ഡല്‍ഹിയില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ സംഘപരിവാറുകാരുടെ ആക്രമണമോ? | Fact Check

Mail This Article
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ആകെയുള്ള 70 സീറ്റുകളില്‍ 48 എണ്ണത്തില്‍ വിജയച്ചാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്. അതിനിടെ ബിജെപി വിജയിച്ച ശേഷം ഡല്‍ഹിയിലെ തെരുവുകളില്‍ സംഘപരിവാറുകാര്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള കൊടികളുമായി വരുന്ന യുവാക്കളുടെ സംഘം വാഹനങ്ങള്‍ തടയുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ളതല്ല, മുംബൈയില്‍ നിന്നുള്ള പഴയ വിഡിയോയാണിത്.
∙ അന്വേഷണം
"ഡല്‍ഹിയില്‍ അധികാരത്തിലേറിയ സങ്കികള്‍ അവരുടെ അധികാരക്കളി തുടങ്ങി കഴിഞ്ഞു" എന്നുള്ള വിഡിയോയുടെ പൂര്‍ണരൂപം താഴെ കാണാം.

വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോ ജനുവരി രണ്ടിന് ഒരു യുട്യൂബ് പേജില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വിഡിയോ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും ഇതില്‍ നല്‍കിയിട്ടില്ലെങ്കിലും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2025 ജനുവരി എട്ടിന് ഇതേ വിഡിയോ jagobhaktojago എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. അല്‍പം കൂടി വ്യക്തതയുള്ള ഈ വിഡിയോ പരിശോധിക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനാണെന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ ഈ പോസ്റ്റിന്റെ കമെന്റില്‍ ചിലര്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിഡിയോയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ നിരവധി കെട്ടിടങ്ങളും ഒരു ഫ്‌ളൈഓവറും ദൃശ്യമാണ്. ഈ സൂചനകള്‍ ഉപയോഗിച്ച് ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ മാപ്പ് എന്നിവയുടെ സഹായത്തോടെ വൈറല്‍ വിഡിയോ ചിത്രീകരിച്ച ലൊക്കേഷന്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായി. മുംബൈ മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിനു സമീപമുള്ള പൂജാ നഗര്‍ റോഡില്‍ നിന്നാണ് ഈ വിഡിയോ പകര്‍ത്തിയിട്ടുള്ളത്.
വിഡിയോ അവസാനിക്കുമ്പോള്‍ വലതുഭാഗത്തായി കാണുന്ന ബഹുനില കെട്ടിടവും റോഡിന് കുറുകെ കാണുന്ന ഫ്‌ളൈഓവറും കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ ഗൂഗിള്‍ ലെന്‍സില്‍ തിരഞ്ഞത്. ഇതില്‍ നിന്ന് ദൃശ്യങ്ങളിലുള്ള ഫ്‌ളാറ്റ് ഗീതാ നഗര്‍ കോംപ്ലക്‌സ് ആണെന്നും സമീപത്തുള്ള മേല്‍പ്പാലം മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറാണെന്നും വ്യക്തമായി. ഈ സൂചനകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ യഥാര്‍ഥ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിച്ചു. വൈറല്‍ വിഡിയോയും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ലൊക്കേഷനും തമ്മിലുള്ള താരതമ്യം

പൂജാ നഗര്‍ റോഡില്‍ നിന്ന് മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിലേക്ക് വരുമ്പോള്‍ മസ്ജിദ് ഉമര്‍ റോഡിനടുത്തുള്ള ഭാഗത്ത് വച്ചാണ് വൈറല്‍ വിഡിയോ ആരംഭിക്കുന്നത്. റോഡിന് ഇടതുവശത്തായി റെയില്‍പാളമാണ്.
വിഡിയോയെപ്പറ്റിയുള്ള വിവരം ഉറപ്പിക്കുന്നതിനായി ഞങ്ങള്‍ ഇന്ത്യാ ടുഡേയുടെ മുംബൈ പ്രതിനിധിയായ സാക്കിര്‍ മിസ്ത്രിയെ കോണ്‍ടാക്ട് ചെയ്തു. ഈ വിഡിയോ മുംബൈയിലെ മീരാ ഭയന്ദര്‍ മേഖലയില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ വെസ്റ്റേണ്‍ റെയില്‍വേ ലൈനിലെ പാസഞ്ചര്‍ സ്റ്റേഷനായ മീരാ റോഡ് റെയില്‍വേ സ്റ്റേഷന് (MIRA) സമാന്തരമായി പോകുന്ന റോഡില്‍ നിന്നാണ് ഇത് ചിത്രീകരിച്ചിട്ടുള്ളതെന്ന് സാക്കിര്‍ മിസ്ത്രി വ്യക്തമാക്കി.
അതേസമയം, വൈറല്‍ വിഡിയോ ജനുവരി ആദ്യവാരം മുതല്‍ പ്രചാരത്തിലുണ്ടെങ്കിലും ഇത് ചിത്രീകരിച്ച യഥാര്‍ഥ തീയതി ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. എന്നിരുന്നാലും വിഡിയോ ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ളതല്ലെന്ന് വ്യക്തമാണ്. മാത്രമല്ല, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത്തരം ആക്രമണം നടന്നാല്‍ ഉറപ്പായും അത് വാര്‍ത്തയാകും. എന്നാല്‍ ഇത്തരം അക്രമ സംഭവങ്ങളൊന്നും അടുത്തിടെ ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയിലെ നിരത്തുകളില്‍ നിന്ന് പകര്‍ത്തിയതല്ലെന്നും മുംബൈ മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിനു സമീപമുള്ള പൂജാനഗര്‍ റോഡില്‍ നിന്നുള്ള പഴയ ദൃശ്യമാണെന്നും വ്യക്തമായി.
∙ വാസ്തവം
വൈറല്‍ വിഡിയോ ഡല്‍ഹിയില്‍ നിന്നുള്ളതല്ല. മുംബൈ മീരാ ഭയന്ദര്‍ ഫ്‌ളൈ ഓവറിനു സമീപമുള്ള പൂജാനഗര്‍ റോഡില്‍ നിന്നുള്ള പഴയ വിഡിയോയാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)