തലശ്ശേരിയിൽ ലിബിനയുടെ ചെവിയിൽ കയറിയ പാമ്പ്! ഞെട്ടിക്കുന്ന വിഡിയോയുടെ യാഥാർഥ്യം | Fact Check

Mail This Article
ഒരു സ്ത്രീയുടെ ചെവിയിൽ കയറിയക്കൂടിയ ജീവനുള്ള പാമ്പിനെ വലിച്ചു പുറത്തെടുക്കുന്ന അതിഭീകരമായ വിഡിയോ . ഒരു തവണ കാണുന്നവർ വീണ്ടും അത് കാണാതെ കണ്ണടയ്ക്കും. ഇത്തരത്തിലൊന്നാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.എന്നാൽ ചെവിയിൽ കയറിക്കൂടിയ ആ കൊടുംഭീകരനെ കണ്ണുമടച്ചങ്ങു വിശ്വസിക്കേണ്ട. വിഡിയോ വ്യാജമാണെന്ന് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം സ്വന്തം വീട്ടിൽ കട്ടിലിൽ കിടന്നതായിരുന്നു ഫയർഫോഴ്‌സ്, ഫോറെസ്റ്റ് കാരും ചേർന്നാണ് പാമ്പിനെ പുറത്ത് എടുത്തത്. ഭാഗ്യത്തിന് കടിയേറ്റില്ല പുറത്തെടുത്തു മണിക്കൂർകൾക്ക് അകം പാമ്പ് (വള്ളിക്കട്ടൻ അഥവാ വളയാരപ്പൻ) ചത്തു. പകൽ ഉറങ്ങുന്നവർ ഒന്ന് ശ്രദ്ധികുക പുറത്തു ചൂട് കൂടുമ്പോൾ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്ക് വരും എല്ലാവരും വീടിനു ചുറ്റും മണ്ണെണ്ണ ഡീസൽ എന്നിവ തെളിക്കുവാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ ഗ്ലൗസ് ധരിച്ച കൈകൾ കൊണ്ട് ഒരു സ്ത്രീയുടെ ചെവിയിൽ നിന്ന് തല പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലുള്ള ഒരു പാമ്പിനെ ഫോർസെപ്‌സ് ഉപയോഗിച്ച് പുറത്തേയ്ക്ക് വലിച്ചെടുക്കാൻ ശ്രമിക്കുന്നതായാണ് വൈറൽ വിഡിയോയിലുള്ളത്.
കീവേർഡുകളുടെ പരിശോധനയിൽ ഇതേ അവകാശവാദത്തോടെ നിരവധിപേർ വൈറൽ വിഡിയോ പങ്ക്‌വച്ചതായി കണ്ടു. ഇത്ര വലുപ്പമുള്ള പാമ്പ് ചെവിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടോയെന്നും ഇത്തരത്തിൽ തല പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന തരത്തിൽ പാമ്പിനെ കാണപ്പെടുമോയെന്നുമുള്ള സംശയങ്ങൾ വിഡിയോ വ്യാജമാകാമെന്ന സൂചനകൾ നൽകി. സ്ത്രീയുടെ മുഖം വ്യക്തമല്ലാത്ത വിഡിയോ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഫോർസെപ്സ് ഉപയോഗിക്കുമ്പോൾ മാത്രമാണ് പാമ്പ് അനങ്ങുന്നതെന്നും വ്യക്തമായി.
കൂടാതെ തലശ്ശേരിയിൽ ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കിൽ അത് വലിയ വാർത്തയാകുമായിരുന്നു. എന്നാൽ ഇത്തരമൊരു സംഭവം നടന്നതായി എവിടെയും റിപ്പോർട്ടുകളോ മാധ്യമവാർത്തകളോ പുറത്തു വന്നിട്ടില്ല.
പ്രചരിക്കുന്ന വിഡിയോയുടെ ഉറവിടത്തെക്കുറിച്ച് പരിശോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച മറ്റൊരു വിഡിയോ ലഭിച്ചു. ഈ വിഡിയോയിലും വൈറൽ വിഡിയോ ദൃശ്യങ്ങളിലെ സ്ത്രീ തന്നെയാണുള്ളത്. എന്നാൽ, ചെവിയിൽനിന്ന് പുറത്തേക്ക് നിൽക്കുന്നത് പാമ്പിന്റെ വാൽഭാഗമാണ്, തലയുടേതല്ല ഈ വിഡിയോയിലുള്ളത്. മുമ്പും ഇത്തരത്തിൽ ചിത്രീകരിച്ച നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സ്ഥിരീകരണത്തിനായി ഞങ്ങൾ കണ്ണൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയപ്രകാശുമായി സംസാരിച്ചു. ഇത്തരമൊരു സംഭവം തലശ്ശേരിയിലെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. സന്ദേശത്തിൽ പറയുന്നത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ എന്ന പാമ്പാണ് ചെവിയിൽ കയറിയതെന്നാണ്. അതും വ്യാജമാണ്. ചിത്രത്തിലുള്ളത് വെള്ളിക്കെട്ടനല്ല. നീർക്കോലി ഇനത്തിൽപ്പെട്ട പാമ്പാണ്. കൂടാതെ വൈറൽ വിഡിയോയിലുള്ള വ്യക്തി ഫോർസെപ്സ് ഉപയോഗിച്ച് തട്ടുമ്പോൾ മാത്രമാണ് വിഡിയോയിലുള്ള പാമ്പ് അനങ്ങുന്നത്. ഒരു പാമ്പ് ചെവിയിൽ കയറിയാൽ അത് ഉൾക്കൊള്ളാനുള്ള ഇടം ചെവിക്കുണ്ടാകില്ല. ചെവിക്കകത്ത് ഇത്തരത്തിലൊന്ന് കയറിയാൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതയും ദൃശ്യങ്ങളിലുള്ള സ്ത്രീ കാണിക്കുന്നില്ല. ഒന്നുകിൽ യഥാർഥ പാമ്പിനെ രണ്ടായി മുറിച്ച് ഇതിന്റെ ഒരു ഭാഗം മാത്രം ചെവിയിൽ തിരുകിയാണ് വിഡിയോ എടുത്തിട്ടുള്ളത്. അതുമല്ലെങ്കിൽ വിഡിയോയിലുള്ളത് റബ്ബർ നിർമിതമായ പാമ്പാകാമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പ് കൺസർവേറ്റീവ് ഓഫീസറായ അൻവറുമായും ഞങ്ങൾ സംസാരിച്ചു. പാമ്പിനെ രണ്ടായി മുറിച്ച് തലയും വാലുമുപയോഗിച്ച് നിർമിച്ച വിഡിയോയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാമ്പിനെ മുറിച്ചാലും കുറച്ചു സമയംവരെ അതിന് ചലിക്കാനാകും. ഇത്തരത്തിലായിരിക്കാം ചെവിക്കുള്ളിലുള്ള പാമ്പിന്റെ ഭാഗങ്ങൾ അനങ്ങുന്നതായി കാണുന്നത്. അദ്ദേഹം പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് സ്ത്രീയുടെ ചെവിയിൽ കയറിയക്കൂടിയ ജീവനുള്ള പാമ്പിനെ വലിച്ചു പുറത്തെടുക്കുന്നെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് വ്യക്തമായി.
∙ വാസ്തവം
സ്ത്രീയുടെ ചെവിയിൽ കയറിയക്കൂടിയ ജീവനുള്ള പാമ്പിനെ വലിച്ചു പുറത്തെടുക്കുന്ന വിഡിയോ യഥാർഥ സംഭവമല്ല.