ADVERTISEMENT

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷേത്രസ്വത്ത് വകമാറ്റി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി പിരിച്ചെടുത്ത 445 കോടി രൂപയില്‍ നിന്ന് 330 കോടി രൂപ ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കിയെന്ന് വിവാരവകാശ രേഖ വ്യക്തമാക്കുന്നതായാണ് പോസ്റ്റുകളില്‍ പറയുന്നത്. സിഎന്‍എന്‍ ന്യൂസ് 18 സ്‌ക്രീന്‍ഷോട്ടും ഫെയ്‌സ്ബുക് പോസ്റ്റില്‍ കാണാം. എന്നാല്‍, വൈറല്‍ പോസ്റ്റുകളിലുള്ളത് വിവരാവകാശ രേഖ സംബന്ധിച്ച റിപ്പോര്‍ട്ടല്ലെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടകയിലെ 2024-25 വര്‍ഷത്തെ ബജറ്റ് വിഹിതം സംബന്ധിച്ച വാര്‍ത്തയാണിത്. നിയമപ്രകാരം ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിക്കാന്‍ സാധിക്കില്ല.

∙ അന്വേഷണം

"കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നികുതി ചുമത്തി, ഹിന്ദുക്കളില്‍ നിന്ന് കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ 445 കോടി രൂപ പിരിച്ചെടുത്തു. അതില്‍ 330 കോടി രൂപ മുസ്‌ലിം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും സംഭാവനയായി നല്‍കി...?? CNN ന്യൂസ് അതിന്റെ മുഴുവന്‍ വിവരങ്ങളും RTI വഴി വെളിപ്പെടുത്തി " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

karnataka_b

വൈറല്‍ പോസ്റ്റിലുള്ള സിഎന്‍എന്‍ സ്‌ക്രീന്‍ഷോട്ടാണ് ആദ്യം ഞങ്ങള്‍ പരിശോധിച്ചത്. കീവേര്‍ഡ് സെര്‍ച്ചിലൂടെ 2024 ഫെബ്രുവരി 14ന് സിഎന്‍എന്‍ ന്യൂസ് 18 നല്‍കിയ സമാനമായ റിപ്പോര്‍ട്ട് ലഭ്യമായി. ഫെബ്രുവരി 16ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സംബന്ധിച്ച വിശകലനമാണ് വാര്‍ത്തയിലുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചതെന്ന് ആരോപിച്ച് ബിജെപി എംഎല്‍എമാര്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം നടത്തുന്ന രംഗവും റിപ്പോര്‍ട്ടിലുണ്ട്. "കര്‍ണാടക രാഷ്ട്രീയം  വിവാദങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വികസനത്തിന് കര്‍ണാടക ബജറ്റ് ഫണ്ട് അനുവദിച്ചു" എന്ന തലക്കെട്ടിനൊപ്പം ന്യൂസ് 18 യുട്യൂബ് പേജില്‍ പങ്കുവച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ കാണാം. ഇതില്‍ നിന്ന് വിവരാവകാശ രേഖയല്ല 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച വാര്‍ത്തയാണിതെന്ന് വ്യക്തമാണ്.

∙ ബജറ്റ് വിഹിതം

കര്‍ണാടക സര്‍ക്കാരിന്റെ 2024-25 വര്‍ഷത്തെ ബജറ്റിന്റെ വിശദാംശങ്ങളാണ്  ഞങ്ങള്‍ പിന്നീട് പരിശോധിച്ചത്. മംഗലാപുരത്ത് ഹജ്ജ് ഭവന്‍ നിര്‍മാണത്തിനായി 10 കോടി, ജൈന ക്ഷേത്രങ്ങള്‍ക്ക് 50 കോടി, ക്രിസ്ത്യന്‍ സമുദായത്തിന്റെ വികസനത്തിനായി 200 കോടി എന്നിങ്ങനെ ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.

അതേസമയം, ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയും ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വാരണാസി (5 കോടി), തിരുമല(200 കോടി), ശ്രീശൈല (85 കോടി), ഗുഡ്ഡാപുര്‍ (11 കോടി) എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ നിര്‍മിക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്ക് പണം അനുവദിച്ചതായും ബജറ്റ് രേഖയിലുണ്ട്. ഇവ സംബന്ധിച്ച് ബജറ്റിലുള്ള പ്രസക്ത ഭാഗങ്ങള്‍ കാണാം.

untitled_design_74

∙ ക്ഷേത്രങ്ങളുടെ തുക വകമാറ്റാമോ?

അടുത്തതായി ഞങ്ങള്‍ പരിശോധിച്ചത് നടവരുമാനം ഉള്‍പ്പെടെ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിക്കാന്‍ സാധിക്കുമോ എന്ന വിവരമാണ്. കര്‍ണാടക സംസ്ഥാനത്ത് നിലവിലുള്ള ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട്, 1997 പ്രകാരം ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രങ്ങള്‍ക്കോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമേ വിനിയോഗിക്കാന്‍ സാധിക്കൂ. ഇത് വകമാറ്റി ചെലവഴിക്കാന്‍ നിയമപ്രകാരം സാധ്യമല്ല. നിയമത്തിലെ 18 മുതല്‍ 22 വരെയുള്ള വകുപ്പുകള്‍ ധനവിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

∙ വകുപ്പ് മന്ത്രിയുടെ വിശദീകരണം

ക്ഷേത്രങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയും അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം വിതരണം ചെയ്യുകയുമാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നതെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ വിവരമാണെന്നും നിയമപ്രകാരം ക്ഷേത്രങ്ങളുടെ പണം വകമാറ്റാന്‍ സാധിക്കില്ലെന്നും വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി എക്‌സ് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം ന്യൂനപക്ഷങ്ങള്‍ക്കായി വകമാറ്റിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറല്‍ പോസ്റ്റിലുള്ള റിപ്പോര്‍ട്ട് വിവരാവകാശ രേഖയല്ല, 2024-25ലെ കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്ത് നിലവിലുള്ള ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ട് 1997 പ്രകാരം ക്ഷേത്രസ്വത്ത് വകമാറ്റാന്‍ സാധിക്കില്ല.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Misinformation regarding Karnataka government diverting temple funds to minorities is circulating. Fact-checks reveal this claim to be false and misleading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com