടെ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തി. ആര്‍എസ്എസ് അനുകൂല മാസികയായ ഓര്‍ഗനൈസര്‍  2023 ജൂണ്‍ 22 ന് ഇതേ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ച ട്വീറ്റില്‍ ആദിലാബാദ് സ്വദേശി പൃഥ്വിരാജാണ് ട്രെയിനിന് ആദ്യം തീവെച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.

ഇ-ടിവി ഭാരത് ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. സന്തോഷ്, പൃഥ്വിരാജ് എന്നിവരാണ് പെട്രോളുമായി ട്രെയിനിനകത്ത് കയറി തീവെച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇ-ടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റെയില്‍വേ സംരക്ഷണ സേനയും എക്സില്‍ പ്രതികളുടെ പേരുവിവരങ്ങള്‍ പങ്കുവച്ചതായി കണ്ടെത്തി.ഇതോടെ പ്രചാരണത്തിലെ രണ്ടാം അവകാശവാദവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

∙ വാസ്തവം

കുംഭമേളയ്ക്കായി ഹൈദരാബാദില്‍ നിന്ന് പ്രയാഗ്‍രാജിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ മുസ്‌‌ലിം  യുവാക്കള്‍ തീയിട്ടുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. 2023ല്‍ അഗ്നിപഥ് പദ്ധതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്നും ഇതിലെ പ്രതികള്‍ മുസ്‌‌ലിം  യുവാക്കളല്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

False news about Muslim youths setting fire to a train heading to Prayagraj for Kumbh Mela is debunked

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com