ADVERTISEMENT

കേരള സ്കൂള്‍ ശാസ്ത്രമേളയില്‍ ഇസ്‌ലാം മതവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രദര്‍ശനം സംഘടിപ്പിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സംസ്ഥാന സര്‍ക്കാറിനെയും സ്പീക്കര്‍ എ.എന്‍ ഷംസീറിനെയുമെല്ലാം വിമര്‍ശിച്ചുകൊണ്ടാണ് സമൂഹമാധ്യമ പോസ്റ്റുകള്‍. സര്‍ക്കാറിന്റെ ഇസ്‌ലാം പ്രീണനത്തിന്റെ ഫലമാണിതെന്നും ഇസ്‌ലാം മതത്തിന്റെ പ്രചാരണത്തിനായി സ്കൂള്‍ ശാസ്ത്രമേളയുടെ വേദികള്‍ ഉപയോഗിക്കുന്നുവെന്നുമുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങളോടെയും ചിലര്‍ വിഡിയോ പങ്കുവയ്ക്കുന്നുണ്ട് . ഇസ്‌ലാം മതവിശ്വാസപ്രകാരം ഇഹലോകജീവിതത്തിന് ശേഷമുള്ള സ്വര്‍ഗവും നരകവും ‘സിറാത്ത് പാല’വും ആവിഷ്ക്കരിച്ച പ്രദര്‍ശനം ഒരു പെണ്‍കുട്ടി വിശദീകരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വിഡിയോ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലേതല്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.വാസ്തവമറിയാം

∙ അന്വേഷണം

പ്രചരിക്കുന്ന വിഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ചില സൂചനകള്‍ ലഭിച്ചു. വിഡിയോയിലെ വിദ്യാര്‍ത്ഥിനിയുടെ വേഷം മുഖം മറയ്ക്കുന്ന നിഖാബാണ്. ഇത് കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പൊതുവെ ഉപയോഗിക്കുന്ന യൂണിഫോമിന്റെ ഭാഗമല്ല. കൂടാതെ പശ്ചാത്തലത്തില്‍ കാണുന്ന അറബിക് അക്ഷരമാലയെഴുതിയ ചാര്‍ട്ടും ഇത് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ ദൃശ്യങ്ങളല്ലെന്നതിന്റെ വ്യക്തമായ സൂചനയായി.

തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ തിരുവനന്തപുരം ബാലരാമപുരത്തെ ARR സ്കൂളിലെ പരിപാടിയുടേതാണ് വിഡിയോ എന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്കൂളിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2025 ജനുവരി 28 ന് വിഡിയോ പങ്കുവച്ചതായി കണ്ടെത്തി.

സ്കൂളില്‍ നടന്ന എക്സിബിഷന്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജില്‍ സമാനമായ നിരവധി വിഡിയോകള്‍ കണ്ടെത്തി. മതപരമായതും അല്ലാത്തതുമായ പ്രദര്‍ശനങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇതോടെ ദൃശ്യങ്ങള്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളിയിലേതല്ലെന്ന് വ്യക്തമായി. 2024 നവംബറിലാണ് ഈ വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍ വെച്ച് നടന്നത്.

ഇതോടെ വിഡിയോ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടേതാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്കൂളിനെക്കുറിച്ചും പ്രസ്തുത പരിപാടിയെക്കുറിച്ചും അന്വേഷിച്ചു. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമാണുള്ളത്. തുടര്‍ന്ന് പ്രാദേശികമായി നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ടൗണ്‍ മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണിതെന്ന് കണ്ടെത്തി. ബാലരാമപുരം ടൗണ്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എം.ഹാജയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. ഇവിടെ വിവിധ ഭാഷാപ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അറബിക് ഭാഷാ പ്രദര്‍ശനത്തില്‍നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. സ്വകാര്യസ്ഥാപനമായതിനാല്‍ തന്നെ മതവിദ്യാഭ്യാസവും സ്കൂള്‍ വിദ്യാഭ്യാസവും ഇവിടെ നല്‍കിവരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി സ്കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാറിന്റെ ശാസ്ത്രമേളയുടെ ഭാഗമായുള്ള വിഡിയോ എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ഇത് സ്കൂള്‍ നടത്തിയ പരിപാടിയാണ്.” കൂടുതല്‍ വിവരങ്ങള്‍ക്കായി സ്കൂള്‍ പ്രിന്‍സിപ്പലിനെ ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജയരാജ് ജോസഫിന്റെ പ്രതികരണം: “പ്രചാരണം ശ്രദ്ധയില്‍പെട്ടിരുന്നു. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുമായി വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു അണ്‍എയ്ഡഡ് സ്കൂളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഇവിടയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനാവില്ല. സ്കൂളില്‍ എല്ലാവര്‍ഷവും കലാ കായിക മേളകളും ശാസ്ത്ര-ഭാഷാ മേളകളുമെല്ലാം നടത്താറുണ്ട്. ഇത്തരത്തില്‍ ജനുവരി 28ന് നടന്ന ഭാഷാ മേളകളിലെ അറബിക് പ്രദര്‍ശനത്തിന്റെ ഭാഗമായ വിഡിയോയാണ് പ്രചരിക്കുന്നത്. മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള സ്വകാര്യ സ്ഥാപനമായതിനാല്‍ ഇവിടെ ഖുര്‍ആന്‍ പഠനം നല്‍കാറുണ്ട്. അറബിക്-ഖുര്‍ആന്‍ പഠനവിഷയങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലെ ദൃശ്യങ്ങളാണത്. ഇതേ ദിവസം തന്നെ സമാന്തരമായി മലയാളം, ഹിന്ദി തുടങ്ങിയ ഭാഷാമേളകളും നടന്നിരുന്നു. ഇതുമാത്രം എടുത്ത് മതസ്പര്‍ധ പടര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വര്‍ഗീയ ലക്ഷ്യങ്ങളോടെയാവാം.” ഇതോടെ പ്രചരിക്കുന്ന ദൃശ്യം സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലേതല്ലെന്നും ഒരു സ്വകാര്യ വിദ്യാലയത്തിലെ അറബി ഭാഷാമേളയിലേതാണെന്നും വ്യക്തമായി.  

ലഭ്യമായ വിവരങ്ങളിൽ നിന്ന് സ്‌കൂള്‍ ശാസ്ത്രമേളയില്‍ മുസ്‌ലിം മതവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രദര്‍ശനമൊരുക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന വിഡിയോ തിരുവനന്തപുരം ബാലരാമപുരത്തെ ഒരു സ്വകാര്യ സ്കൂളില്‍ നടന്ന ഭാഷാമേളയുടെ ഭാഗമായി അറബിക് ഭാഷാമേളയിലെ പ്രദര്‍ശനത്തിന്റേതാണ്. സമാനമായി മലയാളം ഹിന്ദി ഭാഷാമേളകളും ഇതേ ദിവസം സംഘടിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

∙ വാസ്തവം

പ്രചാരണം വസ്തുതാവിരുദ്ധം. പ്രചരിക്കുന്നത് തിരുവനന്തപുരം ബാലരാമപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ അറബിക് ഭാഷാമേളയിലെ ദൃശ്യങ്ങള്‍. സ്കൂളില്‍ മറ്റ് ഭാഷാമേളകളും പ്രദര്‍ശനങ്ങളും ഇതേ ദിവസം നടത്തിയിരുന്നുവെന്നും കണ്ടെത്തി.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Fake news about a Muslim faith-based science fair is circulating.viral video actually shows an Arabic language exhibition at a private school's language fair in Balaramapuram, Thiruvananthapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com