ADVERTISEMENT

പൊതുനിരത്തില്‍ ഒരു പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുന്ന യുവാവിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് ദേഷ്യത്തില്‍ സംസാരിക്കുന്നതും പെണ്‍കുട്ടി ഓടിപ്പോകുന്നതും കാണാം. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന അവശനായ യുവാവിന്റെ ദൃശ്യവും ചേര്‍ത്തുവച്ചാണ് പോസ്റ്റ്. ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് നടത്താന്‍ ശ്രമിച്ച മുസ്‌ലിം യുവാവിന്റെ അവസ്ഥയാണിതെന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോയിലുള്ള യുവാവ് മുസ്‌ലിമല്ല, ഹിന്ദുവാണ്.

∙ അന്വേഷണം

'ഉപിയിലെ ലൗജിഹാദിന്റെ അവസ്ഥ ' എന്നുള്ള പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം 

lovejihadfake1

വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2025 ഫെബ്രുവരി 5 ന് മുസഫര്‍നഗറിലെ നയി മാണ്ഡി എന്ന സ്ഥലത്തു നടന്ന സംഭവമാണിത്. റോഡിലൂടെ പോകുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വഴിതടഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് രോഹിത് എന്നയാളെ അറസ്റ്റ് ചെയ്തു. ഭോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിലായത്ത് നഗറിലെ താമസക്കാരനാണ് രോഹിത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരികയാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് രോഹിത് വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പെണ്‍കുട്ടി ഇയാളില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ മുഴുവന്‍ വിഡിയോയും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും വാര്‍ത്തകളിലുണ്ട്. പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത രോഹിത്തിനെ മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ കൊണ്ടുവരുന്ന ദൃശ്യമാണ് വൈറല്‍ വിഡിയോയിലെ രണ്ടാമത്തെ ഭാഗത്തുള്ളത്. 

രോഹിതിന്റെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് പങ്കുവച്ച പോസ്റ്റ് കാണാം.

പ്രതി മുസ്‌ലിമാണോ? പ്രതിയായ രോഹിത്തിന്റെ മതം ഏതാണെന്നറിയാനായി കേസ് രജിസ്റ്റര്‍ ചെയ്ത നയി മാണ്ഡി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് ചന്ദ്രയുമായി ഞങ്ങള്‍ സംസാരിച്ചു. "ഈ കേസില്‍ വര്‍ഗീയ വശമൊന്നുമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രതി രോഹിതിന്റെ പിതാവിന്റെ പേര് സമയ് സിങ് എന്നാണ്. ഇരയും പ്രതിയും ഹിന്ദു സമുദായത്തില്‍പെട്ടവരാണ്. " ഇന്‍സ്‌പെക്ടര്‍ പറഞ്ഞു

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോയിലെ സംഭവത്തിന് യാതൊരു വര്‍ഗീയ വശവുമില്ലെന്ന് വ്യക്തമായി.

ഇന്‍പുട്ട് : സഞ്ജന സക്‌സേന ന്യൂ ഡല്‍ഹി

∙ വാസ്തവം

വൈറല്‍ വിഡിയോ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ളതാണ്. വിഡിയോയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്ന യുവാവ് മുസ്‌ലിമല്ല, ഹിന്ദുവാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Viral video from Muzaffarnagar shows a young woman being harassed. The individual harassing the woman in the video is identified as a Hindu, refuting earlier claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com