ADVERTISEMENT

മദ്യമെന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയ യുവതിയുടെ ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മനോരമ ന്യൂസിന്റെ ലോഗോയുള്ള വിഡിയോയിൽ വോയിസ് ഓവറായി കൊല്ലത്ത് മദ്യമെന്ന വ്യാജേന കട്ടൻചായ വിറ്റത് ലിറ്ററിന് 900 രൂപയ്ക്ക് എന്നാണ് പറയുന്നത്. പൊലീസുകാർക്കൊപ്പം നിൽക്കുന്ന ഒരു യുവതിയെ വിഡിയോയിൽ കാണാം.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ദൃശ്യത്തിൽ മറ്റൊരു വാർത്തയുടെ വോയിസ് ഓവർ ചേർത്ത് പ്രചരിപ്പിക്കുകയാണ്.

∙ അന്വേഷണം

"കട്ടൻ ചായ വിൽക്കൽ ഒരു തെറ്റ് ആണോ..കുടിയന്മാർ പതിയെ കുടി നിർത്തട്ടെ എന്ന് കരുതി ആയിരിക്കും" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

image_1

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ തുടക്കത്തിൽ തന്നെ ആലുവ റെയിൽവേ സ്റ്റേഷൻ കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, വോയിസ് ഓവറിൽ പറയുന്നത് കൊല്ലത്ത് വിദേശമദ്യം എന്ന രീതിയിൽ കട്ടൻചായ വിൽപ്പന നടത്തി എന്നാണ്. ഇതിൽ നിന്നും വിഡിയോ എഡിറ്റ് ചെയ്തതായിരിക്കാമെന്ന സൂചന ലഭിച്ചു. തുടർന്ന് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ സമാനമായ വിഡിയോ മനോരമ ന്യൂസിന്റെ യൂട്യബ് ചാനലിലും ഫെയ്‌സ്ബുക് പേജിലും പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. "ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ; കൊച്ചിയിൽ യുവതി പിടിയിൽ" എന്ന തലക്കെട്ടോടെ 2024 ജൂൺ 19നാണ് മനോരമ ന്യൂസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വിഡിയോ ചുവടെ കാണാം.

പിന്നീട് നടത്തിയ കീവേഡ് സെർച്ചിലൂടെ എംഡിഎംഎയുമായി യുവതി പിടിയിലായത് സംബന്ധിച്ച് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. ഒരു കിലോ എംഡിഎംഎയുമായി പിടിയിലായ ബംഗളുരു മുനേശ്വര നഗർ സ്വദേശി സർമീൻ അക്തറാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന രാസലഹരി ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചാണ് ഡൽഹിയിൽ നിന്നും കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മനോരമ ഓൺലൈൻ റിപ്പോർട്ട് ഇവിടെ വായിക്കാം.

പിന്നീട് ഞങ്ങൾ അന്വേഷിച്ചത് വൈറൽ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന വോയിസ് ഓവറിനെ കുറിച്ചാണ്. മദ്യമെന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയെന്നാണ് വോയിസ് ഓവറിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഫോക്കസ് ടിവി എന്ന ഫെയ്‌സ്ബുക് പേജിൽ പങ്കുവച്ച വാർത്ത ലഭ്യമായി. "കൊല്ലത്ത് വിദേശമദ്യം എന്ന വ്യാജേന കട്ടൻചായ വിറ്റത് ലിറ്ററിന് 900 രൂപയ്ക്ക്..." എന്ന് തുടങ്ങുന്ന വാർത്തയിലെ ഓഡിയോയാണ് വൈറൽ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി. ഫോക്കസ് ടിവി 2020 ആഗസ്റ്റ് 4ന് പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റ്  കാണാം.

വിദേശമദ്യം എന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് ന്യൂസ്18 മലയാളവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം അഞ്ചാലുംമൂട്ടിലെ ഒരു ബാറിന് സമീപമാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തട്ടിപ്പിനിരയായ യുവാക്കൾ എക്സൈസ് സംഘത്തിന് പരാതി നൽകി. ബാറിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തിയ എക്സൈസ് യുവാക്കളെ പറ്റിച്ച ആളുകളെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കബളിപ്പിക്കൽ ആയതിനാൽ കേസെടുക്കാൻ നിര്‍വാഹമില്ലെന്നാണ് എക്സൈസ് അറിയിച്ചിരിക്കുന്നതെന്നും മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള വിഡിയോ എഡിറ്റ് ചെയ്തതാണെന്നും വിഡിയോയിലുള്ളത് മദ്യമെന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയതിന് അറസ്റ്റിലായ യുവതിയല്ലെന്നും വ്യക്തമായി.

∙ വാസ്തവം

മദ്യമെന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയതിന് പിടിയിലായ യുവതിയുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഡിറ്റഡാണ്. 2024 ജൂൺ 19ന് കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ദൃശ്യമാണിത്. മദ്യമെന്ന വ്യാജേന കട്ടൻചായ വിൽപ്പന നടത്തിയ സംഭവം 2020 ആഗസ്റ്റിൽ കൊല്ലത്താണ് നടന്നത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Edited video falsely claims chai sale as alcohol arrest. The viral clip is from a 2024 Kochi MDMA arrest, unrelated to a separate 2020 Kollam incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com