സോഷ്യൽ മീഡിയ യുദ്ധക്കളം; പുഷ്പന്റെ പേരിൽ സ്വകാര്യ സർവകലാശാലയോ? | Fact Check

Mail This Article
സ്വകാര്യ സർവകലാശാലകൾക്കു പ്രവർത്തനാനുമതി നൽകാനുള്ള ബിൽ നിയമസഭയിൽ അംഗീകരിക്കാനിരിക്കെ ആദ്യ സ്വകാര്യ സർവകലാശാലയുടെ പേരിനെ ചൊല്ലിയുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിട്ടുണ്ട്. പുഷ്പൻ പ്രൈവറ്റ് യൂണിവേഴ്സിറ്റി എന്നാണ് കേരളത്തിൽ ആരംഭിക്കാൻ പോകുന്ന ആദ്യ സ്വകാര്യ സർവകലാശാലയുടെ പേരെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ പ്രചാരണമാണ്. വാസ്തവമറിയാം.

∙ അന്വേഷണം
ട്രോൾ രൂപത്തിലും എഐ നിർമ്മിത ചിത്രങ്ങൾ ഉൾപ്പെടെയുമാണ് പ്രചരിക്കുന്ന പോസ്റ്റുകളേറെയും. 'അങ്ങനെ കേരളത്തിലെ ആദ്യത്തെ സ്വകാര്യ സർവകലാശാലക്ക് പേരായി' എന്നാണ് പ്രചരിക്കുന്ന ഒരു ചിത്രത്തിൽ എഴുതിയിട്ടുള്ളത്. ചില പോസ്റ്റുകളിൽ പുഷ്പൻ മെമ്മോറിയൽ യൂണിവേഴ്സിറ്റിയെന്നും പറയുന്നുണ്ട്. എന്നാൽ, കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ചു.
ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ പോരാടിയ പാർട്ടിയായിരുന്നു സിപിഎം. 1994 നവംബർ 25ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പരുക്കുപറ്റി കിടപ്പിലായ ആളാണ് പുഷ്പൻ. അന്ന്, കൂത്തുപറമ്പിൽ വച്ച് മന്ത്രി എം.വി. രാഘവനെതിരെ കരിങ്കൊടി കാട്ടിയതിനായിരുന്നു പൊലീസ് ആക്രമിച്ചത്.
ഇതുമായി ബന്ധപ്പെടുത്തി, ഇടതുപക്ഷ സർക്കാരിന്റെ നയം മാറ്റത്തെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ ചർച്ചയാക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ പുരോഗതിയാണു സർക്കാരിന്റെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ പ്രതികരണം. സംഭവം ട്രോളാണെങ്കിലും പ്രചാരണം സത്യമാണെന്ന തരത്തിലാണ് പലരും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
∙ വാസ്തവം
കേരളത്തിൽ ആരംഭിക്കാൻ പോകുന്ന ആദ്യ സ്വകാര്യ സർവകലാശാല പുഷ്പന്റെ പേരിലാണ് എന്നത് വ്യാജ പ്രചാരണമാണ്.