അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ അതിർത്തിയിൽ കാത്തിരിക്കുന്ന ബംഗ്ലദേശികൾ ;ചിത്രത്തിന്റെ യാഥാർഥ്യമിതാണ് | Fact Check

Mail This Article
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയ ശേഷവും ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് കടക്കാനായി ബംഗ്ലദേശ് അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്നു എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ നിന്ന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നാണ് പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം.
∙ അന്വേഷണം
കീവേർഡുകളുടെ പരിശോധനയിൽ വൈറൽ സന്ദേശം മുൻപും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി.
വൈറൽ ചിത്രം റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ വൈറൽ ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു ഹ്രസ്വ വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്.
India-Bangladesh Milan Mela 15 April 2018 എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള ക്യാപ്ഷൻ.ഈ സൂചനയിൽ നിന്ന് മിലാൻ മേളയെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ പശ്ചിമ ബംഗാളിലെ രണ്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഔട്ട്‌പോസ്റ്റുകളിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്. ചൈത്ര സംക്രാന്തി ദിനത്തിൽ ഇരുരാഷ്ട്രങ്ങളുടെയും അനുമതിയോടെ സമ്മാനങ്ങൾ കൈമാറാൻ സൗഹൃദം പുതുക്കാനും ഇന്ത്യ–ബംഗ്ല പൗരന്മാർ ഒത്തുചേരുന്ന ചടങ്ങു കൂടിയാണ് മിലൻ മേള. ബംഗാളി കലണ്ടറിലെ അവസാന മാസമായ ചൈത്ര മാസത്തിലെ അവസാന ദിവസമാണ് ചൈത്ര സംക്രാന്തി. ഇരുരാജ്യങ്ങളിലുമുള്ള ബന്ധുക്കളെ കണ്ടുമുട്ടാൻ നിരവധി ആളുകൾ എത്തുന്നതിനാൽ ബി.എസ്.എഫ് ജവാൻമാരും ബംഗ്ലാദേശിലെ ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബി.ജി.ബി) സഹകരിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. നോർത്ത് ബംഗാൾ അതിർത്തിയിലെ ഈ പ്രദേശം ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണെന്നും ചില സുരക്ഷാ കാരണങ്ങളാൽ 2023 മുതൽ ഈ പരിപാടി നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിൽ വൈറൽ വിഡിയോയിലെ അതേ ദൃശ്യങ്ങൾ ഉൾപ്പെട്ട മറ്റ് ചില വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വർഷങ്ങൾക്കു മുൻപ് നടന്ന മിലാന്‍ മേളയിൽ നിന്നുള്ള ദൃശ്യമാണെന്ന് വ്യക്തമായി.
∙ വസ്തുത
ബംഗ്ലദേശിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യമല്ല വൈറൽ ചിത്രത്തിലുള്ളത്. വർഷങ്ങൾക്കു മുൻപ് നടന്ന മിലാന്‍ മേളയിൽ നിന്നുള്ള ദൃശ്യമാണ് തെറ്റിദ്ധാരണപരമായി പ്രചരിക്കുന്നത്.