മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവുണ്ടോ? വാസ്തവമറിയാം

Mail This Article
രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി 'സീനിയർ സിറ്റിസൺ ടിക്കറ്റ് ഡിസ്കൗണ്ട്' എന്നൊരു പുതിയ നയം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചുവെന്ന് വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇത് പ്രകാരം, മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ് ലഭ്യമാകുമെന്നാണ് അവകാശവാദം. ഇളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ, ഇളവ് പരിധികൾ, ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾപ്പെടെയാണ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം. പ്രചരിക്കുന്ന പോസ്റ്റിൻറെ ആർക്കൈവ് ലിങ്ക്
അന്വേഷണം
ഇതേ ഉള്ളടക്കം പല ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. സന്ദേശത്തിൽ പറയുന്നത് പ്രകാരം, ഓൺലൈനായോ റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ നേരിട്ട് ചെന്നോ ഇളവിനായി അപേക്ഷിക്കാം. ചില സ്പെഷ്യൽ ട്രെയിൻ ഒഴികെ ബാക്കി എല്ലാ ട്രെയിൻ ടിക്കറ്റുകളിലും ഈ ഇളവ്‍ ബാധകമാണെന്നും തത്കാൽ ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല എന്നും പറയുന്നുണ്ട്. ഇതിൽ, മുതിർന്ന പുരുഷന്മാർക്കുള്ള യോഗ്യതാ പ്രായമായി പറയുന്നത് 60 വയസ്സും സ്ത്രീകൾക്ക് 58 വയസ്സുമാണ്. പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയും ഐഡി കാർഡും (ആധാർ കാർഡ്/പാൻ കാർഡ്/പാസ്‌പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐഡി കാർഡ്/പെൻഷൻ പാസ്‌ബുക്ക്) ബുക്കിങ്ങ് സമയത്ത് ആവശ്യമാണെന്ന് ഇതിൽ പറയുന്നു.
സന്ദേശത്തിലെ പുതിയ നയത്തിൻറെ അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കാൻ പോകുന്ന ഇളവുകൾ ഇപ്രകാരമാണ്,
സ്ലീപ്പർ ക്ലാസ്: 50% കിഴിവ്
എസി 3-ടയർ: 40% കിഴിവ്
എസി 2-ടയർ: 35% കിഴിവ്
എസി ഫസ്റ്റ് ക്ലാസ്: 30% കിഴിവ്
ജനറൽ, സെക്കൻഡ് സിറ്റിംഗ്: 45% കിഴിവ്
ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്. ഇളവ് ലഭിക്കുന്നതിന് പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ടിക്കറ്റ് പരിശോധനയ്ക്കിടെ ആ രേഖ കൈവശമുണ്ടായിരിക്കണം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ ഇളവ് ലഭ്യമാകൂ. വിദേശ പൗരന്മാർക്കില്ല. കൂടാതെ, മുതിർന്ന പൗരനോടൊപ്പം യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാർക്ക് ഈ ഇളവ് ലഭിക്കില്ലെന്നും പറയുന്നുണ്ട്. ആവശ്യമെങ്കിൽ, സ്റ്റേഷനുകളിൽ വീൽചെയർ സൗകര്യവും അടിയന്തര സാഹചര്യങ്ങളിൽ ട്രെയിനിൽ വൈദ്യസഹായവും ലഭ്യമാണെന്ന ആനുകൂല്യവും ഇതിൻറെ ഭാഗമാണ്. മുതിർന്ന പൗരന്മാർക്ക് ഈ സേവനം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
പരിശോധിച്ചപ്പോൾ, ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ പുതിയ നയങ്ങൾ പ്രഖ്യാപിച്ചതായി കണ്ടെത്തിയില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ഈ അടുത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന്, ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക സൈറ്റിൽ ഇളവുകൾ സംബന്ധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ചു. ഇതിൽ മുതിർന്ന പൗരന്മാർക്ക് ഇളവുകളുള്ളതായി എഴുതിയിട്ടില്ല. വിദ്യാർത്ഥികൾക്കും, ഇവരുടെപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കും, രോഗികൾക്കുമാണ് നിലവിൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉള്ളത്. 2022 ഒക്റ്റോബർ 21 മുതൽ ബാധകമായിട്ടുള്ളതാണിത്. ഇതിന് ശേഷം മാറ്റങ്ങൾ സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.
കോവിഡ്–19ന് മുൻപ് ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ട്, ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര സർക്കാർ എടുത്തുമാറ്റി. ഇത് സംബന്ധിച്ച വാർത്തകൾ അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ഈ ആനുകൂല്യം പുനസ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങളും ജനപ്രതിനിധികളും നിരവധി തവണ ഉയർത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ, അവ ഇതുവരെയും ഫലം കണ്ടിട്ടില്ല.
ഒരു യാത്രയുടെ ആകെ ചെലവിന്റെ 45 ശതമാനം തുക മാത്രമാണ് യാത്രക്കാരിൽ നിന്ന് റെയിൽവേ ഈടാക്കുന്നത്. അതിനാലാണ് ഈ ഇളവ് പുനസ്ഥാപിക്കാത്തത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് റെയിൽവേയുടെ പ്രതികരണം.
മുൻപും മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്ക് ഇളവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിട്ടുണ്ട്. അന്ന്, മനോരമ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്കുകൾ വായിക്കാം,
വാസ്തവം
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകുന്നില്ല. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്.